ദോഹ: ലോകകപ്പ് കാണികൾക്കുള്ള ഫാൻ ഐഡിയായ ഹയാകാർഡിന് ഇതുവരെ 4.5 ലക്ഷം പേർ അപേക്ഷിച്ചതായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി എക്സിക്യൂട്ടിവ് ഡയറക്ടർ സഈദ് അൽ കുവാരി അറിയിച്ചു. സൗദി, അമേരിക്ക, ബ്രിട്ടൻ, മെക്സികോ എന്നിവിടങ്ങളിൽനിന്നാണ് ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത്. ഇതിനകം ഖത്തറിലും വിദേശരാജ്യങ്ങളിലുമായി രണ്ടു ലക്ഷം പ്രിന്റ് ചെയ്ത കാർഡുകൾ വിതരണം ചെയ്തു. ഹോം ഡെലിവറി വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കാർഡ് എത്തിക്കുന്നതായും അറിയിച്ചു.
ഹമദ് വിമാനത്താവളം ഉൾപ്പെടെ വിവിധ പ്രിന്റിങ് കേന്ദ്രങ്ങളുമുണ്ടാവും. നവംബർ ഒന്ന് മുതലാണ് വിദേശരാജ്യങ്ങളിൽനിന്നുള്ള ഹയാ കാർഡ് ഉടമകൾക്ക് ഖത്തറിലേക്ക് പ്രവേശനം നൽകുന്നത്. ഡിസംബർ 23വരെ ഇവർക്ക് രാജ്യത്ത് എത്താൻകഴിയും. 2023 ജനുവരി 23 വരെ രാജ്യത്ത് തുടരാൻ അനുവാദമുണ്ട്. ലോകകപ്പ് സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനത്തിന് ഹയാ കാർഡ് നിർബന്ധമാണ്. പൊതുഗതാഗത സംവിധാനങ്ങളിൽ സൗജന്യ യാത്രാസൗകര്യവുമുണ്ടാവും.
ഹയാകാർഡിൽ ടിക്കറ്റില്ലാത്ത അതിഥികളെ ഉൾപ്പെടുത്താനുള്ള സൗകര്യം ഒക്ടോബർ ആദ്യ വാരത്തിൽ പ്രവർത്തനസജ്ജമാവുമെന്നും സഈദ് അൽ കുവാരി പറഞ്ഞു. ഇതോടെ, ഹയാകാർഡ് ഉടമകൾക്ക് മാച്ച് ടിക്കറ്റില്ലാത്ത സ്വന്തക്കാരെ രജിസ്റ്റർ ചെയ്യാൻ കഴിയും. 500 റിയാലാണ് ഒരാൾക്കായി നൽകേണ്ടത്. 12 വയസ്സിന് താഴെയുള്ളവർക്ക് രജിസ്ട്രേഷൻ സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.