ദോഹ: 2022 ലോകകപ്പിലെ മുഴുവൻ മത്സരങ്ങളും ഖത്തറിൽ തന്നെ നടക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി. ഗൾഫ് പ്രതിസന്ധി മൂലം ലോകകപ്പ് മത്സരങ്ങൾ ഖത്തറിൽ നിന്നും മാറ്റുമെന്ന ഉൗഹങ്ങൾ നിലനിൽക്കെയാണ് ഹസൻ അൽ തവാദി നയം വ്യക്തമാക്കിയിരിക്കുന്നത്. ഖത്തറിനെതിരായ ഉപരോധം എട്ടാം മാസത്തിലേക്ക് കടന്നെങ്കിലും ലോകകപ്പിനുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി പുരോഗമിക്കുകയാണ്. നിശ്ചയിച്ച സമയത്തിനുള്ളിൽ സ്റ്റേഡിയങ്ങളടക്കമുള്ള പദ്ധതികളെല്ലാം പൂർത്തിയാക്കുമെന്നും ഹസൻ അൽ തവാദി പറഞ്ഞു.
2022ലെ ഫിഫ ലോകകപ്പ് ചാമ്പ്യൻഷിപ്പിന് ഖത്തർ ഒറ്റക്കാണ് ആതിഥ്യം വഹിക്കുന്നത്. അതിനാൽ തന്നെ മുഴുവൻ മത്സരങ്ങളും നിശ്ചയിച്ച എട്ട് സ്റ്റേഡിയങ്ങളിലായി ഖത്തറിൽ തന്നെ നടക്കുമെന്നും എ.എഫ്.പിക്ക് നൽകിയ അഭിമുഖത്തിൽ തവാദി വ്യക്തമാക്കി. നിലവിലെ പ്രതിസന്ധികൾ മൂലം 2022ലെ ലോകകപ്പ് മത്സരങ്ങൾ മേഖലയിലെ മറ്റെവിടേക്കെങ്കിലും മാറ്റി നടത്തുമെന്ന മാധ്യമ വാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2020ഓടെ ലോകകപ്പിനുള്ള മുഴുവൻ സ്റ്റേഡിയങ്ങളും നിർമ്മാണം പൂർത്തിയാക്കുമെന്നും ഈ വർഷം അവസാനം ലോകകപ്പിനുള്ള സ്റ്റേഡിയങ്ങളുടെ എണ്ണം ഫിഫ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ വ്യക്തമാക്കി. ലോകകപ്പ് പദ്ധതികൾ സമയക്രമം പാലിച്ച് തന്നെയാണ് മുന്നോട്ട് നീങ്ങുന്നതെന്നും ഖത്തറിെൻറ ഒരുക്കങ്ങളിൽ ഫിഫ സംതൃപ്തി പ്രകടിപ്പിച്ചതായും അൽ തവാദി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.