ഇവിടുത്തെ വരുമാനം കൊണ്ട് ജീവിക്കാനും സമ്പാദിക്കാനും കഴിയുന്നു -ഗൾഫിലെ 49 ശതമാനം പേർ

ദോഹ: ഗൾഫിലെ വരുമാനം കൊണ്ട് വീട്ടുചെലവു കഴിയാനും അതുകഴിഞ്ഞ് സമ്പാദിക്കാനും കഴിയുന്നുണ്ടെന്ന് സ്വകാര്യ സർവേയിൽ പങ്കെടുത്ത പകുതിയോളം പേർ അഭിപ്രായപ്പെട്ടു. അറബ് ലോകത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഖത്തറിലെയും ഗൾഫ് മേഖലയിലെയും പൗരന്മാർ അവരുടെ കുടുംബ വരുമാനത്തിൽ കൂടുതൽ സംതൃപ്തരാണെന്ന് അറബ് അഭിപ്രായ സൂചികയാണ് വെളിപ്പെടുത്തിയത്.

ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസിലെ അറബ് സെന്റർ ഫോർ റിസർച്ച് പോളിസി ആൻഡ് സ്റ്റഡീസ് പ്രസിദ്ധീകരിച്ച അറബ് ഒപീനിയൻ ഇൻഡക്സിലാണ് ഈ വിവരങ്ങളുള്ളത്. സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ഇറാഖ്, ജോർദാൻ, ഫലസ്തീൻ, ലെബനാൻ, ഈജിപ്ത്, സുഡാൻ, തുനീഷ്യ, മൊറോക്കോ, അൾജീരിയ, ലിബിയ, മൗറിറ്റാനിയ എന്നിവയുൾപ്പെടെ 14 അറബ് രാജ്യങ്ങളിലെ 33,300 പേരുമായി മുഖാമുഖം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് 2022 അറബ് അഭിപ്രായ സൂചിക പ്രസിദ്ധീകരിച്ചത്. അറബ് ഒപീനിയൻ ഇൻഡക്സ് ആണ് അറബ് ലോകത്തെ ഏറ്റവും വിപുലമായ പൊതുജനാഭിപ്രായ സർവേ.

വരുമാനം കൊണ്ട് വീട്ടുചെലവു കഴിയാനും അതു കഴിഞ്ഞ് സമ്പാദിക്കാനും കഴിയുന്നുണ്ടെന്ന് ഗൾഫിൽനിന്ന് സർവേയിൽ പങ്കെടുത്ത 49 ശതമാനം പേരും അഭിപ്രായപ്പെട്ടു. ഗൾഫിലെ 37 ശതമാനം പേർ വരുമാനം വീട്ടുചെലവിനും മറ്റും തികയുന്നുണ്ടെങ്കിലും കൂടുതൽ സമ്പാദിക്കാൻ കഴിയുന്നില്ലെന്ന പക്ഷക്കാരാണ്. ഏഴു ശതമാനം പേർക്കാകട്ടെ, വരുമാനം വീട്ടുചെലവിനും സമ്പാദിക്കാനുമൊന്നും തികയുന്നില്ലെന്ന അഭിപ്രായമാണുള്ളത്. ബാക്കി ഏഴുശതമാനം ഇക്കാര്യത്തിൽ വ്യക്തമായ അഭിപ്രായം ഇല്ലാത്തവരാണ്.

അതേസമയം, അറബ് ലോകം മുഴുവനും കണക്കിലെടുത്താൽ തങ്ങളുടെ വരുമാനം കൊണ്ട് ജീവിച്ചുപോകാനും സമ്പാദിക്കാനും കഴിയുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടത് 25 ശതമാനം പേർ മാത്രമാണ്. ഗൾഫ് സമ്പദ് വ്യവസ്ഥ കരുത്താർജിക്കുന്നതിന്റെ സൂചനയാണ് ഇതെന്ന് അറബ് ഒപീനിയൻ ഇൻഡക്സിനോടനുബന്ധിച്ചുള്ള റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഖത്തറിലെ 83 ശതമാനം പേരും രാജ്യത്തെ സാമ്പത്തികാവസ്ഥ വളരെ മികച്ചതാണെന്ന അഭിപ്രായമുള്ളവരാണ്. 16 ശതമാനം പേർ സാമ്പത്തികാവസ്ഥ നല്ല നിലയിലാണെന്നും അഭിപ്രായപ്പെടുന്നു. അറബ് ഒപീനിയൻ ഇൻഡക്സ് റിപ്പോർട്ട് പ്രകാരം, സർവേയിൽ പങ്കെടുത്ത മൊത്തം പേരിൽ 42 ശതമാനം ആളുകളും നിലവിലെ വരുമാനം ജീവിതച്ചെലവുകൾ കഴിഞ്ഞ് സമ്പാദിക്കാൻ വക നൽകുന്നതല്ലെന്ന അഭിപ്രായക്കാരാണ്. 28 ശതമാനം പേരാകട്ടെ, ജീവിക്കാൻ നിലവിലെ വരുമാനം പോരെന്ന് പറയുന്നു.

അടിയന്തരാവശ്യങ്ങൾ നിറവേറാൻ ഈ വരുമാനം തികയുന്നില്ലെന്നാണ് അവരുടെ വെളിപ്പെടുത്തൽ. വരുമാനം ജീവിതച്ചെലവിനു തികയുന്നുവെന്ന സംതൃപ്തിയുള്ളവർ മിക്കവരും ഗൾഫ് മേഖലയിലാണ്. എന്നാൽ, വരുമാനവും ചെലവും തമ്മിൽ ഒത്തുപോകാതെ ബുദ്ധിമുട്ടുന്ന കുടുംബങ്ങളേറെയും പശ്ചിമേഷ്യയും പൂർവ-ഉത്തര ആഫ്രിക്കയും ചേർന്ന മഷ്രിഖ് ഭാഗത്തുള്ളവരാണ്.

അത്യാവശ്യങ്ങൾക്ക് ഇത്തരം കുടുംബങ്ങളിൽ 33 ശതമാനം പേരും പണം വായ്പ വാങ്ങുന്നുണ്ട്. ഇതിൽ 16 ശതമാനം പേർ ബന്ധുക്കളോടും സുഹൃത്തുക്കളോടും കടം വാങ്ങുമ്പോൾ, 13 ശതമാനം പേർ അടിയന്തര സാഹചര്യങ്ങളിൽ ബാങ്കുകളെയും മറ്റു സാമ്പത്തിക സ്ഥാപനങ്ങളെയും ആശ്രയിക്കുന്നു. 18 ശതമാനം പേർ ചാരിറ്റബ്ൾ സ്ഥാപനങ്ങൾ, ഗവണ്മെന്റ്, മത-പൗര സംഘടനകൾ എന്നിവയുടെ സഹായങ്ങളെ ആശ്രയിക്കുന്നു. 10 ശതമാനം പേർ അവരുടെ സ്വത്തുക്കൾ വിറ്റാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്.

Tags:    
News Summary - able to live and earn on the income here -49 percent of people in the Gulf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.