ദോഹ: 33309086, ഖത്തറിൽ ഇത് വെറുമൊരു മൊബൈൽ ഫോൺ നമ്പറല്ല. വേദനകൾ തിരിച്ചറിയാൻ ഹൃദയവും ആർദ്രതയും കരുണയുമെല്ലാം പ്രകടമാക്കുന്ന എട്ടക്ക നമ്പർ. വെറുമൊരു നമ്പറാണെങ്കിലും ഈ അക്കങ്ങൾ മൊബൈലിൽ കുത്തി വിളിക്കുമ്പോൾ അതിന് ജീവൻ വെക്കും.
വേദനയൊപ്പിയും വിശപ്പും ദാഹവുമകറ്റിയും അറേബ്യൻ മരുഭൂമിയിൽ കരുണയുടെ നിലക്കാത്ത പ്രവാഹമായി അവ ഉറവകൾ തീർക്കും. കഴിഞ്ഞ നാലഞ്ചു വർഷമായി, ഖത്തറിലെയും നാട്ടിലെയും മലയാളികളും അല്ലാത്തവരുമായ ഒരുപാട് മനുഷ്യരുടെ മനസ്സുകളിലേക്ക് ഈ എട്ടക്ക നമ്പറിൽനിന്ന് തെളിനീരുറവകൾ ഊർന്നിറങ്ങിയിട്ടുണ്ട്. നാടാകെ പ്രളയത്തിൽ മുങ്ങി ശ്വാസം മുട്ടിയപ്പോൾ വസ്ത്രവും ഭക്ഷണവുമായെത്തി, പ്രകൃതിദുരന്തങ്ങൾ ആവർത്തിച്ചപ്പോൾ കണ്ണീരൊപ്പാൻ മുന്നിലുണ്ടായിരുന്നു. മഹാമാരിയിൽ പ്രവാസികൾ വിറങ്ങലിച്ചപ്പോൾ, വീടകങ്ങളിലേക്ക് അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റുകളായി വന്നു. പിന്നെ, നോമ്പുകാലങ്ങളിൽ അർഹരായവരിലേക്ക് ഇഫ്താർ ഗിഫ്റ്റുകളുമായെത്തി...
തുള്ളിക്കൊരുകുടം എന്ന പോലെ മഴനിലക്കാതെ പെയ്തിറങ്ങിയ 2018ൽ കേരളം പ്രളയത്തിൽ മുങ്ങിയപ്പോഴാണ് മരുഭൂമിയിലെ ഈ മണ്ണിൽനിന്നും 'ഖത്തർ സ്പർശം' നാമ്പിടുന്നത്. പിന്നെ, അത് തണ്ടുകളും ഇലകളും ശിഖരങ്ങളുമായി വളർന്നൊരു തണലായി പന്തലിച്ചു. ഇന്ന് അൽഖോർ മുതൽ ദുഖാനും ഷഹാനിയയും ഉൾപ്പെടെ ഖത്തറിന്റെ ഏതു കോണിലും ഒരു വിളിപ്പുറത്തുണ്ട് സ്നേഹ സ്പർശം. ഈ റമദാൻ കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നോമ്പുതുറ വിഭവങ്ങൾക്കായി കാത്തിരിക്കുന്ന 500ഓളം പേരിലേക്കാണ് ദോഹയിൽനിന്ന് ഖത്തർ സ്പർശത്തിന്റെ സ്നേഹസമ്മാനം ദിവസവും ഓടിയെത്തുന്നത്. കഴിഞ്ഞ നാലു വർഷമായുള്ള പതിവ്, ഇന്നൊരു ശീലമായി മാറി. കമ്പനികളും സ്വയം സന്നദ്ധരായ വളന്റിയർമാരും സംഘടനകളും ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഒരുപാട് മനുഷ്യരുടെ വറ്റാത്ത സ്നേഹമായി മാറി 'ഖത്തർ സ്പർശം'.
2018ലെ പ്രളയകാലത്ത് കേരളം പ്രതിസന്ധിയിലായപ്പോൾ, സ്വന്തം നാടിനുവേണ്ടി എന്തു ചെയ്യാൻ കഴിയും എന്ന ആലോചനയിൽ നിന്നാണ് ഇത്തരമൊരു പദ്ധതിയുടെ പിറവിയെന്ന് സ്ഥാപകൻകൂടിയായി റേഡിയോ മലയാളം മാർക്കറ്റിങ് മാനേജർ നൗഫൽ അബ്ദുൽ റഹ്മാൻ 'ഗൾഫ് മാധ്യമ'ത്തോട് പറയുന്നു.
