ദോഹ: ഖത്തര്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് ഓണ്‍ അറൈവല്‍ വിസ, ഇ-ടൂറിസ്റ്റ് വിസ എന്നിവ സമീപ ഭാവിയില്‍ തന്നെ ലഭിച്ചുതുടങ്ങുമെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ അറിയിച്ചു. നിലവില്‍ 113 രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഇന്ത്യയിലെ 16 വിമാനത്താവളങ്ങളില്‍ നിന്നായി ഇ-ടൂറിസ്റ്റ് വിസ ലഭ്യമാണ്. ഖത്തര്‍ പൗരന്മാര്‍ക്കായി ഇതിനകം തന്നെ നിരവധി മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും മിഡില്‍ ഈസ്റ്റില്‍നിന്നായി നാല് ലക്ഷത്തോളം സന്ദര്‍ശകരാണ് അടുത്തകാലത്തായി ഇന്ത്യയിലത്തെിയതെന്നും അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയ ഇന്ത്യയില്‍ ഇതിനകം എട്ട് ദശലക്ഷം വിദേശികളാണ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്. കൂടാതെ പല വിദേശികളും നേരിട്ടുള്ള നിക്ഷേപങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നതായും ഇന്ത്യന്‍ സ്ഥാനപതി പറഞ്ഞു. ആതിഥേയരംഗത്തും അടിസ്ഥാന വികസനരംഗത്തും മറ്റു മേഖലകളിലുമാണ് ഇവര്‍ നിക്ഷേപങ്ങള്‍ നടത്തുക.
ദോഹയില്‍ ഇന്ത്യയുടെ വിനോദസഞ്ചാര പ്രചാരണ പരിപാടിയായ ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അംബാസഡര്‍. ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് വൈസ് ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ തോവാര്‍ അല്‍ കുവാരി, ക്യു.ഡി.വി.സി ചീഫ് സപ്പോര്‍ട്ട് സര്‍വീസസ് ഓഫീസര്‍ ശൈഖ അത്ബ ബിന്‍ ഥാമര്‍ ആല്‍ഥാനി, ജോയന്‍റ് മാനേജിങ് ഡയറക്ടര്‍ ആന്‍റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഓഫ് ഏഷ്യാന ഹോട്ടല്‍സ് ആന്‍റ് റിസോര്‍ട്ട് അമൃത നായര്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെയും അവയുടെ പ്രാധാന്യങ്ങളെപ്പറ്റിയും വിവരിക്കുന്ന വീഡിയോ പ്രദര്‍ശനവും പരിപാടിയോടനുബന്ധിച്ചുണ്ടായിരുന്നു. കൂടാതെ വിനോദ സഞ്ചാരരംഗത്തെ ആതിഥേയ മേഖലകളിലെ പ്രധാന സംരംഭങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രദര്‍ശനവും ഇതോടനുബന്ധിച്ച് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.