ദോഹ: മൂന്നാഴ്ചയിൽ കുറഞ്ഞ ദിവസങ്ങളുടെ കാത്തിരിപ്പു മാത്രം ശേഷിക്കെ, ഒക്ടോബർ രണ്ടിന് തുടക്കം കുറിക്കുന്ന ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോയുടെ ഒരുക്കം പൂർത്തിയാക്കി സംഘാടകർ. 88 രാജ്യങ്ങൾ എക്സ്പോയിൽ പങ്കാളികളാകുമെന്ന് എക്സ്പോ കമീഷണർ ജനറൽ ബദർ അൽ ദഫ അറിയിച്ചു.
ആറുമാസം നീണ്ടുനിൽക്കുന്ന എക്സ്പോയുടെ തയാറെടുപ്പുകൾ സംബന്ധിച്ച് പങ്കാളികളാകുന്ന രാജ്യങ്ങളുടെ കമീഷണർ ജനറൽമാരുമായി ദോഹ എക്സ്പോ സംഘാടകരുടെ അവസാനവട്ട അവലോകന യോഗം കഴിഞ്ഞ ദിവസം ചേർന്നു. ഇതിനിടെയാണ് എക്സ്പോയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം സംബന്ധിച്ച് അധികൃതർ വ്യക്തത വരുത്തിയത്. പരിസ്ഥിതിയും, കൃഷിയും പ്രമേയമാവുന്ന ഹോർട്ടികൾചറൽ എക്സ്പോയിൽ, ഏറ്റവും വലിയ പങ്കാളിത്തത്തിനാണ് ഖത്തർവേദിയൊരുക്കുന്നത്.
എക്സ്പോയിലേക്ക് 30 ലക്ഷം സന്ദർശകരെ പ്രതീക്ഷിക്കുന്നതായും അൽ ദഫ പറഞ്ഞു. പ്രധാനമായും മൂന്ന് ആശയങ്ങളിൽ കേന്ദ്രീകരിച്ചാണ് എക്സ്പോയെന്ന് അദ്ദേഹം വിശദീകരിച്ചു. പുതുമയേറിയ കണ്ടെത്തലുകൾ, സാങ്കേതിക വത്കരണം, വിദ്യാഭ്യാസം, കാലാവസ്ഥ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട ആശയങ്ങളുടെ കൈമാറ്റമാണ് എക്സ്പോയുടെ പ്രധാന ഘടകങ്ങൾ.
കാലാവസ്ഥ വ്യതിയാനം ഒരു യാഥാർഥ്യവും നിരവധി രാജ്യങ്ങൾ നേരിടുന്നതുമായ ഒന്നാണ്. വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ലഭ്യതക്കുറവും പ്രധാന വെല്ലുവിളിയാണ്. കാർഷിക മേഖലയിലെ നിക്ഷേപക്കുറവും, ഭക്ഷ്യദൗർബല്യവും പട്ടിണിയും ലോകത്തിനു മുന്നിലെ കാഴ്ചകളാണ് -അദ്ദേഹം വിശദീകരിച്ചു.
വ്യവസായ രാജ്യങ്ങൾ അവികസിത രാജ്യങ്ങളുടെ ക്ഷേമത്തിനായി 10000 കോടി ഡോളറിന്റെ സഹായങ്ങൾ പ്രഖ്യാപിച്ചിട്ടും അവയിൽ 20ശതമാനംപോലും അർഹരായ ആളുകളിലേക്ക് എത്തിയില്ലെന്ന് എക്സ്പോ പ്രതിനിധി പറഞ്ഞു. കാർഷിക മേഖല ആധുനികവത്കരിക്കാൻ ആവശ്യമായ സാങ്കേതിക വിദ്യകളുടെ ആവശ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാങ്കേതിക മികവ് ഉപയോഗപ്പെടുത്തി ചില ഇനം പച്ചക്കറി കൃഷികളിൽ ഖത്തർ സ്വയംപര്യാപ്തത നേടി. പഴങ്ങൾ, പാൽ ഉൽപന്നങ്ങൾ തുടങ്ങിയ മേഖലകളിലും ഖത്തർ മികവു നേടിയെന്നും അൽ ദഫ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കലാകാരന്മാർ ഒത്തുചേരുന്ന എക്സ്പോ അവിസ്മരണീയമായ സംഗീത, കല, സാംസ്കാരിക വിരുന്ന് കൂടി സന്ദർശകർക്ക് സമ്മാനിക്കുമെന്നും ചൂണ്ടിക്കാട്ടി. ഭക്ഷ്യവൈവിധ്യങ്ങളും ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.