ദോഹ: ഖുര്‍ആന്‍ പഠനകേന്ദ്രങ്ങളെ സഹായിക്കുന്നതിെൻറ ഭാഗമായി ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം 'അല്‍ ഉത്റുജ'നിക്ഷേപ പദ്ധതി പൂര്‍ത്തിയാക്കി. ഇത് പ്രകാരം ഏകദേശം 70 മില്യന്‍ ഖത്തര്‍ റിയാല്‍ ചെലവില്‍ പൂര്‍ത്തിയാക്കിയ പദ്ധതിയില്‍ രണ്ട് കെട്ടിടങ്ങളിലായി 112 അപ്പാര്ട്ട്മെൻറുകളാണ് ഉള്‍പ്പെടുന്നത്.
ഖുര്‍ആന്‍ പഠിതാക്കൾ കൂടുന്ന സാഹചര്യത്തിൽ അവർക്ക് മതിയായ സൗകര്യം ഒരുക്കുക കൂടിയാണ് ലക്ഷ്യം. കൂടുതൽ പഠിതാക്കളെ ഉള്‍ക്കൊള്ളിക്കാന്‍ പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇതിനായി അപ്പാര്‍ട്ട്മെൻറുകള്‍ വാടകക്ക് നൽകി വരുമാനമുണ്ടാക്കുകയാണ് പദ്ധതിക്കുപിന്നിലുളള ആശയം. വരും ദിവസങ്ങളില്‍ അല്‍ ഉത്റുജ പദ്ധതി പ്രവര്‍ത്തനം തുടങ്ങുമെന്ന് ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ ജനറല്‍ എന്‍ഡോവ്മെൻറ് ജനറല്‍ ഡയറക്ടര്‍ ശൈഖ് ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് ആൽഥാനി വകുപ്പ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ആണ്‍കുട്ടികള്‍ക്ക് 131ഉം പെണ്‍കുട്ടികള്‍ക്ക് 22ഉം ആയി രാജ്യത്താകമാനം 153 കേന്ദ്രങ്ങളാണ്. നിലവില്‍ 26,489 കുട്ടികളാണ് ഈ കേന്ദ്രങ്ങളില്‍ പഠിക്കുന്നത്. വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിന് മന്ത്രാലയത്തിെൻറ പദ്ധതി പ്രകാരം വിശുദ്ധ ഖുര്‍ആന്‍ വിഭാഗം നിരവധി പുതിയ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് ഡോ. ഖാലിദ് പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയശേഷം പള്ളികളില്‍ പ്രത്യേകമായി പ്രവര്‍ത്തിച്ചിരുന്ന പല കേന്ദ്രങ്ങളും വീണ്ടും തുറന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനം തടയാന്‍ ബന്ധപ്പെട്ട അധികാരികള്‍ സ്വീകരിച്ച നടപടികള്‍ക്കു പിന്നാലെ കേന്ദ്രങ്ങള്‍ ക്രമേണ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഖുര്‍ആനും പ്രവാചക പാരമ്പര്യവും കുടുംബവും ബാല്യകാല പരിചരണവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ വികസനം, പള്ളിയിലെ സേവനങ്ങള്‍, ആരോഗ്യസംരക്ഷണം എന്നിങ്ങനെ ആറ് എന്‍ഡോവ്മെൻറ് ഫണ്ടുകളുടെ പ്രധാന പദ്ധതികള്‍ അദ്ദേഹം പ്രഖ്യാപിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഖുര്‍ആന്‍ പഠിക്കുന്നതിനും മനഃപാഠമാക്കുന്നതിനുമുള്ള കോഴ്സില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ തഹൂദ് വഴി 6256 ആണ്‍കുട്ടികളും 1813 പെണ്‍കുട്ടികളുമാണ് പങ്കെടുത്തത്.
കൂടുതല്‍ പേരെ ഉള്‍പ്പെടുത്താന്‍ പുതിയ പള്ളികള്‍ പണിയുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ എന്‍ഡോവ്മെൻറ് ഫണ്ട് പിന്തുണ നൽകുന്നുണ്ട്. 2020ല്‍ മൊത്തം 22 പ്രോജക്ടുകളാണ് പൂര്‍ത്തിയാക്കിയത്. 30 പ്രോജക്ടുകള്‍ നിര്‍മാണഘട്ടത്തിലാണ്.
