ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളിലെ ഫീസ് വര്‍ധനയില്‍ രക്ഷിതാക്കള്‍ക്ക് അസംതൃപ്തി

ദോഹ: രാജ്യത്തെ ഇന്ത്യന്‍ സ്കൂളുകളിലെ ഫീസ് വര്‍ധന രക്ഷിതാക്കളില്‍ അസംതൃപ്തിയുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്.  അധ്യയനവര്‍ഷം ആരംഭിച്ച് മാസങ്ങളായ ശേഷമുള്ള ഫീസ് വര്‍ധനയാണ് രക്ഷിതാക്കളുടെ അസ്വസ്ഥതക്ക് കാരണമെന്ന് ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. 
ഖത്തറിലെ പ്രധാന ഇന്ത്യന്‍ സ്കൂളുകളായ ഡി.പി.എസ് മോഡേണ്‍ ഇന്ത്യന്‍ സ്കൂളും (ഡി.പി.എസ് എം.ഐ.എസ്), ബിര്‍ള പബ്ളിക് സ്കൂളുമാണ് (ബി.പി.എസ്) ഈയിടെ ഫീസ് നിരക്കിലുള്ള വര്‍ധന അറിയിച്ച് രക്ഷിതാക്കള്‍ക്ക് ഈ-മെയില്‍ സന്ദേശമയച്ചത്.  ഫീസ് വര്‍ധന ഏപ്രില്‍ 01, 2016 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നടപ്പാക്കിയിട്ടുള്ളതെന്ന വിജ്ഞാപനമാണ് രക്ഷിതാക്കള്‍ക്ക് ലഭിച്ചത്. 
ഇതോടെ, രണ്ടാം ടേമിലെ ഫീസിനോടൊപ്പം ആദ്യടേമിലെ വര്‍ധിപ്പിച്ച നിരക്കു കൂടി അടക്കേണ്ടി വരും. ട്യൂഷന്‍ ഫീസും ട്രാന്‍സ്പോര്‍ട്ടേഷന്‍ ഫീസുമടക്കം 110 റിയാലിന്‍െറ വര്‍ധനവാണ് ബി.പി.എസ് സ്കൂള്‍ ഒന്നാം ക്ളാസു മുതല്‍ പന്ത്രാണ്ടാം ക്ളാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അധികരിപ്പിച്ചിട്ടുള്ളത്. ഡി.പി.എസ് എം.ഐ.എസ്  ശരാശരി അമ്പത് റിയാലിന്‍െറ വര്‍ധനവും വരുത്തിയിട്ടുണ്ട്. ബി.പി.എസ് സ്കൂളിന്‍െറ വര്‍ധിപ്പിച്ച ട്രാന്‍സ്പോര്‍ട്ടേഷന്‍ നിരക്കായ 69 റിയാല്‍ ദോഹയില്‍ താമസിക്കുന്ന കുട്ടികള്‍ക്കാണ് മാത്രമാണ് ബാധകം. 
ദോഹ പരിധിക്കു പുറത്തുള്ള വിദ്യാര്‍ഥികള്‍ കൂടിയ തുക നല്‍കേണ്ടി വരും. അധ്യയനം തുടങ്ങി മാസങ്ങളായതിനാല്‍ പല രക്ഷിതാക്കളും ഫീസ് നിരക്ക് വര്‍ധിക്കില്ളെന്ന പ്രതീക്ഷയിലായിരുന്നു. അടുത്തിടെയാണ് പല രക്ഷിതാക്കളും ഫീസ് വര്‍ധനയെക്കുറിച്ചുള്ള വിവരമറിയുന്നത്. ഇത് പലരിലും ഞെട്ടലുണ്ടാക്കി. 
ഖത്തര്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തില്‍നിന്നും ഫീസ് വര്‍ധിപ്പിക്കാനുള്ള അനുമതി ബി.പി.എസ് സ്കൂളിന് ലഭിച്ചത് അധ്യയന വര്‍ഷത്തിന്‍െറ ആദ്യഘഡു വിദ്യാര്‍ഥികളില്‍നിന്നും സ്വീകരിച്ചതിനു ശേഷമായിരുന്നുവെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ എ.കെ. ശ്രീവാസ്തവ ഖത്തര്‍ ട്രിബ്യൂണിനോട് പറഞ്ഞു. അനുമതി ലഭിച്ച ഉടനെ അത് രക്ഷിതാക്കളെ അറിയിക്കുകയായിരുന്നുവെന്ന് അദ്ദേഹം പത്രത്തോട് പറഞ്ഞു. 2016-17 അധ്യയന വര്‍ഷത്തെ അധികരിച്ച പ്രവര്‍ത്തനച്ചെലവാണ് സ്കൂളുകളെ ഫീസ് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
മറ്റു ഇന്ത്യന്‍ സ്കൂളുകളിലെ ഫീസ് വര്‍ധനയെക്കുറിച്ചുള്ള അറിയിപ്പുകള്‍ അധ്യയന വര്‍ഷത്തിന്‍െറ ആരംഭത്തില്‍തന്നെ രക്ഷിതാക്കളെ അറിയിച്ചിരുന്നതായാണറിവ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.