മിഡിലീസ്റ്റില്‍ 57.6 ദശലക്ഷം ജനങ്ങള്‍ ദുരിതത്തില്‍ -ഖത്തര്‍ ആഭ്യന്തര മന്ത്രി

ദോഹ: മിഡിലീസ്റ്റില്‍ 57.6 ദശലക്ഷം ജനങ്ങള്‍ കൊടുംദുരിതത്തില്‍ സഹായങ്ങള്‍ക്കായി കേഴുകയാണെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി വ്യക്തമാക്കി. ഇവരില്‍ 17.7 ദശലക്ഷം ജനങ്ങള്‍ സംഘര്‍ഷങ്ങള്‍ മൂലം രാജ്യം വിട്ടുപോയവരോ അല്ളെങ്കില്‍ സ്വന്തം രാജ്യത്ത് തന്നെ ഒറ്റപ്പെട്ടവരോ ആണ്. മ്യൂണിക്കില്‍ നടന്ന സുരക്ഷ സമ്മേളനത്തിന്‍െറ 52ാമത് സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയപരമായി ഉന്നതിയിലായിരുന്ന ഉത്തരാഫ്രിക്കയും മിഡിലീസ്റ്റുമടങ്ങുന്ന മേഖല സംഘട്ടനങ്ങളുടെയും കലഹങ്ങളുടെയും ഭൂമികയായി മാറിയതെങ്ങനെയെന്ന് ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തെ ജനസംഖ്യയില്‍ ആറ് ശതമാനം മിഡിലീസ്റ്റിലാണ്. ഇവിടെ പല രജ്യങ്ങളിലായി ദശലക്ഷകണക്കിന് ജനങ്ങളാണ് സംഘര്‍ഷങ്ങളുടെ നിഴലില്‍ ജീവിതം തള്ളിനീക്കുന്നത്. ഈ യാഥാര്‍ഥ്യം കൂടുതല്‍ ചര്‍ച്ചയാകണം. ജനവിഭാഗങ്ങള്‍ക്കിടയില്‍ സന്തുലിതത്വം രൂപപ്പെടുത്തുന്നതിന് ആഴത്തിലുള്ള ചര്‍ച്ച ആവശ്യമാണ്. മേഖലയില്‍ അരക്ഷിതാവസ്ഥ കൊടികുത്തി വാഴുകയാണ്. ഫലസ്തീന്‍ ജനതക്ക് നേരെ ശക്തമായ ഉപരോധമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നൈതികമായ പരിഹാരത്തിന്‍െറ അഭാവമാണ് മധ്യപൗരസ്ത്യ ദേശത്ത് അരക്ഷിതാവസ്ഥ വരുത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത്. അതിക്രമങ്ങളും അടിച്ചമര്‍ത്തലുകളുമാണ് വംശീയപരമായും രാഷ്ട്രീയപരമായും അതിര്‍വരമ്പുകള്‍ സൃഷ്ടിക്കുന്നത്. ഭീകരവാദം പെരുകുന്നതിന്‍െറ കാരണവും അക്രമവും നിരന്തരമുള്ള വേട്ടയാടലുമാണ്. കാടത്തം നിറഞ്ഞ ഭരണവ്യവസ്ഥയും അന്താരാഷ്ട്ര സമൂഹത്തിന്‍െറ നിരുത്തരവാദപരമായ പെരുമാറ്റവുമാണ് സിറിയയെ ഇന്നത്തെ അവസ്ഥയിലത്തെിച്ചത്. ഇത് വൈദേശിക ശക്തികള്‍ക്ക് സിറിയയിലും ഇറാഖിലും ഒരുപോലെ  ഇടപെടാന്‍ അവസരമൊരുക്കി. യഥാര്‍ഥ ജനകീയ വിപ്ളവങ്ങള്‍ ഗതിമാറി ഒഴുകിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിവിധ ജനവിഭാഗങ്ങള്‍ ഒരുമിച്ചു ജീവിച്ചു പോന്നിരുന്ന നമ്മുടെ തനതായ ശൈലിയാണ് അട്ടിമറിക്കപ്പെട്ടത്. വംശീയതയും വര്‍ഗീയതയും ഇതിനിടയില്‍ സ്ഥാനം നേടുകയും അത് അതിന്‍െറ മൂര്‍ധന്യാവസ്ഥയിലത്തെി നില്‍ക്കുന്നതായും മന്ത്രി പറഞ്ഞു. 
നിലവിലെ അവസ്ഥയില്‍ നിന്ന് മേഖലയെ മാറ്റിയെടുക്കുന്നതിന് ശക്തമായ പ്രഖ്യാപനങ്ങള്‍ ആവശ്യമാണ്. ഇതിന് അന്താരാഷ്ട്ര സമൂഹത്തിന്‍െറ പിന്‍ബലം അനിവാര്യമാണ്. വംശീയതയുടെയും വര്‍ഗീയതയുടെയും ഭീകരവാദത്തിന്‍െറയും യഥാര്‍ഥ വേരുകള്‍ കണ്ടത്തെി നശിപ്പിക്കണം. 
ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു ദൗത്യമേറ്റെടുക്കുകയാണ് ആദ്യം വേണ്ടത്. മനുഷ്യാവകാശത്തിനാണ് നാം ആദ്യപരിഗണന നല്‍കേണ്ടത്. ഭീകരവാദത്തെയും സ്വേഛാധിപത്യത്തെയും വേരില്‍ തന്നെ പിഴുതുമാറ്റണം. 
അതായിരിക്കണം നമ്മുടെ ഏറ്റവും വലിയ ലക്ഷ്യമെന്നും അതുവഴി മേഖലയിലെ ജനങ്ങള്‍ സുരക്ഷിതരാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.