പേള്‍ ഖത്തറില്‍ വൈദ്യുതി നിലച്ചു

ദോഹ: ആഢംബര താമസ-വ്യാപാര മേഖലയായ പേള്‍ ഖത്തറില്‍ മണിക്കൂറുകളോളം വൈദ്യുതി നിലച്ചു. രാവിലെ ഏഴ് മണിക്ക് നിലച്ച വെദ്യുതി വിതരണം രാത്രി വൈകിയും പുന$സ്ഥാപിച്ചിട്ടില്ളെന്ന് താമസക്കാരെ ഉദ്ധരിച്ച് പ്രമുഖ വെബ്പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. പൊതു വൈദ്യുതി വിതരണ വകുപ്പായ കഹ്റമായുടെയും റിയല്‍ എസ്റ്റേറ്റ് കമ്പനിയായ യു.ഡി.സിയുടെയും എന്‍ജിനീയര്‍മാര്‍ തകരാര്‍ പരിഹരിക്കാന്‍ കഠിനശ്രമം നടത്തിവരികയാണ്. രണ്ടുമണിക്കൂര്‍ കൊണ്ട് പ്രശ്നം പരിഹരിക്കുമെന്നാണ് വേണ്ടിവരുമെന്നാണ് അധികൃതര്‍ ആദ്യം അറിയിച്ചതെങ്കിലും നടന്നില്ല. ഊര്‍ജ മന്ത്രി മുഹമ്മദ് സാലിഹ് അല്‍ സാദയും കഹ്റമാ പ്രസിഡന്‍റും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
പോര്‍ട്ടോ അറേബ്യ, വിവ ബഹ്രിയ, മദീന സെന്‍ട്രല്‍, കനാത് ക്വാര്‍ട്ടിയര്‍ തുടങ്ങിയ പാര്‍പ്പിട-വ്യാപാര സമുച്ചയങ്ങളില്‍ വൈദ്യുതി വിതരണം പൂര്‍ണമായി തകരാറിലാണ്. എന്നാല്‍, കരിബൗ കോഫി പോലുള്ള ചില സ്ഥാപനങ്ങള്‍ ഭാഗികമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഫയര്‍ അലാറം പ്രവര്‍ത്തിക്കാത്തതിനാല്‍ ചില കെട്ടിടങ്ങളില്‍നിന്ന് താമസക്കാരെ ഒഴിപ്പിച്ചതായും വാര്‍ത്തയുണ്ട്. ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ അനേകം നിലകളുള്ള കെട്ടിടങ്ങളിലെ താമസക്കാര്‍ ജോലി സ്ഥലങ്ങളിലേക്കും വിദ്യാലയങ്ങളിലേക്കും പുറപ്പെടാന്‍ പ്രയാസപ്പെട്ടു. 
ഏതാനും ഭാഗങ്ങളില്‍ വൈദ്യുതി പുനസ്ഥാപിക്കാനായി കഹ്റമായുടെ 16 ജനറേറ്ററുകള്‍ സ്ഥാപിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. പേള്‍ ഖത്തര്‍ വൈദ്യുതി വിതരണ കേന്ദ്രത്തിലെ സബ്സ്റ്റേഷനിലാണ് തകരാറെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തകരാറുകള്‍ പരിഹരിക്കാന്‍ ശ്രമിച്ചുവരികയാണെന്നും കഹ്റമാ അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു. 
പേള്‍ ഖത്തറിലെ താമസക്കാരില്‍ പലരും ട്വിറ്ററില്‍ രോഷത്തോടെയാണ് പ്രതികരിച്ചത്. പൊതു ജനങ്ങള്‍ക്കുണ്ടായ അസൗകര്യത്തില്‍ കഹ്റമാ ഖേദം പ്രകടിപ്പിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.