ദോഹ: ഖത്തറിലെ വാക്സിനേഷൻ അതിവേഗത്തിൽ പൂർത്തിയാക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ സെൻറർ പ്രവർത്തനസജ്ജമാക്കി പ്രതിരോധകുത്തിവെപ്പ് യത്നത്തിന് അതിവേഗം പകർന്ന ഖത്തർ ഈ വർഷം അവസാനത്തോടെ ജനസംഖ്യയുടെ 80 ശതമാനം വാക്സിനേഷൻ പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രാലയത്തിലെ വാക്സിനേഷൻ മേധാവി ഡോ. സോഹ അൽ ബയാത് അറിയിച്ചു. സാമൂഹിക ബോധവൽകരണം, സ്വദേശികളും വിദേശികളുമായി പൗരന്മാരുടെ സഹകരണം എന്നിവരുടെ സഹകരണവും പിന്തുണയുംകൊണ്ട് രാജ്യത്തെ വാക്സിനേഷൻ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് അവർ പറഞ്ഞു.
ഖത്തർ ടി.വിക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഡോ. സോഹ അൽ ബയാത്. ലോകത്ത് ഏറ്റവും ഫലപ്രദമായും ആസൂത്രണമികവോടെയും കോവിഡിനെ നിയന്ത്രിക്കുന്ന രാജ്യമായി ഖത്തർ മാറുകയാണെന്നും അവർ വ്യക്തമാക്കി. 'രാജ്യത്തെ ജനസംഖ്യയുടെ 80ശതമാനം വാക്സിനേഷൻ എടുക്കുന്നതോടെ കോവിഡ് വ്യാപന ഭീഷണി ഒഴിയും. ഈ ലക്ഷ്യം വർഷാവസാനത്തോടെ തന്നെ കൈവരിക്കാൻ കഴിയും' - ഡോ. സോഹ അൽ ബയാത് പറഞ്ഞു. 'അൽ വക്റയിലെയും ലുസൈലിലെയും താൽക്കാലിക ഡ്രൈവ്ത്രു വാക്സിനേഷൻ സെൻററുകൾ രാജ്യത്തെ കോവിഡ് വാക്സിനേഷൻ സജീവമാക്കുന്നതിൻെറ ഭാഗമായാണ് ആരംഭിച്ചത്.
ഇത് ലക്ഷ്യം കണ്ടിട്ടുണ്ട്. ബിസിനസ്-ഇൻഡസ്ട്രി സെക്ടറിലെ പുതിയ വാക്സിനേഷൻ സെൻറർ സമ്പൂർണ ശേഷിയിൽ പ്രവർത്തന സജ്ജമാവുന്നതോടെ ലക്ഷ്യത്തിലേക്ക് കൂടുതൽ വേഗത്തിൽ എത്തുകയും ചെയ്യും.ഏറ്റവും ഫലപ്രദവും പ്രതിരോധശേഷിയുള്ളതും പാർശ്വഫലങ്ങളില്ലാത്തതുമായ രണ്ട് വാക്സിനുകളാണ് രാജ്യത്ത് നൽകുന്നതെന്ന് വാക്സിനേഷൻ മേധാവി പറഞ്ഞു.
ഇതിനകം ഖത്തറിലെ വാക്സിനേഷൻ ഡോസുകളുടെ എണ്ണം 30 ലക്ഷം കടന്നു. വാക്സിനേഷൻ പ്രോഗ്രാം ആരംഭിച്ചതുമുതലുള്ള കണക്കാണിത്. അവസാന 24 മണിക്കൂറിനുള്ളിൽ 33,669 ഡോസ് കുത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.