ദോഹ: ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും ഉപകരണങ്ങളും ബോട്ടുകളും ഓൺലൈൻ ലേലത്തിലൂടെ വിൽപന നടത്തുന്നതിന് മുനിസിപ്പാലിറ്റി മന്ത്രാലയവും മസാദ് ഖത്തർ ആപ് ഉടമസ്ഥരായ ഇബ്ദാഅ് ഡിജിറ്റൽ ടെക്നോളജിയും തമ്മിൽ ധാരണയായി.
ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ, ബോട്ടുകൾ, ഉപകരണങ്ങൾ തുടങ്ങിയവ മസാദ് ആപ് വഴി വിൽപന നടത്തുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. മസാദിൻെറ ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും വാഹനങ്ങളുടെയും മറ്റുള്ളവയുടെയും വിവരങ്ങൾ നൽകി കൂടുതൽ പേരെ ആർഷിക്കുകയെന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു. മുനിസിപ്പാലിറ്റി മന്ത്രാലയത്തിനുവേണ്ടി, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിനായുള്ള സംയുക്ത സമിതി അധ്യക്ഷൻ മേജർ ജനറൽ അലി സൽമാൻ അൽ മുഹന്നദി കരാറിൽ ഒപ്പുവെച്ചു. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ വിറ്റൊഴിച്ച് നടപടിക്രമങ്ങൾ വൈവിധ്യമാക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് മേജർ ജനറൽ അൽ മുഹന്നദി പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെടുത്ത വാഹനങ്ങൾ തിരികെ ലഭിക്കുന്നതിനായി ഉടമസ്ഥർ അതോറിറ്റിയെ സമീപിക്കണമെന്നും വാഹനങ്ങൾ പിടിച്ചെടുത്ത് ആറ് മാസം മാത്രമായിരിക്കും തിരിച്ചെടുക്കാനുള്ള സമയമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനങ്ങൾ ഒഴിവാക്കുന്നതിൻെറ ഭാഗമായി മറ്റു കമ്പനികളുമായി നേരത്തെയുണ്ടാക്കിയ കരാറുകളിലൂടെ 60000ത്തോളം വാഹനങ്ങൾ ഒഴിവാക്കിയതായും അതിലൂടെ 40 മില്യൻ റിയാൽ സ്വരൂപിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതാദ്യമായാണ് ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ വിൽപന നടത്തുന്നതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പിടുന്നതെന്നും കരാർ ഒപ്പുവെച്ച് ആറുമാസത്തിനുശേഷം ഇതുസംബന്ധിച്ച് വിശദ വിലയിരുത്തൽ നടത്തുമെന്നും റയ്യാൻ മുനിസിപ്പാലിറ്റി ഡയറക്ടറും സംയുക്ത സമിതി ഉപാധ്യക്ഷനുമായ ജാബിർ ഹസൻ അൽ ജാബിർ പറഞ്ഞു. സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തിന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് നന്ദി പറയുന്നുവെന്ന് മസാദ് ഖത്തർ എക്സിക്യൂട്ടിവ് ഡയറക്ടർ ഫഹദ് അബ്ദുല്ല അൽ നുഐമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.