ദോഹ: ദിവസങ്ങൾ നീണ്ട ഇടവേളക്കു ശേഷം ഖത്തറിലെ പ്രതിദിന രോഗികളുടെ എണ്ണം നാലായിരത്തിന് താഴെയെത്തി. തിങ്കളാഴ്ച 3,998 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, നിലവിലെ രോഗികളുടെ എണ്ണം 40,000 കടന്നു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 41,717 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായുള്ളത്. ഒരു മരണവും റിപ്പോർട്ട് ചെയ്തു. 71കാരനാണ് കഴിഞ്ഞ ദിവസം കോവിഡിനെ തുടർന്ന് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 627ലെത്തി. കോവിഡ് വ്യാപനത്തിനിടയിലും രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നത് ആരോഗ്യ മേഖലക്ക് ആശ്വാസമാണ്. 2,879 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. 612 പേരാണ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരിൽ 76 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐ.സി.യുകളിൽ 87 പേരും ചികിത്സയിലുണ്ട്. ഏഴുപേരെയാണ് പുതുതായി പ്രവേശിപ്പിച്ചത്. രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ പൊതുവിടങ്ങളിലും മറ്റുമായി കോവിഡ് മുൻകരുതലുകൾ കൂടുതൽ കാര്യക്ഷമമാക്കാൻ അധികൃതർ നിർദേശിക്കുന്നു. മാസ്ക് അണിയുക, സാമൂഹിക അകലം പാലിക്കുക, അർഹരായവർ ബൂസ്റ്റർ ഡോസ് സ്വീകരിച്ച് പ്രതിരോധ ശേഷി ഉറപ്പാക്കുക എന്നിവയാണ് രോഗത്തെ ചെറുക്കാനായി നിർദേശിക്കുന്ന പ്രധാന നിർദേശങ്ങൾ.
പ്രോട്ടോകോൾ ലംഘനം: 579 പേർക്കെതിരെ നടപടി
ദോഹ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച കേസിൽ 579 പേർക്കെതിരെ നടപടി സ്വീകരിച്ചു. 441 പേർക്കെതിരെ മാസ്ക് അണിയാത്തതിനാണ് നടപടി. 132 പേർ സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിനും പിടിക്കപ്പെട്ടു. മൂന്ന് പേർ ഇഹ്തിറാസ് ആപ്ലിക്കേഷൻ കൈയിലില്ലാത്തതിനാലും നടപടി നേരിട്ടു. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ വാഹനം ഓടിച്ച സംഭവത്തിൽ ഒരാൾക്കെതിരെ പിഴചുമത്തി. നാലു പേരിൽ കൂടുതൽ പേർ ഒരു വാഹനത്തിൽ യാത്രചെയ്യരുത് എന്നാണ് നിർദേശം. രണ്ടു പേർക്കെതിരെ ക്വാറന്റീൻ ചട്ടം ലംഘിച്ചതിനും നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.