ദോഹ: രാജ്യാന്തര വിപണിയില്‍ എണ്ണവില തകര്‍ച്ച നേരിടുമ്പോഴും ഖത്തര്‍ സമ്പദ്ഘടന വളര്‍ച്ച കൈവരിച്ചതായും ഏത് പ്രതിസന്ധിയേയും നേരിടാന്‍ രാജ്യത്തിന് കരുത്തുണ്ടെന്നും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പറഞ്ഞു. 44ാമത് ഉപദേശക കൗണ്‍സില്‍ (ശൂറ കൗണ്‍സില്‍) സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മിഡില്‍ ഈസ്റ്റിലെയും നോര്‍ത്ത് ആഫ്രിക്കന്‍ മേഖലയിലെയും പല എണ്ണ കയറ്റുമതി രാജ്യങ്ങളുടെയും വളര്‍ച്ച നിരക്കില്‍ കാര്യമായ കുറവ് നേരിട്ടപ്പോള്‍ ഖത്തര്‍ വളര്‍ച്ച നിരക്കില്‍ പിന്നോട്ട് പോയിട്ടില്ളെന്നും അമീര്‍ പറഞ്ഞു.
പുതിയ സാമ്പത്തിക പ്രതിസന്ധിയെ ഭയപ്പെടുകയല്ല വേണ്ടത്. ഇതിനെ നേരിടാന്‍ ആവശ്യമായ മുന്‍കരുതലുകളും ജാഗ്രതയുമാണ് വേണ്ടത്. ഇവ പ്രശ്നങ്ങളെ യാഥാര്‍ഥ്യബോധത്തൊടെ സമീപിക്കാന്‍ സഹായിക്കും. ഭയപ്പെടുന്നവര്‍ക്ക് പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാനേ സാധിക്കുകയുളളൂ. ഇതിലും വലിയ പ്രതിസന്ധികള്‍ അതിജയിച്ചാണ് രാജ്യം ഇന്നത്തെ നേട്ടം കൈവരിച്ചതെന്നും അമീര്‍ പറഞ്ഞു. വികസനം അതിന്‍െറ യഥാര്‍ഥ വഴിയിലൂടെ നീങ്ങാനാവശ്യമായ കഠിനാധ്വാനമാണ് ഇപ്പോള്‍ ആവശ്യം. എണ്ണവിലയിടിവ് രാജ്യത്തെ ബാധിക്കില്ളെന്ന് ഉറപ്പുവരുത്തണം. ഇത് മുമ്പില്‍കണ്ട് 2008 മുതല്‍ തന്നെ രാജ്യം മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചിടുണ്ട്.
ഇതിന്‍െറ ഭാഗമായാണ് രാജ്യത്തിന്‍െറ വികസനവുമായി ബന്ധപ്പെട്ട് വിഷന്‍ 2030 എന്ന പദ്ധതിക്ക് രൂപം നല്‍കിയതെന്നും അമീര്‍ പറഞ്ഞു. വിഷന്‍ 2030ന്‍െറ ഭാഗമായി രാജ്യത്തിന്‍െറ സമ്പദ്ഘടന വൈവിധ്യ വല്‍കരിക്കുന്നതിനും സ്വകാര്യ മേഖലയുടെ പങ്കളിത്തം ശക്തിപ്പെടുത്തുന്നതിനുമായിരുന്നു ഊന്നല്‍ നല്‍കിയത്. 2011/2016 ദേശീയ വികസന നയം ഇത് നേടിയെടുക്കുന്നതില്‍ വിജയം വരിച്ചതായും അമീര്‍ പറഞ്ഞു.
എണ്ണ വിലയിടിവില്‍ പരിഭ്രമിക്കാതെ ഇതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് രാജ്യത്തിന്‍െറ ഭദ്രതക്കുള്ള ഭാവി പദ്ധതികളില്‍ പങ്കാളികണമെന്ന് ഖത്തര്‍ ജനതയോട് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ആഹ്വാനംചെയ്തു. മുന്‍കാല പ്രസംഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി രാജ്യത്തിന്‍െറ കെട്ടുറപ്പിനെ ബാധിക്കുന്ന വിഷയങ്ങള്‍ക്കാണ് അമീര്‍ ശൂറ കൗണ്‍സിലിലെ പ്രസംഗത്തില്‍ ഊന്നല്‍ നല്‍കിയത്.
ചെലവുകള്‍ ചുരുക്കും;
അനാവശ്യ നിയമനങ്ങള്‍ വേണ്ട
ദോഹ: ചെലവുകള്‍ പരമാവധി ചുരുക്കിയും അനാവശ്യമായ നിയമനങ്ങള്‍ ഒഴിവാക്കിയുമായിരിക്കും ഇനി രാജ്യം മുമ്പോട്ട് പോകുകയെന്ന് അമീര്‍ പറഞ്ഞു. എണ്ണവില വര്‍ധനവിലൂടെ രാജ്യം അതിസമ്പന്നമായപ്പോള്‍ നിരവധി അനാവശ്യ ചെലവുകളും പല സ്ഥാപനങ്ങളിലും ആവശ്യത്തില്‍ കൂടുതല്‍ ജീവനക്കാരും ഉണ്ടായെന്നത് ആര്‍ക്കും നിഷേധിക്കാന്‍ സാധ്യമല്ല. പണം ചെലവഴിക്കുന്നതിന്‍െറ ഫലത്തെ കുറിച്ചുളള കൃത്യമായ വിലയിരുത്തലുകളും ഉണ്ടായില്ല.
2016ലെ രാജ്യത്തിന്‍െറ ബജറ്റ് നിലവിലെ എണ്ണവിലയിടിവ് മുന്നില്‍ കണ്ടുകൊണ്ടുളളതായിരിക്കും. അനാവശ്യ ചെലവുകള്‍ വെട്ടിച്ചുരുക്കിയും പണം ചെലവഴിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചുമായിരിക്കും ജനുവരില്‍ അവതരിപ്പിക്കുന്ന ബജറ്റ്. സര്‍ക്കാര്‍ പണം ചെലവഴിക്കുന്നതിലെ കാര്യക്ഷമതയില്‍ ഊന്നിയായിരിക്കും പുതിയ ബജറ്റ്. രാജ്യത്തെ സ്വകാര്യ മേഖല ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങളുമായി മല്‍സരത്തില്‍ ഏര്‍പ്പെടില്ല. പല സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നല്‍കിവരുന്ന സബ്സിഡികള്‍ വെട്ടികുറക്കാനും ചില സ്ഥപനങ്ങളെ സ്വകാര്യവല്‍കരിക്കാനും മറ്റ് ചില സ്ഥാപനങ്ങളുടെ ഭരണം സ്വകാര്യമേഖലക്ക് നല്‍കാനും നിര്‍ദേശം നല്‍കിയതായും അമീര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.