ദോഹ: ലോകകപ്പിന്‍റെ ആവേശങ്ങളിലേക്ക് ഖത്തറിലെ ആരാധകർക്ക് എണ്ണിത്തുടങ്ങാം. സിരകളിൽ തീപടരുന്ന കളിയാവേശത്തിലേക്ക് ഇനി 200 നാൾ മാത്രം ദൂരം. വിവിധ പരിപാടികളും, ഫാൻ പ്രവർത്തനങ്ങളുമായാണ് ഖത്തർ ലോകകപ്പിനെ വരവേൽക്കുന്നത്. കൗണ്ട്ഡൗണിന്‍റെ ഭാഗമായി ട്രോഫി ടൂറിന് ഇന്ന് ഖത്തറിൽ തുടക്കമാവും. ആറു ദിവസങ്ങളിലായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലാണ് ചാമ്പ്യന്മാർക്കുള്ള ട്രോഫി പ്രദർശനത്തിനെത്തുന്നത്. കഫുവും സിനദിൻ സിദാനും ഫാബിയോ കന്നവാരോയും മുതൽ ഐകർ കസീയസും ഫിലിപ് ലാമും ഹ്യൂഗോ ലോറിസും ഉൾപ്പെടെയുള്ള വിജയ നായകർ കൈയിലേന്തിയ ട്രോഫി അടുത്തു നിന്ന് കാണാനും ചിത്രം പകർത്താനുമുള്ള അവസരമാണ് ആരാധകർക്കിത്.
മുഖ്യാതിഥികളായി ഫുട്ബാൾ താരങ്ങളും വിശിഷ്ട വ്യക്തിത്വങ്ങളും പ്രദർശന ചടങ്ങുകളിൽ സന്നിഹിതരായിരിക്കും. കൂടാതെ ആരാധകർക്കായി വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. മത്സരത്തിൽ വിജയിക്കുന്നവരിൽ തിരഞ്ഞടുക്കപ്പെടുന്നവർക്ക് നവംബർ 21ലെ ഖത്തർ - എക്വഡോർ ഉദ്ഘാടന മത്സരത്തിന്‍റെ ടിക്കറ്റ് സമ്മാനമായി നൽകുകയും ചെയ്യും. മേയ് അഞ്ച് മുതൽ 10 വരെ നടക്കുന്ന പ്രദർശനത്തിൽ വൈകീട്ട് ആറു മുതൽ ഒമ്പതു വരെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.
വ്യാഴാഴ്ച ആസ്പയർ പാർക്ക്, ആറിന് ഇൻഡസ്ട്രിയൽ ഏരിയ ക്രിക്കറ്റ് സ്റ്റേഡിയം, ഏഴിന് ലുസൈൽ മറീന, എട്ടിന് സൂഖ് വാഖിഫ്, ഒമ്പതിന് മുശൈരിബ് ഡൗൺടൗൺ, പത്തിന് കതാറ എന്നിവിടങ്ങളിലാണ് പ്രദർശനം. കഴിഞ്ഞ 13 വർഷത്തിന്‍റെ സമർപ്പിതമായ പരിശ്രമത്തിനൊടുവിലാണ് ഖത്തർ വിജയകരമായി ലോകകപ്പിനെ വരവേൽക്കുന്നതെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി പറഞ്ഞു.
ഖത്തറിനും മേഖലക്കും ചരിത്രത്തിലെ ഏറ്റവും അവിശ്വസനീയമായ ദിനങ്ങളാണ് വരാനിരിക്കുന്നത്. പതിറ്റാണ്ടുകാലമായി വിദൂരമായ സ്വപ്നമായിരുന്നു ലോകകപ്പ്. ഇപ്പോൾ 200 ദിവസം മാത്രം അകലെയെത്തി. എല്ലാ കഠിനാധ്വാനത്തിനും സമർപ്പിതമായ പരിശ്രമത്തിനുമൊടുവിൽ വിജയകരമായ ലോകകപ്പിന് വേദിയൊരുക്കാൻ ഖത്തർ അഭിമാനത്തോടെ തയാറായി -ഹസൻ അൽ തവാദി പറഞ്ഞു. നിരവധി രാജ്യാന്തര മത്സരങ്ങളിലെ അനുഭവ സമ്പത്തുമായി ലോകകപ്പിന് വേദിയൊരുക്കാൻ എല്ല അർഥത്തിലും സജ്ജമായതായി ഡയറക്ടർ ജനറൽ യാസിർ അൽ ജമാൽ പറഞ്ഞു.
കുടിയേറ്റ തൊഴിലാളികൾ അന്തസ്സും അഭിമാനവുമുള്ളവർ -ഫിഫ പ്രസിഡൻറ്
ദോഹ: ഫിഫ ലോകകപ്പ് വേദികളുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളായ തൊഴിലാളികൾ തങ്ങളുടെ കഠിനാധ്വാനത്തിലൂടെ അഭിമാനവും അന്തസ്സും കരസ്ഥമാക്കിയെന്ന് ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ. ഒരു ഗൾഫ് രാജ്യത്താദ്യമായി നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ടൂർണമെൻറ് വേദികളുടെ നിർമാണത്തിൽ പങ്കെടുക്കാനുള്ള അവസരം നൽകുന്നതിലൂടെ തൊഴിലാളികൾ ഏറെ സന്തുഷ്ടരാണെന്നും ഇൻഫാൻറിനോ വ്യക്തമാക്കി. ഖത്തറിലെ മിനിമം വേതന നിയമം പ്രാബല്യത്തിൽ വന്നതിനെ അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ സാമൂഹിക മാറ്റങ്ങളിൽ ലോകകപ്പിന് വലിയ പങ്കുണ്ടെന്നും ഇൻഫാൻറിനോ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.