ദോഹ: കുവൈത്തിന് പ്രതിവർഷം 30 ലക്ഷം ടൺ ദ്രവീകൃത പ്രകൃതി വാതക വിതരണം ഉറപ്പാക്കി ഖത്തർ എനർജിയും കുവൈത്ത് പെട്രോളിയം കോർപറേഷനും കരാറിൽ ഒപ്പുവെച്ചു. 15 വർഷത്തെ ദീർഘ കരാറിലാണ് ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്. കുവൈത്തിൽ നടന്ന ചടങ്ങിൽ ഖത്തർ എനർജി സി.ഇ.ഒയും ഊർജ സഹമന്ത്രിയുമായ എൻജി. സഅദ് ബിൻ ഷെരിദ അൽ കഅബി, കെ.പി.സി ഡെപ്യൂട്ടി ചെയർമാനും ചീഫ് എക്സിക്യൂട്ടിവുമായ ശൈഖ് നവാഫ് സൗദ് അൽ നാസർ അസ്സബാഹ് എന്നിവർ ഒപ്പുവെച്ചു.
കുവൈത്തിന്റെ സുസ്ഥിര ഊർജപദ്ധതികൾക്കുള്ള പിന്തുണയും ഊർജ പ്രതിസന്ധികൾക്കുള്ള പരിഹാരവുമായാണ് ദ്രവീകൃത പ്രകൃതി വാതക വിതരണ കരാർ യാഥാർഥ്യമാവുന്നത്. കരാർ പ്രകാരം 2025 ജനുവരി മുതൽ ഖത്തർ എനർജിയിൽനിന്നുള്ള ഇന്ധനവിതരണം ആരംഭിക്കും. ഖത്തർ എനർജിയുടെ ക്യൂ െഫ്ലക്സ്, ക്യൂ മാക്സ് എൽ.എൻ.ജി കപ്പലുകൾ വഴി കുവൈത്തിന്റെ അൽ സൂർ എൽ.എൻ.ജി ടെർമിനലിലേക്കായിരിക്കും എത്തിക്കുന്നത്.
2020ൽ ഇരുരാജ്യങ്ങളും ആദ്യ കരാറിൽ ഒപ്പുവെച്ചതിന്റെ തുടർച്ചയായാണ് പുതിയ കരാർ. ഊർജം ഉൾപ്പെടെ എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ കരുത്തായും കരാറിനെ വിലയിരുത്തുന്നു. കുവൈത്തിന്റെ വൈദ്യുതി ഉൽപാദനത്തിന്റെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാനും വിശ്വസനീയവും സുസ്ഥിരവുമായ ഊർജ വിതരണം ഉറപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗവുമാണ് കരാർ.
വൈദ്യുതി ഉൾപ്പെടെ ഊർജ ഉൽപാദന മേഖലയിലെ കുവൈത്തിന്റെ സുസ്ഥിര പദ്ധതികളെ പിന്തുണക്കുന്നതിന്റെ ഭാഗമാണ് ഖത്തർ എനർജിയും കെ.പി.സിയും പുതിയ ദീർഘകാല പങ്കാളിത്ത കരാർ യാഥാർഥ്യമാകുന്നതെന്ന് സഅദ് ഷെരിദ അൽ കഅബി പറഞ്ഞു. അടുത്ത സൗഹൃദ രാജ്യമായ കുവൈത്തുമായുള്ള ഈ ദീർഘകാല പങ്കാളിത്തം സന്തോഷം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.