ഹമദ് തുറമുഖം രാജ്യത്തിന് സമര്‍പിച്ചു

ദോഹ: രാജ്യത്തിന്‍െറ വികസന ഭൂപടത്തില്‍ പുതിയ അധ്യായം രചിച്ച് ഹമദ് തുറമുഖം ഭാഗികമായി പ്രവര്‍ത്തനമാരംഭിച്ചു. മിസൈഈദിലെ ഉം അല്‍ ഹൂലില്‍ തുറമുഖത്തിന്‍െറ പ്രവര്‍ത്തനോദ്ഘാടനത്തിന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി ഉള്‍പ്പെടെ മന്ത്രിമാരും പ്രമുഖ വ്യക്തികളും സാക്ഷ്യംവഹിച്ചു. തുറമുഖത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഡോക്യുമെന്‍ററി പ്രദര്‍ശനം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. പ്രദര്‍ശനത്തിന് ശേഷം തുറമുഖം പ്രവര്‍ത്തിപ്പിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. 
തുടര്‍ന്ന് ആദ്യമായി തുറമുഖത്തത്തെിയ വാണിജ്യ കപ്പലില്‍ നിന്ന് ചരക്കുകള്‍ ഇറക്കുന്നത് പ്രധാനമന്ത്രി നോക്കിക്കണ്ടു. പിന്നീട് വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം പുതിയ തുറമുഖത്തിന്‍െറ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ അതുമായി ബന്ധപ്പെട്ടവരില്‍ നിന്ന് ചോദിച്ചറിയുകയും ചെയ്തു. 
പ്രവര്‍ത്തനമാരംഭിച്ച ഹമദ് തുറമുഖം രാജ്യത്തിന്‍െറ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനോടൊപ്പം ഖത്തറിന്‍െറ വിഷന്‍ 2030 സാക്ഷാല്‍ക്കാരത്തിന് സഹായകമാകുമെന്നും പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി പറഞ്ഞു. മുന്‍കൂട്ടി തീരുമാനിച്ച ദിവസത്തിന് മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ ഹമദ് തുറമുഖം, അതിന്‍െറ പിന്നണിപ്രവര്‍ത്തകരുടെ മികവിനെയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഭാഗികമായി പ്രവര്‍ത്തനമാരംഭിച്ച ഹമദ് തുറമുഖം രാജ്യത്തിന്‍െറ നേട്ടമാണെന്നും അതില്‍ അഭിമാനിക്കുന്നതായും ഗതാഗതമന്ത്രിയും ഹമദ് പോര്‍ട്ട് പ്രൊജക്ട് സ്റ്റിയറിങ് കമ്മിറ്റി തലവനുമായ ജാസിം ബിന്‍ സൈഫ് അല്‍ സുലൈത്തി പറഞ്ഞു. ഖത്തറിന്‍െറ ദേശീയ ദിനത്തോടനുബന്ധിച്ച് തന്നെ ഇത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് നിര്‍ണായകമായ നേട്ടമാണ്. രാജ്യത്തിന്‍െറ പുരോഗതിക്കായി ഒട്ടനവധി പദ്ധതികള്‍ക്ക് നിറഞ്ഞ പിന്തുണയേകിയ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി, ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഥാനി എന്നിവര്‍ക്ക് നന്ദിയും രേഖപ്പെടുത്തി. 2015 ഫെബ്രുവരിയിലാണ് തുറമുഖത്തിന് ഹമദ് എന്ന് നാമകരണം ചെയ്തത്. 
പൂര്‍ണ പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഈ തുറമുഖത്ത് നിന്ന് പ്രതിവര്‍ഷം ആറ് ദശലക്ഷം കണ്ടൈനറുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. വര്‍ഷത്തില്‍ 17 ലക്ഷം ടണ്‍ ചരക്കുകള്‍ ഉള്‍ക്കൊള്ളാനുള്ള ശേഷി പുതിയ തുറമുഖത്തെ ജനറല്‍ കാര്‍ഗോ ടെര്‍മിനലിനുണ്ടാകും. ഗ്രെയിന്‍ ടെര്‍മിനലില്‍ പത്ത് ലക്ഷം ടണും വെഹിക്കിള്‍ റെസീവിങ് ടെര്‍മിനലില്‍ അഞ്ച് ലക്ഷം വാഹനങ്ങളും വര്‍ഷാവര്‍ഷം ഉള്‍ക്കൊള്ളാന്‍ സാധിക്കും. മറ്റു ജി.സി.സി രാജ്യങ്ങളുമായി കടല്‍, റോഡ്, റെയില്‍ മാര്‍ഗങ്ങളിലൂടെ ഹമദ് തുറമുഖത്തെ ബന്ധിപ്പിക്കും. 
കേന്ദ്രീകൃത കസ്റ്റംസ് സംവിധാനം, പോര്‍ട്ട് അഡ്മിനിസ്ട്രേറ്റീവ് ഡിസ്ട്രിക്റ്റ്, വെസല്‍ ഇന്‍സ്പെക്ടിങ് പ്ളാറ്റ്ഫോം, 110 മീറ്റര്‍ ഉയരമുളള കണ്‍ട്രോള്‍ ടവര്‍, വിവിധോദ്ദേശ്യ നാവിക സംവിധാനങ്ങള്‍ തുടങ്ങിയവയും ഹമദ് തുറമുഖത്ത് ഒരുക്കുന്നുണ്ട്. രാജ്യത്തിന്‍െറ സാമ്പത്തിക വൈവിധ്യവല്‍കരണത്തിന് സഹായകമായേക്കാവുന്ന തുറമുഖം സമുദ്ര വ്യാപാര കേന്ദ്രം എന്ന നിലയില്‍ ഖത്തറിന്‍െറ സ്ഥാനം ഉയര്‍ത്തുകയും ചെയ്യും. നാല് കിലോ മീറ്റര്‍ നീളമുള്ള തുറമുഖത്തിന് 700 മീറ്റര്‍ വീതിയും 17 മീറ്റര്‍ ആഴവുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കപ്പലിന് വരെ ഇവിടെ നങ്കൂരമിടാനുള്ള സൗകര്യമുണ്ട്. 12 കൂറ്റന്‍ ക്രെയിനുകളടക്കം നിരവധി ആധുനിക ഉപകരണങ്ങളാണ് ഹമദ് പോര്‍ട്ടില്‍ സജ്ജമായത്. 26 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്ന ഹമദ് തുറമുഖം പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലുതാണ്. 
2,700 കോടി റിയാല്‍ ചെലവഴിച്ചാണ് ഇതിന്‍െറ നവീകരണം പൂര്‍ത്തീകരിക്കുന്നത്. ജനറല്‍ കാര്‍ഗോ ടെര്‍മിനല്‍, മള്‍ട്ടി യൂസ് ടര്‍മിനല്‍, ഓഫ്ഷോര്‍ സപൈ്ള ബേസ്, കോസ്റ്റ് ഗാര്‍ഡ് യൂനിറ്റ്, പോര്‍ട്ട് മറൈന്‍ യൂനിറ്റ്, ലൈവ് സ്റ്റോക്ക് ടെര്‍മിനല്‍, കോസ്റ്റല്‍ സെക്യൂരിറ്റി ഷിപ്പ് ടെര്‍മിനല്‍, മാരിടൈം സപ്പോര്‍ട്ട് ആന്‍റ് ആട്രിബ്യൂഷന്‍ ടെര്‍മിനല്‍ എന്നിവയും പുതിയ തുറമുഖത്ത് സജ്ജമാകും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.