നൂറോളം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളുൾപ്പെടെ 351 അംഗങ്ങളാണ് ലോകസഭയിൽ പങ്കെടുക്കുക
മസ്കത്ത്: ലോക കേരള സഭയുടെ നാലാം സമ്മേളനം വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി നിയമസഭാ മന്ദിരത്തിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കും. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഒമാനിൽനിന്ന് ഒമ്പതുപേരെയാണ് ലോക സഭയിലേക്കു തെരഞ്ഞെടുത്തിട്ടുള്ളത്. വിൽസൺ ജോർജ്, ബാലകൃഷ്ണൻ, ബിന്ദു പാറയിൽ, ഡോ. ജെ. രജത്നകുമാർ, മക്ക ഗ്രൂപ് എം.ഡി. മമ്മൂട്ടി, ഹാല ഗ്രൂപ് എം.ഡി ഷിഹാബ്, ഗാർഹിക തൊഴിലാളി എലിസബത്ത് ജോസഫ് എന്ന മോളി, സലാലയിൽനിന്നുള്ള ഹേമ ഗംഗാധരൻ, പവിത്രൻ കാരായി എന്നിവരാണ് ഒമാനിൽനിന്ന് തെരഞ്ഞെടുത്ത പ്രതിനിധികൾ. എൻ.ആർ.ഐ കമീഷൻ അംഗം പി.എം. ജാബിറും പ്രതിനിധിയായി ഇടം പിടിച്ചിട്ടുണ്ട്. ഇതിനുപുറമെ ഡോ. പി. മുഹമ്മദലി വിശിഷ്ടാതാഥിയായും പങ്കെടുക്കും.
നൂറോളം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളുൾപ്പടെ 351 അംഗങ്ങളാണ് ലോക സംഭയിൽ പങ്കെടുക്കുക. എം.എൽ.എമാർ, എം.പിമാർ, ഇന്ത്യൻ പൗരത്വമുള്ള പ്രവാസി കേരളീയർ, ഇന്ത്യക്കു പുറത്തുള്ളവർ, മറ്റു സംസ്ഥാനങ്ങളിലുള്ളവർ, തിരികെയെത്തിയ പ്രവാസികൾ, തങ്ങളുടെ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രവാസികൾ, ഒ.സി.ഐ കാർഡ് ഉടമകൾ എന്നിവർ ഉൾപ്പെടെയാണിത്. പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക വികസനത്തിനായി പ്രവാസികളെ സംസ്ഥാനവുമായി സമന്വയിപ്പിക്കുന്നതിനും ക്രിയാത്മകമായ നിർദേശങ്ങൾ നൽകുന്നതിനും അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുമുള്ള പൊതുവേദിയാണ് ലോക കേരള സഭ. വ്യത്യസ്ത മേഖലകളിലുള്ള പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ലോക കേരള സഭയുടെ മേഖല സമ്മേളനങ്ങളും നടത്തിയിരുന്നു. കേരള സഭയുടെ മൂന്ന് സമ്മേളനങ്ങളും മൂന്ന് മേഖലാ സമ്മേളനങ്ങളുമാണ് സംഘടിപ്പിച്ചിട്ടുള്ളത്. 2019 ഫെബ്രുവരി 15, 16 ന് ദുബൈയിലും 2022 ഒക്ടോബർ ഒമ്പതിന് ലണ്ടനിലും 2023 ജൂൺ ഒമ്പത്, പത്ത്, 11തീയതികളിൽ ന്യൂയോർക്കിലും മേഖലാ സമ്മേളനങ്ങൾ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.