കഴിഞ്ഞവര്‍ഷം എട്ട് പുതിയ താൽക്കാലിക പള്ളികളാണ് നിര്‍മിച്ചത്. ഇത്തരത്തിലുള്ള അഞ്ചു പള്ളികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 72 യൂനിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്കും മതപഠന കേന്ദ്രങ്ങളിലെ 37 രാജ്യങ്ങളില്‍ നിന്നുള്ള 204 വിദ്യാര്‍ഥികള്‍ക്കും ഇഹ്സാന്‍ സ്കൂളെന്ന അല്‍ സിലം സ്കൂള്‍ ഓഫ് എന്ഡോവ്മെൻറിലെ എട്ടു രാജ്യങ്ങളിലെ 438 വിദ്യാര്‍ഥികള്‍ക്കും 11 രാജ്യങ്ങളിലെ 32 അംഗവൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്കും സ്കോളര്‍ഷിപ്പ് നൽകിയിട്ടുണ്ട്.
Islamweb.net എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ 303 ദശലക്ഷത്തിലധികം പേരാണ് സന്ദര്‍ശിച്ചത്. 18,255 മതവിധികളും 14366 കണ്സൽട്ടേഷനുകളും നടത്തുകയും അറുന്നൂറിലേറെ ലേഖനങ്ങള്‍ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്യുകയുംചെയ്തു.
ശൈഖ് അലി ബിന്‍ അബ്ദുല്ല എന്‍ഡോവ്മെൻറ് ലൈബ്രറിക്ക് കീഴില്‍ അറബിയില്‍ 78,500 പുസ്തകങ്ങളും ഇംഗ്ലീഷില്‍ 5,700 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. ഖത്തര്‍ കലണ്ടറിെൻറ 45,000 പകര്‍പ്പുകളും ലൈബ്രറി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ഡോ. ഖാലിദ് അറിയിച്ചു.
വിദ്യാഭ്യാസ സാംസ്കാരിക വികസന പരിപാടിയില്‍ അറബി ഇതര ഭാഷ സംസാരിക്കുന്നവര്‍ക്കായി അറബി ഭാഷ പഠിക്കുന്നതിനുള്ള കോഴ്സുകള്‍ നടത്തി. ഇതില്‍ 435 പെണ്‍കുട്ടികളും 303 ആണ്‍കുട്ടികളുമാണ് പഠനം നടത്തിയത്.
സിറിയയിലെ നിര്‍ധന കുടുംബങ്ങളെ സഹായിക്കുന്നതിെൻറ ഭാഗമായി 55 കുടുംബങ്ങള്‍ക്ക് 10 മില്യന്‍ ഖത്തര്‍ റിയാല്‍ സാമ്പത്തിക സഹായം നൽകി. ആരോഗ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി 12,593 പേര്‍ക്ക് ഡയാലിസിസ് സഹായം നൽകി. അവയവമാറ്റ ശസ്ത്രക്രിയയെ പിന്തുണക്കുന്നതിനുള്ള പദ്ധതിയും ആരംഭിച്ചു. ഇത് 72 രോഗികള്‍ക്കാണ് പ്രയോജനം ചെയ്തത്.
2020ല്‍ നടപ്പാക്കിയ സീസണല്‍ പദ്ധതികള്‍ പ്രകാരം 6533 കുടുംബങ്ങള്‍ക്ക് ഭക്ഷണക്കിറ്റുകൾ നൽകി.എന്‍ഡോവ്മെൻറ് നിക്ഷേപ പദ്ധതികളുടെ ഭാഗമായി നടപ്പാക്കുന്ന ഏഴ് പ്രോജക്ടുകളില്‍ നാലെണ്ണം പൂര്‍ത്തിയായതായും മൂന്നെണ്ണം പുരോഗമിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ഫരീജ് ബിന്‍ മഹ്മൂദില് 266 അപ്പാര്‍ട്ട്മെൻറുകള്‍ ഉള്‍പ്പെടുന്ന റസിഡന്‍ഷ്യല്‍ കെട്ടിടങ്ങളും ഹസം അല്‍ മര്‍ഖിയയില്‍ 10 വില്ലകളുടെ പ്രോജക്ടും വികസിപ്പിച്ചു. നാല് പ്രോജക്ടുകള്‍ നിര്‍മാണ ഘട്ടത്തിലാണെന്നും 24 പ്രോജക്ടുകള്‍ ഡിസൈനിങ്, ലൈസന്‍സിങ് ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.