അന്ന്, ഏതാനും സുമനസ്സുകളുമായി ആലോചിച്ച് സമൂഹ മാധ്യമങ്ങളും റേഡിയോ വഴിയും നടത്തിയ പ്രചാരണത്തിലൂടെ പ്രവാസികളിൽനിന്ന് വസ്ത്രവും അവശ്യവസ്തുക്കളും ബിസ്കറ്റുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യവിഭവങ്ങളുമെല്ലാമാണ് നാട്ടിലെത്തിച്ചത്. രണ്ടാഴ്ചയോളം നീണ്ടുനിന്ന പ്രചാരണത്തിൽ, പ്രവാസി മലയാളികൾ ഈ ദൗത്യത്തിൽ പങ്കാളികളായി. നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളികളുടെ കൈകളിൽ ചെറിയ ബാഗുകളാക്കി നൽകിയ 'ഖത്തറിന്റെ സ്പർശം' സംസ്ഥാനത്തെ മൂന്നു വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് അർഹരിലേക്ക് എത്തി. അങ്ങനെ ആദ്യവർഷം നാട്ടിലെത്തിച്ചത് 12 ടണ്ണോളം സഹായവസ്തുക്കൾ.
അടുത്ത വർഷം വീണ്ടും പ്രളയമെത്തിയപ്പോഴും അതേ മാതൃകയിൽ വസ്തുക്കൾ ശേഖരിച്ച് ഒരാഴ്ചകൊണ്ട് നാട്ടിലേക്ക് എത്തിച്ചു.
അതേവർഷം, ഖത്തറിലെ സ്വന്തം സഹോദരങ്ങൾക്ക് വല്ലതും ചെയ്യണമെന്ന ആലോചനയിൽനിന്നാണ് റമദാൻ കാലത്ത് ഇഫ്താർ കിറ്റുകൾ വിതരണം ആരംഭിക്കുന്നത്. സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച മൊബൈൽ നമ്പറിലേക്ക് ആവശ്യക്കാരുടെയും, സഹായം ചെയ്യാൻ മനസ്സുള്ളവരുടെയും സന്നദ്ധ സേവനത്തിന് തയാറായവരെയുമെല്ലാം ബന്ധിപ്പിച്ചു.
മലബാർ ഗോൾഡ്, ടീ ടൈം, ട്രൂത്ത് ഗ്രൂപ് എന്നീ സ്ഥാപനങ്ങളും നിരവധി സംഘടനകളും കൂട്ടായ്മകളും വ്യക്തികളും മറ്റും ചേർന്നതോടെ സംരംഭം വൻ വിജയമായി. 35,000ത്തോളം ഇഫ്താർ കിറ്റുകളാണ് 2019ലെ റമദാനിൽ വിതരണം ചെയ്തത്. അടുത്ത വർഷം കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോൾ സ്പർശത്തിന്റെ സാന്നിധ്യം കൂടുതൽ വിലപ്പെട്ടതായി.
റൂമുകളിൽ ഒറ്റപ്പെട്ടവരും തൊഴിൽ നഷ്ടമായവരുമായ പതിനായിരങ്ങളിലേക്ക് ഒരു മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളും മരുന്നും അങ്ങനെ എല്ലാമെത്തിച്ചു. തുടർന്ന്, 2021ലും, ഇപ്പോൾ ഈ റമദാനിലുമെല്ലാം ഖത്തറിന്റെ സ്പർശം ഈ രാജ്യമൊട്ടാകെ സജീവമായി വിശപ്പകറ്റുന്നു.
ഇത്തവണ ഇതുവരെയായി 5000ത്തോളം കിറ്റുകൾ വിതരണം ചെയ്തതായി മുഹമ്മദ് നൗഫൽ പറഞ്ഞു.
സദാസന്നദ്ധരായി, സ്വന്തം ചെലവിൽ കിറ്റുകൾ വിതരണം ചെയ്യാൻ തയാറായ 35ഓളം ഡെലിവറി ഹീറോസാണ് സ്പർശത്തിന്റെ നട്ടെല്ല്. അവശ്യക്കാരെ കണ്ടെത്താനും അർഹരെന്ന് ഉറപ്പാക്കാനുമെല്ലാമായി അഞ്ചോളം വാട്സ്ആപ് ഗ്രൂപ്പുകളുമായും ഈ സ്പർശം മരുഭൂമിയിൽനിന്നും നിലക്കാത്തൊരു നീരുറവയായി പ്രവഹിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.