‘ഭാഷയും ശാസ്ത്ര സാങ്കേതികവിദ്യയും ഒരുമിച്ച്  കൊണ്ടുപോകുന്നതില്‍ അറബ് സമൂഹം പരാജയം’

ദോഹ: ഭാഷയും ശാസ്ത്രസാങ്കേതിക വിദ്യയും ഒരുമിച്ചുകൊണ്ട് പോകുന്നതില്‍ അറബ് സമൂഹം പരാജയപ്പെട്ടതായി ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സന്‍ ശൈഖ മൗസ ബിന്‍ത് നാസര്‍. ഭാഷയുടെ വളര്‍ച്ചയിലും വികാസത്തിലും മാധ്യമ, ആശയവിനിമയം, വിവരസാങ്കേതിക വിദ്യ, വിദ്യാഭ്യാസരംഗം തുടങ്ങിയ മേഖലകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ അറബ് സമൂഹം പരാജയപ്പെട്ടിരിക്കുകയാണ്. 
കുട്ടികള്‍ രക്ഷിതാക്കളോട് സംവദിക്കുമ്പോള്‍ പോലും മറ്റു ഭാഷകളാണ് ഉപയോഗിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ‘അറബ് കുട്ടികളുടെ ഭാഷ വളര്‍ച്ച-യാഥാര്‍ഥ്യവും ഭാവിയിലേക്കുള്ള മാര്‍ഗരേഖയും’ എന്ന തലക്കെട്ടില്‍ ഖത്തര്‍ ഫൗണ്ടേഷനില്‍ അംഗമായ വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ റിനൈസന്‍സ് ഓഫ് അറബിക് ലാംഗ്വേജ് സംഘടിപ്പിച്ച സെമിനാര്‍- റിനൈസന്‍സ് ഓഫ് അറബിക് ലാംഗ്വേജിന്‍െറ രണ്ടാം എഡിഷന്‍െറ പ്രാരംഭ സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍. 
വാര്‍ത്താവിനിമയ സാങ്കേതികവിദ്യയുടെ ദുസ്വാധീനം അറബി ഭാഷയുടെ വളര്‍ച്ചയെ കാര്യമായി ബാധിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുട്ടികള്‍ വളരെ നല്ല ശൈലിയിലായിരുന്നു അറബി ഭാഷ കൈകാര്യം ചെയ്തിരുന്നത്. എഴുത്തുകാരും ചിന്തകന്മാരും കലാകാരന്മാരും തങ്ങളുടെതായ ശൈലിയില്‍ മാധ്യമങ്ങളോടും ലോകത്തോടും സംവദിച്ചിരുന്നു. രാജ്യത്തെ അറബി ഭാഷ പാഠ്യപദ്ധതി കുറേക്കൂടി എളുപ്പമാകേണ്ടതുണ്ട്. നിലവാരമുള്ള അറബി ഭാഷയായിരിക്കണം ടെലിവിഷന്‍ പരിപാടികളില്‍ ഉണ്ടാവേണ്ടതെന്നും അവര്‍ വ്യക്തമാക്കി. സാംസ്കാരികവും ഭാഷാപരവുമായ ഐക്യമാണ് മനുഷ്യനെ വിവേകമുള്ളവനും ഉല്‍പന്നമതിയുമാക്കുന്നത്. ഈ ഐക്യപ്പെടല്‍ ഇല്ലാതായാല്‍ സ്വത്വം താളം തെറ്റുമെന്നും ഇത് സമൂഹത്തില്‍ അനാരോഗ്യകരമായ സ്വാധീനം ചെലുത്തുകയും അക്രമത്തിലേക്ക് നയിക്കുമെന്നും ശൈഖ മൗസ ചൂണ്ടിക്കാട്ടി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.