മത്ര: കനത്ത മഴയില്‍ വിറങ്ങലിച്ച് മത്ര സൂഖ്. വ്യാഴാഴ്ച രാവിലെ തെളിഞ്ഞ അന്തരീക്ഷത്തിലാണ് സൂഖ് തുറന്ന് പ്രവർത്തിച്ചത്. ഒമാനിലെ കാലാവസ്ഥ വ്യതിയാന മുന്നറിയിപ്പിന്റെ ഭാഗമായി ശക്തമായ മഴയുണ്ടാകുന്ന ഇടങ്ങളില്‍ ഇത്തവണ മസ്കത്തും ഇടം പിടിച്ചതിനാല്‍ മഴ ഏത് സമയത്തും സൂഖിലെ കച്ചവടക്കാര്‍ പ്രതീക്ഷിച്ചിരുന്നു. ഉച്ചക്ക് ശേഷമാണ് മഴ ഉണ്ടാകുക എന്ന് കാലാവസ്ഥ മുന്നറിയിപ്പിൽ പ്രതീക്ഷയര്‍പ്പിച്ചുള്ള മുന്നൊരുക്കങ്ങളാണ് കച്ചവടക്കാര്‍ നടത്തിയത്. വാരാന്ത്യ ദിനമായതിനാല്‍ പതിവുപോലെ അത്യാവശ്യം ഉപഭോക്താക്കൾ രാവിലെ തന്നെ സൂഖില്‍ എത്തിയിരുന്നു. സമാന്യം തരക്കേടില്ലാത്ത വിധം കച്ചവടം പുരോഗമിക്കവേയാണ് പൊടുന്നനെ ഉച്ചക്ക് 12 പിന്നിട്ടതോടെ ഇടിയോടൊപ്പം മഴ വര്‍ഷിച്ചത്. ആഡംബര കപ്പലുകൾ വന്നതിനാല്‍ വിദേശ സഞ്ചാരികളും സൂഖില്‍ ധാരാളമുണ്ടായിരുന്നു. സകല കച്ചവട പ്രതീക്ഷകളെയും നനഞ്ഞ് കുതിര്‍ത്ത നിലയില്‍ സ്ഥാപനങ്ങള്‍ അടക്കുകയായിരുന്നു. ടൂറിസ്റ്റുകളുടെ കച്ചവടം നടക്കാറുള്ള പോര്ബമ്പ സൂഖിലൂടെ വെള്ളം ഒഴുകിയതും വിനയായി. അതു കൊണ്ടുതന്നെ വാരി വലിച്ചിട്ടെന്ന നിലയിലാണ് കടകള്‍ അടച്ച് മധ്യാഹ്ന വിശ്രമത്തിന് പോയത്. വൈകീട്ടും മഴ മുന്നറിയിപ്പ് നില നില്ക്കുന്നതിനാല് സൂഖ് ഭാഗികമായി മാത്രമേ തുറന്ന് പ്രവർത്തിച്ചുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.