ജനസംഖ്യയുടെ 60 ശതമാനവും  ജീവിക്കുന്നത് ലേബര്‍ ക്യാമ്പുകളില്‍

ദോഹ: രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനത്തിനടുത്ത് ജനങ്ങള്‍ ജീവിക്കുന്നത് ലേബര്‍ ക്യാമ്പുകളിലെന്ന് കണക്കുകള്‍. കഴിഞ്ഞ ദിവസം പുറത്തുവിട്ട 2015 ഏപ്രിലിലെ സെന്‍സസ് കണക്കുകളിലാണ് രാജ്യത്തെ പകുതിയിലേറെയും ജനങ്ങള്‍ ജീവിക്കുന്ന ലേബര്‍ ക്യാമ്പുകളിലാണെന്ന് വ്യക്തമാക്കുന്നത്. 
രാജ്യത്തേക്കുള്ള തൊഴിലാളികളുടെ വര്‍ധിച്ച തൊഴില്‍ കുടിയേറ്റത്തെ കൂടിയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സെന്‍സസിന്‍െറ സമയത്ത് രാജ്യത്തെ ജനസംഖ്യ 24 ലക്ഷമായിരുന്നുവെന്നും ഇതില്‍ 14 ലക്ഷം ജനങ്ങള്‍ ലേബര്‍ക്യാമ്പുകളെന്ന് വിളിക്കുന്ന ഇടങ്ങളിലാണുള്ളതെന്നും ഇതില്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കൃത്യമായി രേഖപ്പെടുത്തിയാല്‍ 58 ശതമാനം ജനങ്ങളും ലേബര്‍ക്യാമ്പുകളിലാണ് താമസിക്കുന്നത്. സെന്‍സസിന് ശേഷവും രാജ്യത്തെ ജനസംഖ്യ കൂടിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ രണ്ടര മില്യന്‍ ജനങ്ങളാണ് ഖത്തറിലുള്ളത്. 
ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്ക് പുറമേ നിരവധി രാജ്യങ്ങളിലെ റീട്ടെയില്‍ സര്‍വീസ് സെക്ടറിലെ തൊഴിലാളികളും ഖത്തറില്‍ ജീവിക്കുന്നുണ്ട്. 2010നും 2015നും ഇടയില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലാളികളുടെ വര്‍ധനവ് ലേബര്‍ക്യാമ്പുകളിലുണ്ടായതായി സ്ഥിതിവിവര കണക്ക് മന്ത്രാലയത്തിന്‍െറ കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. 
അതേസമയം തന്നെ, ഇക്കാലയളവില്‍ രാജ്യത്തെ മൊത്തം ജനസംഖ്യയില്‍  ഏഴ് ലക്ഷത്തിന്‍െറ വര്‍ധനവുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഖത്തറിലേക്ക് കൂടിയേറിയ നാലില്‍ മൂന്ന് ഭാഗവും ലേബര്‍ ക്യാമ്പുകള്‍ പോലെയുള്ള താമസസ്ഥലത്ത് ജീവിക്കുന്ന തൊഴിലാളികളാണെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. 
ഖത്തറിലെ താഴ്ന്ന വരുമാനമുള്ളവരുടെ താമസയിടങ്ങളെ സംബന്ധിച്ച് യു.എന്‍ മനുഷ്യാവകാശ സംഘടന പോലുള്ള അന്താരാഷ്ട്ര സംഘടനകള്‍ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. 
രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമായി ചെറിയ മുറികള്‍ക്കുള്ളില്‍ ആളുകള്‍ തിങ്ങിത്താമസിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് 2013ല്‍ ഖത്തര്‍ സന്ദര്‍ശിച്ച യു.എന്‍ മനുഷ്യാവകാശ സ്പെഷ്യല്‍ റിപ്പോര്‍ട്ടര്‍ ഓഫ് മൈഗ്രന്‍റ്സ് ഫ്രാന്‍സിസ് ക്രിപ്യു രേഖപ്പെടുത്തിയിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.