ദോഹ: ജീവന്റെ പാതി ദാനമായി നൽകി, മറ്റുള്ളവരുടെ ജീവന് കരുതലാവാൻ സജ്ജമായി രംഗത്തെത്തിയവരുടെ എണ്ണം അഞ്ചുലക്ഷം കവിഞ്ഞതായി ഖത്തർ അവയവദാന കേന്ദ്രം മേധാവി. അടുത്തിടെയായി അവയവ ദാനത്തിന് താൽപര്യമറിയിച്ച് രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ടെന്നും, ബോധവത്കരണം സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും കേന്ദ്രം മേധാവി ഡോ. റിയാദ് ഫാദിൽ പറഞ്ഞു.
അവയവദാന പരിപാടിയുടെ ഭാഗമായുള്ള അവയവദാന രജിസ്ട്രിയിൽ രാജ്യത്തെ ജനസംഖ്യയുടെ 25 ശതമാനത്തോളം പേർ രജിസ്റ്റർ ചെയ്തതായും ഇത് പുതിയ അവയവദാന പരിപാടികൾ അവതരിപ്പിക്കാൻ പ്രേരണയായതായും ഡോ. റിയാദ് ഫാദിൽ കൂട്ടിച്ചേർത്തു.
ഹമദ് മെഡിക്കൽ കോർപറേഷനിൽ ഈ വർഷത്തിനുള്ളിൽ ഹൃദയം മാറ്റിവെക്കൽ പദ്ധതി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാധ്യതയുള്ള അവയവദാതാക്കളായി രജിസ്റ്റർ ചെയ്യുന്ന ആളുകൾ അവരുടെ മരണശേഷം അവയവം ദാനം ചെയ്യാൻ സമ്മതിച്ചിട്ടുണ്ട്. അത്തരത്തിൽ അരലക്ഷം ദാതാക്കളിലേക്ക് എത്തിച്ചേർന്നു. ജനസംഖ്യയുടെ 25 ശതമാനമായതിനാൽ സവിശേഷമാണിതെന്നും ലോകത്ത് മറ്റൊരിടത്തും ഈ നേട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിയമപരമായ നടപടികൾ പാലിച്ചാണ് രജിസ്ട്രേഷൻ. ഓൺലൈൻ വഴി സാധാരണ രജിസ്ട്രേഷനല്ലെന്നും ആളുകളുമായി മുഖാമുഖ സംഭാഷണങ്ങളിലൂടെയാണ് ഇത് പൂർത്തിയാവുകയെന്നും അദ്ദേഹം പറഞ്ഞു. ഷോപ്പിങ് മാളുകളിൽ ആളുകളെ സമീപിച്ച് അവരോട് സംസാരിക്കുകയും അവയവദാനം എന്താണെന്ന് പഠിപ്പിക്കുകയും ചെയ്തശേഷം മാത്രമാണ് രജിസ്റ്റർ ചെയ്യുന്നത്.
ഓരോ വർഷവും മരണമടഞ്ഞ ദാതാക്കളുടെയും ജീവിച്ചിരിക്കുന്ന ദാതാക്കളുടെയും എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായി പുതിയ പരിപാടികൾ ആരംഭിക്കുന്നുണ്ടെന്നും ട്രാൻസ്പ്ലാന്റുകളുടെ എണ്ണം രാജ്യത്ത് വർധിച്ചുവരുകയാണെന്നും ഞങ്ങൾ ഇപ്പോൾ വൃക്കകൾ മാറ്റിവെക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഈ വർഷം ഞങ്ങൾ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള നടപടികളാരംഭിക്കുമെന്നും ഇതിനുവേണ്ടി ആരോഗ്യ പ്രവർത്തകർക്കുള്ള പരിശീലനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഡോ. ഫാദിൽ പറഞ്ഞു.
വ്യക്തികളുടെ ദേശീയ രഹസ്യസ്വഭാവമുള്ള പട്ടികയാണ് അവയവദാതാക്കളുടെ രജിസ്ട്രി. ഒരു വ്യക്തി അവയവദാതാവാകാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടോ എന്ന് വേഗത്തിൽ അറിയാൻ ഈ രജിസ്ട്രി സഹായകമാകും.
അവയവം മാറ്റിവെക്കുന്ന പ്രക്രിയ ഒരു ജീവൻരക്ഷാ പ്രക്രിയയാണ്. ഒരാളുടെ വിട്ടുമാറാത്ത തകരാറുകളുള്ള അവയവങ്ങൾ മാറ്റിവെക്കുന്നതിലൂടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കും.
മരിച്ച ഒരു ദാതാവിന് എട്ട് ജീവൻവരെ രക്ഷിക്കാനാകും. അതോടൊപ്പം ജീവിച്ചിരിക്കുമ്പോൾ തന്നെ വൃക്കയോ കരളിന്റെ ഭാഗമോ ദാനം ചെയ്യാൻ സാധിക്കും. ഖത്തറിൽ നിലവിൽ വൃക്ക, കരൾ, ശ്വാസകോശം, മൂലകോശം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടന്നു കൊണ്ടിരിക്കുന്നുണ്ട്. ശ്വാസകോശം മാറ്റിവെക്കലാണ് ഖത്തറിൽ നടന്ന ഏറ്റവും പുതിയ പ്രോഗ്രാം. 2021 ജൂണിലായിരുന്നു വിജയകരമായ ആദ്യ ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. റമദാനിൽ ഹമദ് മെഡിക്കൽ കോർപറേഷന്റെ വാർഷിക അവയവദാന കാമ്പയിൻ ഈയാഴ്ച ആരംഭിക്കുമെന്ന് ഡോ. റിയാദ് ഫാദിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.