വാണിജ്യ മന്ത്രാലയം പിടികൂടിയത്  42 നിയമലംഘനങ്ങള്‍

ദോഹ: അല്‍ ഖോര്‍, ശമാല്‍ എന്നിവിടങ്ങളിലെ വിവിധ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും ഇന്നലെ വാണിജ്യ മന്ത്രാലയം നടത്തിയ മിന്നല്‍ പരിശോധനയില്‍ 42 നിയമലംഘനങ്ങള്‍ പിടികൂടി. അല്‍ ഖോറില്‍ മാത്രം 32 നിയമലംഘനങ്ങളാണ് മന്ത്രാലയത്തിന് കീഴിലുള്ള പരിശോധകസംഘം പിടികൂടിയത്. മത്സ്യ കച്ചവടകേന്ദ്രം, മത്സ്യവേട്ടക്കുള്ള ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനം, വിവിധ ഹോട്ടലുകള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. വസ്തുവിന്‍െറ യഥാര്‍ഥ വില പരസ്യപ്പെടുത്താതിരിക്കുക, അധിക വില ഈടാക്കുക, അറബി ഭാഷയില്‍ സാധനത്തിന്‍െറ വിവരങ്ങള്‍ നല്‍കാതിരിക്കുക, ബില്‍ നല്‍കാതിരിക്കുക തുടങ്ങിയ ലംഘനങ്ങളാണ് പിടികൂടിയവയിലധികവും. 
ശമാലില്‍ 10 നിയമലംഘനങ്ങളാണ് പരിശോധനയില്‍ പിടികൂടിയത്. കമ്പ്യൂട്ടര്‍ ഇലക്ട്രിക് ഷോപ്പ്, ഹോട്ടലുകള്‍, മത്സ്യകച്ചവടകേന്ദ്രം തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു.വില പരസ്യപ്പെടുത്താതിരിക്കുക, അധിക വില ഈടാക്കുക തുടങ്ങിയ ലംഘനങ്ങള്‍ തന്നെയാണ് ഇവിടെയും പിടികൂടിയത്. 
2008ലെ എട്ടാം നമ്പര്‍ നിയമപ്രകാരം ഉപഭോക്താവിന്‍െറ അവകാശങ്ങള്‍ സംരക്ഷിക്കുന്നുവെന്ന് അനുശാസിക്കുന്ന നിയമങ്ങളില്‍ വ്യക്തമായ ലംഘനങ്ങള്‍ നടത്തിയതിനാണ് സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തത്. ലംഘനത്തിന്‍െറ തോതനുസരിച്ച് 3000 റിയാല്‍ മുതല്‍ ദശലക്ഷം റിയാല്‍ വരെ പിഴയീടാക്കുന്നതിനും കച്ചവട സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനും ഈ നിയമത്തില്‍ വകുപ്പുകളുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. മുനിസിപ്പാലിറ്റിയുടെ നിയമങ്ങളില്‍ വ്യക്തമായ ലംഘനം നടത്തിയതിന്‍െറ പേരില്‍ മഅ്മൂറയില്‍ മുനിസിപ്പാലിറ്റി അധികൃതര്‍ ഹോട്ടല്‍ അടച്ചുപൂട്ടി. മുമ്പും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചതിന് ഇത് അടച്ചുപൂട്ടിയിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.