മസ്കത്ത്: ലോകകപ്പ് ഏഷ്യൻ മേഖലാ യോഗ്യതാ റൗണ്ടിലെ അഞ്ചാമത്തെ മത്സരത്തിൽ ചൈനക്കെതിരെ സമനിലയിൽ (1-1) അവസാനിച്ചതോടെ ഇനിയുള്ള കളികൾ ഒമാന് നിർണായകമായി. ഷാർജ സ്റ്റേഡിയത്തിൽ നടന്ന എവേ മത്സരത്തിൽ സമനില നേടുക എന്നത് നേട്ടമാണെങ്കിലും ജയിക്കാവുന്ന മത്സരമാണ് ഒമാൻ നഷ്ടപ്പെടുത്തിയത്. അഞ്ചു മത്സരങ്ങളിൽനിന്ന് ഏഴു പോയൻറുമായി ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ് ഒമാൻ. ഇത്രയും മത്സരങ്ങളിൽനിന്ന് 13 പോയൻറ് നേടിയ സൗദി അറേബ്യ ലോകകപ്പ് യോഗ്യത ഏറക്കുറെ നേടിക്കഴിഞ്ഞു. ഇതേ ഗ്രൂപ്പിൽനിന്നും ഒരു ടീമിന് കൂടി നേരിട്ട് അവസരം ലഭിക്കും. നിലവിൽ 10 പോയൻറുള്ള ആസ്ട്രേലിയ, ഒമ്പത് പോയൻറുള്ള ജപ്പാൻ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഇരുഗ്രൂപ്പിലെയും മൂന്നാം സ്ഥാനക്കാർക്ക് പ്ലേ ഓഫ് അവസരം ഉണ്ട്.
ഇതിൽ ജയിക്കുന്ന ടീം ഓഷ്യാന ഗ്രൂപ്പ് ജേതാക്കളുമായി കളിക്കണം. ഒമാെൻറ അടുത്ത മത്സരം നവംബർ 16ന് രാത്രി എട്ടിന് സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിലാണ്.
സെപ്റ്റംബർ രണ്ടിന് ഒസാക്കയിലെ സൈതമാ സ്റ്റേഡിയത്തിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ഒമാൻ ജപ്പാനെ അട്ടിമറിച്ചിരുന്നു. ഇനിയുള്ള മൂന്നു ഹോം മത്സരങ്ങളിൽ ജയിക്കുകയും രണ്ടു എവേ മത്സരങ്ങളിൽ തോൽക്കാതിരിക്കുകയും ചെയ്താൽ ഒമാന് നേരിട്ട് യോഗ്യത നേടാം.
എന്നാൽ, ഹോം മത്സരങ്ങളിൽ രണ്ടെണ്ണം കരുത്തരായ ജപ്പാൻ, ആസ്ട്രേലിയ എന്നീ ടീമുകൾക്ക് എതിരെയാണ് എന്നത് ഒമാെൻറ ചങ്കിടിപ്പ് വർധിപ്പിക്കുന്നു. ഇന്നലെ നടന്ന മത്സരത്തിൽ കളിയുടെ എല്ലാ മേഖലയിലും ഒമാൻ ആധിപത്യം പുലർത്തിയെങ്കിലും ലക്ഷ്യം കാണുന്നതിൽ പരാജയപ്പെട്ടു.
പതിമൂന്നിലധികം ഷോട്ടുകളാണ് ഗോളിലേക്ക് പായിച്ചത്. ചൈനക്കായി വൂ ലീ ഇരുപത്തിയൊന്നാം മിനിറ്റിൽ ഗോൾ നേടി. 75ാം മിനിറ്റിൽ അജ്മൽ അൽ ഹാർത്തിയാണ് ഒമാനായി സമനില ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.