കലയുടെ കരകൗശലം വിരിയുന്ന വീട്

ദോഹ: ദോഹയില്‍ സന സിഗ്നലിന് സമീപം മുഗളീനയിലെ ഈ വീടകം കാണുമ്പോള്‍ ആര്‍ട്ട് മ്യൂസിയമാണെന്ന് തോന്നുന്നുവെങ്കില്‍ കുറ്റംപറയാനാവില്ല. വിശാലമായ ഹാളിലും വീടിന്‍െറ ഇടനാഴികളിലും നിറഞ്ഞുനില്‍ക്കുന്നത് മനോഹരമായ കലാസൃഷ്ടികള്‍. കടലാസ് തുണ്ടുകളും മുത്തുകളും അടുക്കിവെച്ച് നിര്‍മിച്ച ചിത്രങ്ങള്‍ അല്‍പം ദൂരെ മാറിനിന്ന് നോക്കിയാല്‍ ഹൃദയഹാരിയായ പെയിന്‍റിങ്ങുകളാണെന്നേ പറയൂ. ഫ്ളാറ്റിന്‍െറ സ്വീകരണമുറി ഭംഗിയായി അലങ്കരിച്ചിരിക്കുന്ന ഈ കലാസൃഷ്ടികള്‍ക്ക് പിറക്കുന്നത് ഒരു മലയാളി വീട്ടമ്മയുടെ കരവിരുതില്‍ നിന്നാണ്. തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സ്വദേശിനിയായ നസീമ ശുക്കൂറാണ് ഈ മനോഹര ചിത്രങ്ങള്‍ക്കും ശില്‍പങ്ങള്‍ക്കും രൂപം നല്‍കുന്നത്.

1. കലാസൃഷ്ടികള്‍ ഫ്ളാറ്റിലെ സ്വീകരണമുറിയില്‍, 2. രാജാരവിവര്‍മയുടെ ‘മഹാരാഷ്ട്ര വനിത’ ചിത്രം പുനരാവിഷ്കരിച്ചപ്പോള്‍
 

