പ്രവാസികളും തെരഞ്ഞെടുപ്പ് ചൂടില്‍

ദോഹ: കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിന്‍െറ കേളികൊട്ടുയര്‍ന്നപ്പോള്‍ പതിവുപോലെ അലയൊലികള്‍ കടലിനിക്കരെയും. മുമ്പൊക്കെ ഗള്‍ഫിലെ തെരഞ്ഞെടുപ്പ് ചര്‍ച്ചയുടെ ചൂട് പകര്‍ന്നിരുന്നത് ബാച്ചിലര്‍ മുറികളിലും ജോലി സ്ഥലങ്ങളിലും സൗഹൃദ വട്ടങ്ങളിലുമായിരുന്നെങ്കില്‍ ഇപ്പോള്‍ ഫേസ്ബുകിലും വാട്ട്സ്ആപിലും കൂടിയുണ്ട് കോലാഹലങ്ങള്‍. പ്രബലമായ  പ്രവാസി പോഷക സംഘടനയുള്ള മുസ്ലിംലീഗ് തന്നെയാണ് ആദ്യം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്. ഗള്‍ഫിലെ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതും ലീഗിനെ കേന്ദ്രീകരിച്ചാണ്. ആകെ മത്സരിക്കുന്ന 24 സീറ്റുകളില്‍ 20 എണ്ണത്തിലാണ് ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ബാക്കിയുള്ള നാല് മണ്ഡലങ്ങളില്‍ ചിലത് സംബന്ധിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നത്. കെ.എം.സി.സിയുടെ പ്രാതിനിധ്യമുള്ള നേതാവ് മത്സരരംഗത്തുണ്ടാവുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഖത്തര്‍ കെ.എം.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയും ഇപ്പോഴത്തെ ഉപദേശകസമിതി അംഗവുമായ പാറക്കല്‍ അബ്ദുല്ലയുടെ പേരാണ് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മണ്ഡലത്തില്‍ ഉയരുന്നത്. ഒൗദ്യോഗിക പ്രഖ്യാപനമുണ്ടായില്ളെങ്കിലും അദ്ദേഹം മത്സരരംഗത്ത് സ്ഥാനമുറപ്പിച്ചതായാണ് വിവരം. മുസ്ലിം ലീഗ് കോഴിക്കോട് ജില്ല ട്രഷററായ പാറക്കല്‍ ഖത്തറില്‍ ബിസിനസുകാരനും ഇപ്പോഴും കെ.എം.സി.സിയില്‍ സജീവമായി ഇടപെടുന്നയാളുമാണ്. ലീഗിന്‍െറ മുഖപത്രമായ ചന്ദ്രികയുടെ ഖത്തര്‍ എഡിഷന്‍ ഗവേണിങ് ബോഡി ചെയര്‍മാനുമാണ്.
ലീഗ് സ്ഥിരമായി മത്സരിച്ചിരുന്ന കുറ്റ്യാടിയില്‍ കഴിഞ്ഞ തവണ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്ന സൂപ്പി നരിക്കാട്ടേരിയാണ് രംഗത്തുണ്ടായിരുന്നത്. ഇത്തവണ മണ്ഡലം കോണ്‍ഗ്രസിന് നല്‍കി പകരം നാദാപുരം വാങ്ങാന്‍ ആലോചിച്ചിരുന്നു. എന്നാല്‍, നാദാപുരത്താണ് മത്സരിക്കുന്നതെങ്കില്‍ സൂപ്പി തന്നെ വേണമെന്നാണ് അണികളില്‍ ഭൂരിഭാഗത്തിന്‍െറയും താല്‍പര്യം. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളിലും പ്രവാസികള്‍ക്കിടയില്‍ പോലും മുന്‍തൂക്കം സൂപ്പിക്കാണ്. ഏറെക്കാലം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍െറന്ന നിലയില്‍ പ്രദേശത്ത് കൊണ്ടുവന്ന വികസനങ്ങളുടെ പേരിലും ജനകീയനേതാവായുമാണ് സൂപ്പിയെ അണികള്‍ ഉയര്‍ത്തിക്കാണിക്കുന്നത്. ഫേസ്ബുക്, വാട്ട്സ് ആപ് ഗ്രൂപ്പുകള്‍ ഇത് സംബന്ധിച്ച വാദപ്രതിവാദങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. കെ.എം.സി.സിയുടെ പല ഘടകങ്ങളും നിയമസഭ സീറ്റ് നല്‍കണമെന്ന് നേരത്തെ തന്നെ ലീഗ് നേതൃത്വത്തോട് ആവശ്യമുന്നയിച്ചിരുന്നുവെങ്കിലും ഖത്തറിനാണ് പ്രവാസി പ്രതിനിധിയെ മത്സരരംഗത്തിറക്കാന്‍ അവസരമൊരുങ്ങുന്നത്. 
കെ.എം.സി.സി സൗദിഅറേബ്യയിലെ വിവിധ കമ്മിറ്റികള്‍ പ്രാതിനിധ്യത്തിന് വേണ്ടി ആവശ്യമുന്നയിച്ചിരുന്നു. സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ് കെ.പി മുഹമ്മദ് കുട്ടിയെ പരിഗണിക്കണമെന്ന തരത്തിലാണ് ഇവിടെനിന്ന് ആവശ്യമുയര്‍ന്നത്. ദുബൈ കെ.എം.സി.സിയില്‍ നിന്നും ചില പേരുകള്‍ കേട്ടിരുന്നു. ആദ്യഘട്ടത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച ലീഗ് സ്ഥാനാര്‍ഥികളുടെ സാധ്യതപട്ടികയില്‍ ഖത്തര്‍ കെ.എം.സി.സി പ്രസിഡന്‍റ് എസ്.എ.എം ബഷീറിന്‍െറ പേരും കണ്ടിരുന്നു. സാധ്യത വളരെ കുറവാണെങ്കിലും സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുന്ന സമയത്ത് അദ്ദേഹം നാട്ടിലായിരുന്നതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും പുറത്തും അത് ചര്‍ച്ചയായി. സ്വന്തം ജില്ലയിലെ കാസര്‍കോട് മണ്ഡലത്തിലേക്കാണ് അദ്ദേഹത്തിന്‍െറ പേര് കേട്ടത്. പട്ടിക ഒൗദ്യോഗികമായിരുന്നില്ളെങ്കിലും അദ്ദേഹത്തിന്‍െറ പേര് ചര്‍ച്ചകളില്‍ ഉയരാന്‍ ഇത് കാരണമായി. എന്നാല്‍ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ഇതിനകം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
ലീഗിന് പുറമെ വെല്‍ഫയര്‍ പാര്‍ട്ടിയും സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതോടെ സാമൂഹിക മാധ്യമങ്ങളിലൂടെ വോട്ടഭ്യര്‍ഥിച്ചുള്ള സന്ദേശങ്ങളും പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. ഇത്തവണയും വോട്ട് ചെയ്യാന്‍ കഴിയില്ളെങ്കിലും പ്രവാസികളാണ് ഇത്തരം പ്രചാരണങ്ങളില്‍ മുന്‍പന്തിയിലുണ്ടാവാറുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.