അസഹിഷ്ണുതക്കെതിരെ പ്രതിരോധം തീര്‍ത്ത് യൂത്ത്ഫോറം 

ദോഹ: ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയ്ക്കും ഫാഷിസ്റ്റ് കൈയ്യേറ്റങ്ങള്‍ക്കുമെതിരെ ‘യൂത്ത് ലൈവ് അഗെയിന്‍സ്റ്റ് ഇന്‍ടോളറന്‍സ്’ എന്ന തലക്കെട്ടില്‍ യൂത്ത് ഫോറം സംഘടിപ്പിച്ച യുവജനസന്ധ്യ പ്രവാസി യുവാക്കളുടെ സര്‍ഗാത്മക സാംസ്കാരിക പ്രതികരണമായി. ചിത്രകാരന്മാരായ ബാസിത്ത്, അബ്ദുല്‍കരീം കക്കോവ്, ഫായിസ് തലശ്ശേരി, സ്കൂള്‍ വിദ്യാര്‍ഥിനിയായ സാന്ദ്ര രാമചന്ദ്രന്‍ തുടങ്ങിയവര്‍ ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. നാടന്‍ പാട്ട്, കവിതാലാപനം, ഉദ്ദരണി തുടങ്ങിയവയുമായി ആകാശവാണി കോഴിക്കോട് നിലയത്തിലെ കലാകാരന്‍ നവാസ് പാലേരി, ത്വയ്യിബ്, അബ്ദുല്‍ കരീം, ഹാരിസ് എടവന, ഇസ്മായില്‍ കോങ്ങാട് , ഫായിസ് തുടങ്ങിയവര്‍ അസഹിഷ്ണുതക്കെതിരെ ആവിഷ്കാരങ്ങള്‍ നടത്തി. ഷഫീഖ് പരപ്പുമ്മലിന്‍െറ രചനയില്‍ ഷാഹിദ് അവതരിപ്പിച്ച ‘അതിജീവനം’ എന്ന ഏകാംഗ നാടകം, ലവ് ആര്‍ട്സ് ദോഹയുടെ രംഗാവിഷ്കാരം ‘ഭയം’ തുടങ്ങിയവ നടപ്പുകാലത്തെ ഫാഷിസത്തിന്‍െറ ഭീകരത തുറന്നുകാട്ടുന്നതായി. 
കുരുന്നുകള്‍ പ്രതിഷേധ ചുവരില്‍ കൈപ്പത്തി ചാര്‍ത്തിയും മുതിര്‍ന്നവര്‍ സ്റ്റാച്യുവില്‍ നിലപാടുകള്‍ എഴുതിച്ചേര്‍ത്തും അസഹിഷ്ണുതക്കെതിരായ പ്രതിരോധം തീര്‍ത്തു. ഫാഷിസ്റ്റ് വിരുദ്ധ സെല്‍ഫി കോര്‍ണറും മതേതര ഇന്ത്യയുടെയും ഫാഷിസ്റ്റ് ഇന്ത്യയുടെയും നേട്ടകോട്ടങ്ങള്‍ പ്രതിപാദിക്കുന്ന കൊളാഷ് പ്രദര്‍ശനവും ഒരുക്കിയിരുന്നു. ഫാഷിസ്റ്റ് ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ എഴുത്തുകാരായ എം.എം. കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരേ, ബീഫ് കൈവശം വെച്ചെന്നാരോപിച്ച് ഫാഷിസ്റ്റുകള്‍ കൊലപ്പെടുത്തിയ അഖ്ലാക്ക്, ജാതി വിവേചനത്തോട് പ്രതിഷേധിച്ച് ആത്മാഹുതി ചെയ്ത രോഹിത് വെമുല എന്നിവരോടുള്ള ആദരസൂചകമായി നുഐജയിലെ യൂത്ത്ഫോറം കോമ്പൗണ്ടില്‍ ഒരുക്കിയ കോര്‍ണറുകളിലാണ് പരിപാടികള്‍ അരങ്ങേറിയത്. പരിപാടിക്കത്തെിയവരെല്ലാം ചേര്‍ന്ന് നടത്തിയ ‘ലൈറ്റ് ദ നൈറ്റ്’ പ്രതീകാത്മക കാന്‍റില്‍ ഷോയും നാട്ടിന്‍പുറങ്ങളില്‍ നിന്ന് അന്യമായിക്കൊണ്ടിരിക്കുന്ന പഴയ കാല സാമൂഹിക രാഷ്ട്രീയ ചര്‍ച്ചാ വേദിയായ ചായക്കടയും  മുഖ്യ ആകര്‍ഷണമായിരുന്നു. 
യൂത്ത്ഫോറം പ്രസിഡന്‍റ് എസ്.എ. ഫിറോസ് പരിപാടിയുടെ സമാപനം നിര്‍വഹിച്ചു. ഫാഷിസ്റ്റ് വിരുദ്ധ മുന്നണികള്‍ വിഭജിക്കപ്പെടാതെ സൂക്ഷിക്കേണ്ടത് ഏല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും വ്യക്തികളുടെ മത സാംസ്കാരിക രാഷ്ട്രീയ സ്വത്വങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ പ്രതിരോധമുന്നണികള്‍ വിശാലമാക്കാനുള്ള ശ്രമത്തിന് യൂത്ത് ഫോറം ദോഹയില്‍ നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി സാമൂഹിക സാംസ്കാരിക രംഗത്തെ നൂറുകണക്കിന് പേരാണ് പരിപാടിക്കത്തെിയത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.