ചിത്രകലയോ ശില്‍പകലയോ മരുന്നിന് പോലും പഠിച്ചിട്ടില്ലാത്ത അവര്‍ രണ്ട് പതിറ്റാണ്ട് നീണ്ട സ്വയം പരിശ്രമം കൊണ്ടാണ് ഈ കരവിരുത് സ്വയത്തമാക്കിയത്. കാല്‍നൂറ്റാണ്ട് കാലമായി കുടുംബവുമൊത്ത് ദോഹയില്‍ കഴിയുകയണിവര്‍. പ്രവാസി വീട്ടമ്മമാര്‍ നേരിടേണ്ടിവരുന്ന വിരസത അകറ്റാന്‍ തുടങ്ങിയതാണ് കരകൗശല വസ്തുക്കളുടെ നിര്‍മാണം. പാഴ്വസ്തുക്കളില്‍ നിന്ന് പൂക്കള്‍ നിര്‍മിച്ച് അലമാര അലങ്കരിച്ചുകൊണ്ടായിരുന്നു തുടക്കം. ഈ പൂക്കളുടെ മനോഹാരിതയില്‍ ഒളിഞ്ഞുകിടക്കുന്ന പ്രതിഭ കണ്ടത്തെിയ ഭര്‍ത്താവ് അബ്ദുശുക്കൂറും മക്കളായ മുഹമ്മദ് ആസിഫും മുഹമ്മദ് ഹാഫിസും നസീമയെ പ്രോത്സാഹിപ്പിച്ചു. പുതിയ കലാപരീക്ഷണങ്ങള്‍ക്ക് ധൈര്യം നല്‍കിയത് അവരാണ്. അങ്ങിനെയാണ് മുത്തുകളും കടലാസു തുണ്ടുകളും നൂലുകളും കലാസൃഷ്ടികള്‍ രൂപപ്പെടുത്തുന്നതിനുള്ള മാധ്യമമായി മാറിയത്.  
വിഖ്യാത ചിത്രകാരന്‍ രാജാ രവിവര്‍മയുടെ പ്രസിദ്ധമായ ‘മഹാരാഷ്ട്ര വനിത’ എന്ന ചിത്രം മുത്തുകള്‍ കോര്‍ത്ത് രൂപപ്പെടുത്തിയതോടെ നസീമയിലെ കരവിരുതിന് മുമ്പില്‍ പരിചിതരെല്ലാം വിസ്മയിച്ചു. കൃത്യമായ ജ്യോമട്രിയില്‍ ചിത്രത്തിലെ ഇരുളും വെളിച്ചവും ഏഴു നിറങ്ങളുള്ള മുത്തുകള്‍ കൊണ്ട് തുന്നിയെടുക്കുകയായിരുന്നു. ആറ് മാസത്തെ പ്രയത്നത്തിനൊടുവിലാണ് ഒറിജിനലിനെ വെല്ലുന്ന ഈ ചിത്രം രൂപപ്പെടുത്തിയത്. ഒന്നര ലക്ഷത്തിലധികം മുത്തുകളാണ് ഇതിനായി ഉപയോഗിച്ചത്. ഓരോ കലാസൃഷ്ടിയിലും പുതിയതും പഴയതുമായ വ്യത്യസ്ത സങ്കേതങ്ങളാണ് ഉപയോഗിക്കുന്നത്. ഒരിക്കല്‍ ചെയ്തത് പോലൊരു സൃഷ്ടി പിന്നീട് ഉണ്ടാവുന്നില്ല. ഓരോ ചിത്രവും ശില്‍പവും വേറിട്ടുനില്‍ക്കുന്നവയാണ്. 20 വര്‍ഷത്തെ കരകൗശല, ശില്‍പ നിര്‍മാണത്തില്‍ മാസ്റ്റര്‍ പീസ് എന്ന് വിശേഷിപ്പിക്കാവുന്നത് മക്കയിലെ വിശുദ്ധ ഹറമിന്‍െറ ചിത്രമാണ്. കറുത്ത പ്രതലമുള്ള ക്യാന്‍വാസില്‍ ആറ് നിറങ്ങളില്‍ കടലാസ് കഷ്ണങ്ങള്‍ ഒട്ടിച്ചുവെച്ചാണ് വിശുദ്ധഗേഹത്തിന്‍െറ വലിയ ചിത്രം തീര്‍ത്തത്. കഴിഞ്ഞ രണ്ട് വര്‍ഷം ഈ മനോഹര ചിത്രത്തിന്‍െറ പണിപ്പുരയിലായിരുന്നു. നാല് മീറ്റര്‍ വീതിയിലും മൂന്ന് മീറ്റര്‍ ഉയരത്തിലുമായി വീടിന്‍െറ ചുവരില്‍ നിറഞ്ഞുനില്‍ക്കുന്ന വിശുദ്ധ കഅ്ബയുടെ തനിപ്പകര്‍പ്പ് വീട്ടിലത്തെുന്ന അതിഥികള്‍ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളൂ. ഓഫീസുകളില്‍ പേപ്പര്‍ പഞ്ചിങ് നടത്തുമ്പോള്‍ കിട്ടുന്ന കടലാസുപൊട്ടുകളാണ് ഇതിനുപയോഗിച്ചത്. ഹൃദയത്തില്‍ നിന്ന് പിറവികൊണ്ട ചിത്രമാണിതെന്നാണ് ഇതേക്കുറിച്ച് അവര്‍ക്ക് പറയാനുള്ളത്. മൂന്ന് പ്രാവശ്യം ഉംറക്കും രണ്ട് തവണ ഹജ്ജ് കര്‍മത്തിനും പോയപ്പോള്‍ മനസില്‍ പതിഞ്ഞ വിശുദ്ധഗേഹത്തിന്‍െറ ചിത്രം ഏറെ ആലോചിച്ച ശേഷമാണ് ഈ രീതിയില്‍ ആവിഷ്കരിച്ചത്. കാന്‍വാസ് അഞ്ച് പാളികളായി തിരിച്ച് ചിത്രം പൂര്‍ത്തിയാക്കിയ ശേഷം ഒരുമിച്ച് പ്രദര്‍ശിപ്പിക്കുകയായിരുന്നു.

