മസ്കത്ത്: രാജ്യത്തിന്റെ 54ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി വിവിധ ലോകനേതാക്കൾ, രാജാക്കൻമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സുൽത്താൻ ഹൈതം ബിൻ താരിഖിന് ആംശസകൾ നേർന്നു. സുൽത്താന്റെ വിവേകപൂർണമായ ഭരണത്തിനുകീഴിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ അഭിനന്ദിക്കും സുൽത്താനും ഒമാനിലെ ജനങ്ങൾക്കും കൂടുതൽ നന്മകൾ കൈവരിക്കട്ടെയെന്നും ആംശസ സന്ദേശത്തിൽ നേതാക്കൾ പറഞ്ഞു.
ദേശീയ ദിനം ആഘോഷിക്കുന്ന സൗഹൃദ രാഷ്ട്രമായ ഒമാന് ഖത്തർ അമീർശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി ആശംസ നേർന്നു. കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ് മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ് മദ് അസ്സബാഹ് എന്നിവരും ആശംസ സന്ദേശമയച്ചു.
കുവൈത്തും ഒമാനും തമ്മിലുള്ള ദൃഢവും ചരിത്രപരവുമായ ബന്ധത്തെയും സുൽത്താന്റെ ജ്ഞാനപൂർവകമായ നേതൃത്വത്തിൽ ഒമാൻ കൈവരിച്ച മികച്ച നേട്ടങ്ങളെയും സന്ദേശത്തിൽ അമീർ അഭിനന്ദിച്ചു. ഒമാൻ സുൽത്താന് നല്ല ആരോഗ്യവും അദ്ദേഹത്തിന്റെ നേതൃത്വത്തിനുകീഴിൽ ഒമാന് കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും അമീർ ആശംസിച്ചു.
ഒമാൻ സുൽത്താന് ആയൂരാരോഗ്യങ്ങൾ നേർന്ന കിരീടാവകാശി രാജ്യത്ത് കൂടുതൽ സമൃദ്ധികൈവരട്ടെയെന്നും സൂചിപ്പിച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ് മദ് അസ്സബാഹും സന്ദേശത്തിൽ സമാനമായ ആശംസകൾ നേർന്നു.
ഒമാനിലെ രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, സുൽത്താന്റെ സായുധ സേനാ കമാൻഡർമാർ, റോയൽ ഒമാൻ പൊലീസ്, ശൂറ സൗൺസിൽ അംഗങ്ങൾ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ, ഒമാനി അംബാസഡർമാർ, ശൈഖുമാർ തുടങ്ങിയവരിൽനിന്നുള്ള ആശംസ സന്ദേശങ്ങളും സുൽത്താന് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.