ദോഹ: ഖത്തറിലേക്കുളള വ്യോമാതിർത്തി അടച്ചതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇൻറർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) നൽകിയ നിർദേശം ഉപരോധ രാജ്യങ്ങൾ അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണെന്ന് ഖത്തർ. അംഗീകരിക്കാതിരുന്നാൽ സംഘടനയുടെ നടപടിക്ക് ഈ രാജ്യങ്ങൾ വിധേയമാകേണ്ടി വരുമെന്ന് ഖത്തർ ഏവിയേഷൻ വൃത്തങ്ങൾ സൂചന നൽകി.
വ്യോമാതിർത്തി തുറക്കാതിരുന്നാൽ രാജ്യാന്തര കോടതിയെ സമീപിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കഴിഞ്ഞ മാസം 31ന് കനഡയിൽ ചേർന്ന ഐ.സി.എ.ഒ പ്രത്യേക യോഗത്തിൽ ഖത്തറിെൻറ പരാതി ചർച്ചക്കെടുത്തിരുന്നു. വ്യോമാതിർത്തി ഉപരോധിക്കരുതെന്ന നിർദേശമാണ് ഐ.സി.എ.ഒ അന്ന് ഉപരോധ രാജ്യങ്ങൾക്ക് നൽകിയത്. 1944 ലെ ഷിക്കാഗോ ഉടമ്പടി പാലിക്കാൻ അംഗ രാജ്യങ്ങൾ ബാധ്യസ്ഥരാണെന്ന് സംഘടന വ്യക്തമാക്കി. ഇതനുസരിച്ച് യുദ്ധ സാഹചര്യങ്ങളിലല്ലാതെ ഒരു രാജ്യത്തിനും വ്യോമാതിർത്തി തടയാൻ അനുവാദമില്ല. അടിയന്തിര ഘട്ടങ്ങളിൽ മാത്രമല്ല സാധാരണ യാത്രാ വിമാനങ്ങൾക്കും അനുമതി നൽകണമെന്നാണ് സംഘടന നിർദേശിച്ചിട്ടുള്ളത്.
ഐ.സി.എ.ഒയുടെ നിലപാട് ഖത്തറിെൻറ വിജയമാണെന്ന് സിവിൽ ഏവിയേഷൻ ചെയർമാൻ അബ്ദുല്ല ബിൻ നാസർ തുർക്കി അസ്സബീഇ വ്യക്തമാക്കി. ജൂൺ അഞ്ച് മുതൽ ഖത്തറിന് മേൽ ഉപരോധം പ്രാഖ്യാപിച്ച സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ കര–കടൽ– വ്യോമ അതിർത്തികളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇത്തരമൊരു ഉപരോധം പ്രഖ്യാപിക്കാൻ ഈ രാജ്യങ്ങൾക്ക് അവകാശമില്ലെന്ന നിലപാടാണ് ഖത്തർ സ്വീകരിച്ചിരിക്കുന്നത്. ഇതിരെ അന്താരാഷ്ട്ര തലത്തിൽ അനുകൂല അഭിപ്രായമാണ് ഖത്തർ നേടിയെടുത്തത്. ഈ നാല് രാജ്യങ്ങളുടെ അതിർത്തികൾ ഉപയോഗിക്കതെ തന്നെ മറ്റ് രാജ്യങ്ങളിലേക്ക് സർവിസ് നടത്താൻ കഴിഞ്ഞതും കടൽ മാർഗം അവശ്യ സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ സാധിച്ചതും ഖത്തറിതെിരെ നിലപാടെടുത്ത രാജ്യങ്ങളെ പ്രതിരോധത്തിലാക്കുകയാണ് ചെയ്തതെന്ന് സിവിൽ ഏവിയേഷൻ ചെയർമാൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.