റിക്രൂട്ട്മെന്‍റ് നടപടികള്‍ കുറ്റമറ്റതാക്കാന്‍ തൊഴിലാളികളെ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ മന്ത്രാലയ സമിതി

ദോഹ: ഖത്തറിലേക്ക് പ്രധാനമായി തൊഴിലാളികളെ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഭരണനിര്‍വഹണവികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം പ്രത്യേക സമിതിക്ക് രൂപം നല്‍കി.
രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ക്ക് അനുസൃതമായാണോ റിക്രൂട്ട്മെന്‍റ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് എന്നുറപ്പാക്കാനാണ് സന്ദര്‍ശനം നടത്തുന്നത്. തൊഴിലാളികളെ രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്ന വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച്  സമതി വിശദമായ റിപ്പോര്‍ട്ട് തയാറാക്കും. തൊഴില്‍ മന്ത്രി ഡോ. ഈസ ബിന്‍ സഅദ് ജുഫൈലിയുടെ തീരുമാനപ്രകാരമാണ് പ്രത്യേക സമിതിക്ക് രൂപംനല്‍കിയത്. 
ഇതിനോടകം നാല് വിദേശ രാജ്യങ്ങള്‍ സമിതി സന്ദര്‍ശിച്ചു. ഈദുല്‍ ഫിത്വറിന് ശേഷം റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് പ്രത്യേക നിയന്ത്രണങ്ങള്‍ നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് സമിതി. 
തൊഴില്‍മേഖലയില്‍ സുതാര്യത ഉണ്ടാക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും യോഗ്യരായവരാണോ തൊഴിലെടുക്കുന്നതെന്ന് ഉറപ്പാക്കുന്നതിനും ഖത്തര്‍ ശക്തമായ നടപടികളെടുക്കുന്നതിന്‍െറ ഭാഗമായാണ് ഈ നടപടി. ഇതിന്‍െറ ഭാഗമായി ഖത്തറിലേക്ക് പ്രധാനമായും തൊഴിലാളികളെ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുമായി ബന്ധം വിപുലപ്പെടുത്തുമെന്ന പ്രഖ്യാപനവുമുണ്ടായി. 
നിര്‍മാണ മേഖലയിലെ ഖത്തരി കമ്പനികളുടെ പരാതിയെ തുടര്‍ന്നുകൂടിയാണ് നടപടി. ചില ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് അയക്കുന്ന നിര്‍മാണ, ഇലക്ട്രോണിക്സ് എന്‍ജിനീയര്‍മാര്‍ക്ക് മതിയായ യോഗ്യതകളില്ളെന്ന് കമ്പനികള്‍ പരാതി നല്‍കിയിരുന്നു. എന്‍ജിനീയര്‍മാരുടെ തസ്തികകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ടെക്നീഷ്യന്‍ യോഗ്യതയോ എന്‍ജിനീയര്‍മാരുടെ സഹായികളായി പ്രവര്‍ത്തിക്കാനുള്ള യോഗ്യതയേ ഉള്ളുവെന്നും പരാതിയില്‍ പറയുന്നു. മതിയായ യോഗ്യതയില്ലാത്ത എന്‍ജിനീയര്‍മാര്‍ ഉയര്‍ന്ന വേതനമാണ് നേടുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
തൊഴിലാളികളെ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ നിര്‍ബന്ധമായും അംഗീകൃത  റിക്രൂട്ടിങ് ഏജന്‍സികളുടെ പട്ടിക തൊഴിലാളികളെ തേടിയത്തെുന്ന ഖത്തരി കമ്പനികള്‍ക്ക് നല്‍കണമെന്ന വ്യവസ്ഥ സംബന്ധിച്ച് അന്തിമ നടപടിയിലാണ് മന്ത്രാലയം. ഉടന്‍ തന്നെ നടപടി പൂര്‍ത്തിയാകും. അംഗീകൃത ബിരുദ സര്‍ട്ടിഫിക്കറ്റോ മതിയായ പരിചയമോ ഇല്ലാത്തവരെ വിതരണം ചെയ്യാന്‍ പാടില്ളെന്നും മന്ത്രാലയം വ്യവസ്ഥ ചെയ്യുന്നുണ്ട്. 
രേഖകളില്‍ കൃത്രിമം കാണിക്കുന്നതിന് തടയിടുന്നതിനായി ഇത്തരക്കാര്‍ നിര്‍ബന്ധമായും ഖത്തറിലെ തുല്യത പരീക്ഷ വിജയിച്ചിരിക്കണം. പ്രവാസി തൊഴിലാളി വിപണിയെ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.