ദോഹ: സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുടുംബങ്ങൾ അടക്കം പതിനായിരത്തോളം പേർ താമസിച്ചും വിനോദങ്ങളിലേർപ്പെട്ടും പൂർത്തിയാക്കിയ ശൈത്യകാല ക്യാമ്പിങ് സീസൺ പൂർണ സുരക്ഷിതം.
2022-2023 സീസൺ കഴിഞ്ഞ ദിവസം സമാപിച്ചപ്പോൾ ബീച്ചുകളിൽ നിന്നും ശൈത്യകാല ക്യാമ്പിങ് ഏരിയകളിൽ നിന്നുമുള്ള അടിയന്തര കേസുകളിൽ ഗണ്യമായ കുറവുണ്ടായി. ഹമദ് മെഡിക്കൽ കോർപറേഷൻ ആംബുലൻസ് സർവീസ് അസി. എക്സിക്യൂട്ടിവ് ഡയറക്ടർ അലി ദർവീശാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം ഊർജിതമാക്കിയതും സർക്കാർ സ്വീകരിച്ച നടപടികളും അപകടങ്ങൾ കുറക്കുന്നതിൽ നിർണായകമായെന്നും അധികൃതർ വിലയിരുത്തി.
ഈ ക്യാമ്പിങ് സീസണിൽ പ്രവർത്തനങ്ങൾ സുഗമമായിരുന്നുവെന്നും അപകടങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായും അലി ദർവീശ് പറഞ്ഞു. പൊതുജനങ്ങൾക്കിടയിൽ അപകടങ്ങൾ സംബന്ധിച്ച അവബോധം സൃഷ്ടിച്ചത് ഇതിൽ നിർണായകമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2022 നവംബർ ഒന്നിനാണ് രാജ്യത്തിന്റെ വടക്കൻ, മധ്യഭാഗങ്ങളിൽ ശൈത്യകാല ക്യാമ്പിങ് സീസൺ ആരംഭിച്ചത്. ഡിസംബർ 20ന് തെക്കൻ പ്രദേശങ്ങളിലും (സീലൈൻ, ഖോർ അൽ ഉദൈദ്) ക്യാമ്പ് സീസൺ തുടങ്ങി.
ക്യാമ്പിങ് പ്രദേശങ്ങളിലെത്തുന്ന ആളുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയായിരുന്നു എച്ച്.എം.സി ആംബുലൻസ് സർവീസ് യൂനിറ്റുകൾ അധികമായി വിന്യസിച്ചത്. ക്യാമ്പിങ് സീസണിൽ സുരക്ഷാ നടപടികൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നിരുന്നാലും ഏത് അടിയന്തര സാഹചര്യത്തിലും അപകടത്തിൽ പെടുന്നവരെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുന്നതിനും പ്രഥമ ശുശ്രൂഷ നൽകുന്നതിനും ആംബുലൻസ് സർവീസ് പ്രതിജ്ഞാബദ്ധമായിരുന്നു.എയർ ആംബുലൻസ്, ഹെലികോപ്ടറുകൾ, പാരാമെഡിക്കുകൾ, ക്രിട്ടിക്കൽ കെയർ പാരാമെഡിക്കുകൾ, റാപിഡ് റെസ്പോൺസ് പാരാമെഡിക്കുകൾ, സൂപ്പർവൈസർമാർ, ലൈസൺ ഓഫീസർമാർ, ഓപ്പറേഷൻ മാനേജർമാർ എന്നിവരെ ക്യാമ്പിങ് സീസണിൽ മികച്ച ആംബുലൻസ് സേവന കവറേജ് ഉറപ്പാക്കുന്നതിനായി ആംബുലൻസ് സർവിസിലെ ഇവന്റ്സ് ആൻഡ് എമർജൻസി മുന്നൊരുക്ക വിഭാഗം സജ്ജമാക്കിയിരുന്നു.
ലോകകപ്പ് ടൂർണമെന്റ് കാലയളവിൽ ക്യാമ്പിങ് സീസണിൽ ആംബുലൻസ് സേവനത്തിനായുള്ള ആവശ്യം കുറവായിരുന്നെങ്കിലും ജനുവരിയിൽ ഇത് വർധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.എച്ച്.എം.സിയുടെ സീലൈൻ ക്ലിനിക്കിന്റെ ഭാഗമായിട്ടായിരുന്നു ആംബുലൻസ് സേവനം പ്രവർത്തിച്ചിരുന്നത്. സീലൈനിലും പരിസര പ്രദേശങ്ങളിലും ക്യാമ്പ് ചെയ്യുന്നവർക്ക് ഉന്നത നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിന് രാജ്യത്തെ മറ്റു സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചായിരുന്നു ആംബുലൻസ് സർവിസിന്റെയും സീലൈൻ ബീച്ച് ക്ലിനിക്കിന്റെയും പ്രവർത്തനം.
2021-2022 ക്യാമ്പിങ് സീസൺ മുതൽ സന്ദർശകർ വർധിച്ചതിനാൽ ദുഖാൻ, അൽ ഗരിയ, അൽഖോർ, സിമൈസിമ എന്നിവയുൾപ്പെടെയുള്ള മറ്റു ബീച്ച് ഏരിയകളിലേക്കും സേവനങ്ങൾ വിപുലീകരിച്ചു.
അതേസമയം, സീലൈൻ ഏരിയയിലെ ആംബുലൻസ് സേവനം എല്ലാ ദിവസവും മുഴുവൻ സമയവും പ്രവർത്തന സജ്ജമായിരിക്കും. ഇവിടെ സാധാരണ ആംബുലൻസുകൾ മുതൽ ലൈഫ് ഫ്ളൈറ്റ്, മരുഭൂമിയിൽ സഞ്ചരിക്കാവുന്ന ഓഫ് റോഡ് വാഹനങ്ങൾ പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.