ദോഹ: ഏതാനും സ്വകാര്യ സ്കൂളുകള്‍ക്ക് ഫീസ് നിരക്ക് വര്‍ധിപ്പിക്കാന്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി. എന്നാല്‍, മന്ത്രാലയം നിഷ്കര്‍ഷിച്ച മാനദണ്ഡള്‍ പാലിക്കാത്ത ചില വിദ്യാലയങ്ങളുടെ അപേക്ഷകള്‍ നിരസിച്ചിട്ടുമുണ്ട്. ഫീസ് വര്‍ധിപ്പിക്കാനായി അപേക്ഷകള്‍ സമര്‍പ്പിച്ച ചില സ്വകാര്യ സ്കൂളുകളുടെ അപേക്ഷകളിന്മേല്‍ സൂക്ഷ്മ പരിശോധന നടത്തിവരികയാണെന്നും വൈകാതെ ഇവയില്‍ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രാലയത്തിലെ സ്വകാര്യ സ്കൂള്‍ ഓഫീസിനെ (പി.എസ്.ഒ) ഉദ്ധരിച്ച് പ്രാദേശിക അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു. അടുത്ത അധ്യയനവര്‍ഷം മുതല്‍ ഫീസ് നിരക്ക് വര്‍ധിപ്പിക്കാനാണ് ഈ സ്കൂളുകള്‍ അപേക്ഷ നല്‍കിയിരുന്നത്.
വിദ്യാര്‍ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മന്ത്രാലയം ബാധ്യസ്ഥരാണെന്നും തങ്ങള്‍ നിഷ്കര്‍ഷിക്കുന്ന നിലവാരവും മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കുന്ന വിദ്യാലയങ്ങള്‍ക്ക് മാത്രമേ ഫീസ് വര്‍ധിപ്പിക്കാനുള്ള അനുമതി നല്‍കൂവെന്നും മന്ത്രാലയം വ്യക്തമാക്കി. രജിസ്ട്രേഷന്‍ ആരംഭിക്കുന്ന മാര്‍ച്ച് ഒന്നിന് മുമ്പായി അപേക്ഷകളിന്മേലുള്ള തീരുമാനം മന്ത്രാലയം സ്കൂളുകളെ അറിയിക്കും.
നിലവിലുള്ള അധ്യയനവര്‍ഷം ഫീസ് വര്‍ധനക്കായി അപേക്ഷിച്ച 64 ഓളം സ്കൂളുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇവയില്‍ നാല് സ്കൂളുകള്‍ക്ക് 10 ശതമാനം ഫീസ് വര്‍ധനവിനും 60ഓളം സ്കൂളുകള്‍ക്ക് രണ്ട് ശതമാനം ഫീസ് വര്‍ധനക്കുമാണ് കഴിഞ്ഞ വര്‍ഷം അംഗീകാരം നല്‍കിയത്. 41 സ്കൂളുകളുടെ അപേക്ഷകള്‍ നിരസിച്ചതായി സുപ്രീം വിദ്യാഭ്യാസ കൗണ്‍സില്‍ അറിയിച്ചിരുന്നു.
നഷ്ടം കാരണം പൂട്ടേണ്ട അവസ്ഥ വന്ന നാല് സ്കൂളുകള്‍ക്കാണ് 10 ശതമാനം വര്‍ധനക്ക് അംഗീകാരം നല്‍കിയത്.
സ്കൂള്‍ ഫീസ് വര്‍ധനയുടെ അപേക്ഷകളുമായി ബന്ധപ്പെട്ട് പ്രത്യേക ധനകാര്യ സംഘം നിലവിലുണ്ട്. ഈ സംഘം സ്കൂളുകളില്‍ പരിശോധന നടത്തി, നിഷ്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ ബോധ്യപ്പെട്ടാല്‍ മാത്രമേ ഫീസ് വര്‍ധിപ്പിക്കാനുള്ള അനുമതി നല്‍കുകയുള്ളൂ. സ്വകാര്യ സ്കൂളുകള്‍ പൊടുന്നനെ ഫീസ് വര്‍ധന പ്രാബല്യത്തില്‍ വരുത്തരുതെന്നും ഫീസ് ഘടനയും സമയക്രമവും മുന്‍കൂട്ടി രക്ഷിതാക്കളെ അറിയിക്കണമെന്നും സുപ്രീം വിദ്യാഭ്യാസ കൗണ്‍സിലിന്‍െറ നിഷ്കര്‍ഷയുണ്ട്.
എല്ലാവര്‍ഷവും ഏപ്രില്‍ മാസത്തോടെ ഫീസിന്‍െറ ഘടനയില്‍ വരാന്‍ പോകുന്ന മാറ്റങ്ങള്‍ സ്കൂള്‍ അധികൃതര്‍ പ്രഖ്യാപിക്കുകയും വര്‍ധനക്കിടയാക്കുന്ന കാരണങ്ങള്‍ സഹിതം എല്ലാ രക്ഷകര്‍ത്താക്കളെയും രേഖാമൂലം മുന്‍കൂട്ടി അറിയിക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.