കലാസൃഷ്ടികള്‍ ഫ്ളാറ്റിലെ സ്വീകരണമുറിയില്‍
 


വീട്ടിലത്തെിയവരെയെല്ലാം വിസ്മയിപ്പിച്ച ഈ കലാസൃഷ്ടി ഇതുവരെ എക്സിബിഷനുകളിലൊന്നും പ്രദര്‍ശിപ്പിച്ചിട്ടില്ല. ഇപ്പോള്‍ അതിനുള്ള അവസരം ഒത്തുവന്നിരിക്കുകയാണ്. ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്‍െറ ഭാഗമായി ഡിസംബര്‍ ഇന്ന് മുതല്‍ കതാറ സാംസ്കാരിക ഗ്രാമത്തില്‍ ആരംഭിക്കുന്ന 23 കലാകാരന്‍മാരുടെ പ്രദര്‍ശനത്തില്‍ നസീമയുടെ സൃഷ്ടികളുമുണ്ട്.
ഖത്തറിലെ പ്രമുഖ ചിത്രകാരന്‍മാരുടെയും കലാകാരന്‍മാരുടെയും കൂട്ടായ്മയായ മാപ്സില്‍ അടുത്ത കാലത്താണ് അവര്‍ അംഗത്വമെടുത്തത്. കതാറയിലെ പ്രദര്‍ശനത്തിന് വഴിയൊരുക്കിയതും മാപ്സ് ആണ്. ഈ പ്രദര്‍ശനത്തോടെ അവരുടെ കഴിവുകള്‍ ലോകം അംഗീകരിക്കുമെന്നതില്‍ ഈ സൃഷ്ടികള്‍ കണ്ടവര്‍ക്കൊന്നും സംശയമുണ്ടാവില്ല. പച്ചക്കറികളുടെ വിത്തുകള്‍, പിസ്തയുടെ തോട്, മുട്ടത്തോട്, ഉപയോഗം കഴിഞ്ഞ പ്ളാസ്റ്റിക് സ്പൂണുകള്‍, പുസ്തകങ്ങള്‍ തുടങ്ങി ആവശ്യം കഴിഞ്ഞ് വലിച്ചറിയുന്നതെന്തും നസീമ കലാസൃഷ്ടികളാക്കി മാറ്റും. വിവിധിനം ഗ്ളാസ് പെയിന്‍റിങുകള്‍, നിബ് പെയിന്‍റിങ്, കോഫി പെയിന്‍റിങ് തുടങ്ങി പാഴ്വസ്തുക്കള്‍ കൊണ്ട് രൂപപ്പെടുത്തുന്ന ത്രീ ഡയമന്‍ഷന്‍ ചിത്രങ്ങള്‍ വരെ ഈ ചുവരുകളില്‍ കാണാം. 

ഭര്‍ത്താവ് അബ്ദുല്‍ശുക്കൂറിനൊപ്പം നസീമ
 


ഇന്‍റര്‍നെറ്റില്‍ നിന്ന് മനസിലാക്കിയെടുത്ത സങ്കേതങ്ങളാണ് കലാസൃഷ്ടികളില്‍ ഉപയോഗിക്കുന്നതെന്ന് നസീമ പറഞ്ഞു. ദോഹയില്‍ നടക്കുന്ന വിവിധ എക്സിബിഷനുകള്‍ സന്ദര്‍ശിക്കാറുണ്ട്. പ്രദര്‍ശനങ്ങളില്‍ നിന്നും ഷോപ്പിങ് മാളുകളിലും കണ്ട് പരിചയച്ച കലാസൃഷ്ടികളില്‍ നിന്ന ്പ്രചോദനം ഉള്‍കൊള്ളാറുമുണ്ട്. എങ്കിലും എല്ലാ ചിത്രങ്ങളിലും സ്വന്തം സ്പര്‍ശം നല്‍കുന്നുവെന്നതാണ് ഈ പ്രതിഭയെ വേറിട്ടുനിര്‍ത്തുന്നത്. 35 വര്‍ഷമായി ദോഹയിലുള്ള ശുക്കൂര്‍ ബിസിനസ് നടത്തുകയാണ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.