ദോഹ: കോവിഡ് പ്രതിസന്ധി നേരിടുന്ന ഇന്ത്യയിലേക്ക് മെഡിക്കൽ സഹായങ്ങൾ എത്തിക്കുന്നതിനുള്ള പ്രധാനകേന്ദ്രമായി ഖത്തർ മാറിയെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ പറഞ്ഞു. ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഹായവസ്തുക്കൾ ഖത്തറിൽ സമാഹരിക്കുകയും പിന്നീട് അത് ഇന്ത്യയിലേക്ക് കൊണ്ടുപോകുകയുമാണ് ചെയ്യുന്നത്.
ഇത്തരത്തിൽ ആഗോള തലത്തിലുള്ള സഹായങ്ങൾ എത്തിക്കാനുള്ള ആേഗാള ഹബ്ബായി ഖത്തർ മാറിയിരിക്കുെന്നന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എംബസിയിൽ നടന്ന വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിലൂടെ ആകെ 1200 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ ഖത്തറിൽനിന്ന് ഇന്ത്യയിലേക്കെത്തും.
കോവിഡിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് സഹായം നൽകാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉത്തരവിട്ടിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ ഖത്തർ ഫണ്ട് ഫോർ െഡവലപ്മെൻറിൻെറയും നേതൃത്വത്തിലാണ് സഹായങ്ങൾ ഇന്ത്യക്കായി എത്തുന്നത്. ലിക്വിഡ് മെഡിക്കൽ ഓക്സിജൻ, ഓക്സിജൻ സിലിണ്ടറുകൾ, ഓക്സിജൻ കണ്ടെയ്നറുകൾ, ഓക്സിജൻ ജനറേറ്റിങ് പ്ലാൻറുകൾ, റാംഡെസിവിർ മരുന്നുകൾ തുടങ്ങിയവയാണ് ഇന്ത്യക്ക് ഈ സാഹചര്യത്തിൽ ആവശ്യമുള്ളവ.
വ്യാഴാഴ്ച രണ്ട് ക്രയോജനിക് ടാങ്കറുകളിലായി 40 മെട്രിക് ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജൻ ഇന്ത്യയിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. ഫ്രാൻസാണ് ഇതിനുള്ള ടാങ്കറുകൾ നൽകിയത്. അടുത്ത ദിവസങ്ങളിലും സഹായവസ്തുക്കൾ അടങ്ങിയ കൂടുതൽ ചരക്കുകൾ ഇന്ത്യയിൽ എത്തും. ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നായി 1200 മെട്രിക് ടൺ ഓക്സിജൻ ഖത്തറിൽ ശേഖരിക്കും. ഇതു അടുത്ത ആറാഴ്ച മുതൽ എട്ടാഴ്ചവരെയുള്ള കാലയളവിൽ ഇന്ത്യയിലേക്ക് കയറ്റി അയക്കുകയും ചെയ്യും.
ഖത്തർ സർക്കാറിൽനിന്ന് വൻ പിന്തുണയാണ് ഇന്ത്യക്ക് ലഭിക്കുന്നത്. ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്രസഹായങ്ങൾ ശേഖരിക്കുന്നതിലും സഹായകാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമുള്ള ഹബ്ബായാണ് ഖത്തർ മാറിയിരിക്കുന്നത്. ഇതിൽ ഖത്തർ അധികൃതരോട് ഇന്ത്യക്ക് കടപ്പാടും നന്ദിയുമുണ്ട്. ലണ്ടനിൽനിന്ന് ബ്രിട്ടീഷ് ഓക്സിജൻ കമ്പനി നൽകിയ 4100 ഓക്സിജൻ സിലിണ്ടറുകളുമായി മെറ്റാരുവിമാനം അടുത്ത ദിവസങ്ങളിലും ഖത്തറിൽനിന്ന് പോകും.
42 ലിറ്റർ അടങ്ങിയ 200 ഓക്സിജൻ സിലിണ്ടറുകൾ, 43 കണ്ടെയ്നറുകൾ എന്നിവ ഖത്തറിലെ ഇന്ത്യൻ സമൂഹവും ഐ.സി.ബി.എഫിൻെറ നേതൃത്വത്തിൽ ശേഖരിച്ചിരുന്നു. ഇവ കഴിഞ്ഞയാഴ്ച ഇന്ത്യൻ നാവികസേനയുടെ കപ്പലിൽ കയറ്റി അയച്ചു.
പെട്ടെന്നുള്ള വലിയ ആവശ്യകതയാണ് ഇന്ത്യയിലെ ഓക്സിജൻ ക്ഷാമത്തിന് കാരണമായെതന്ന് ഇന്ത്യൻ അംബാസഡർ പറഞ്ഞു. ഖത്തർ, യു.എ.ഇ, കുൈവത്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള സഹായംമൂലം ഇന്ത്യയിൽ ഓക്സിജൻ ലഭ്യത കൂടിവരുന്നുണ്ട്.
നിലവിൽ ഇന്ത്യ കോവിഡിനെതിരെ എല്ലാ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. ലോകത്തിൻെറ വിവിധ ഭാഗങ്ങളിലുള്ള 40 രാജ്യങ്ങൾ ഇന്ത്യക്ക് സഹായസന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഇക്കാര്യങ്ങളിൽ വിവിധ ഇന്ത്യൻ എംബസികൾ അതത് രാജ്യങ്ങളിലെ കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഇന്ത്യൻ അംബാസഡർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.