ദോഹ: സെപ്റ്റംബർ ഒന്നിന് സ്കൂളുകൾ വീണ്ടും തുറന്നപ്പോൾ ഇന്ത്യൻ സ്കൂളുകളിൽ ആദ്യദിനമെത്തിയത് അനുമതി ലഭിച്ച വിദ്യാർഥികളിൽ 50 ശതമാനം വിദ്യാർഥികൾ. കോവിഡ്–19 വ്യാപനത്തെ തുടർന്ന് സ്കൂളുകൾ അടച്ചുപൂട്ടിയതിന് ശേഷം കഴിഞ്ഞദിവസമാണ് സ്കൂളുകൾ തുറന്നത്.പ്രതിദിനം 30 ശതമാനം വിദ്യാർഥികളെ മാത്രം ക്ലാസുകളിൽ അനുവദിച്ചാണ് മിശ്ര പാഠ്യ വ്യവസ്ഥയുടെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയം പുതിയ മാർഗനിർദേശം പുറത്തുവിട്ടത്. ക്ലാസുകളിൽ ഹാജരാകാൻ കഴിയാത്ത വിദ്യാർഥികൾ ഒൺലൈൻ ക്ലാസിൽ തുടരണം.
മന്ത്രാലയത്തിെൻറ നിർദേശമനുസരിച്ച് ഇന്ത്യൻ സ്കൂളുകളും വിദ്യാർഥികളെ സ്വീകരിക്കാനാവശ്യമായ നടപടികൾ നേരത്തെ ആരംഭിച്ചിരുന്നു. ഇതിെൻറ ഭാഗമായി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രത്യേക നിർദേശങ്ങളും സമയക്രമവും നൽകിയിട്ടുണ്ട്.ചില സ്കൂളുകൾ രക്ഷിതാക്കളോട് വിദ്യാർഥികളെ സ്കൂളുകളിലെത്തിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ രക്ഷിതാക്കൾക്കുള്ള ആശങ്ക നിലനിൽക്കുന്നുണ്ട്. ടാക്സി വാഹനങ്ങളെ നിലവിലെ സാഹചര്യത്തിൽ ആശ്രയിക്കുന്നത് എത്രമാത്രം സുരക്ഷിതമാണെന്ന ആശങ്ക രക്ഷിതാക്കൾക്കുണ്ട്. കോവിഡ് പൂർണമായും ഇല്ലാതാകുന്നതുവരെ സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ മതിയെന്നാണ് ഭൂരിഭാഗം രക്ഷിതാക്കളും ആവശ്യെപ്പടുന്നത്. നേരത്തേ 'പെനിൻസുല' പത്രം നടത്തിയ ഓൺലൈൻ സർവേയിലും ഭൂരിഭാഗം രക്ഷിതാക്കളും ഇതേ കാര്യമാണ് ഉന്നയിച്ചത്. കുട്ടികളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്താണ് നടപടികൾ സ്വീകരിക്കേണ്ടതെന്നും രക്ഷിതാക്കൾ പറയുന്നു.
അതേസമയം കർശന നിയന്ത്രണങ്ങളോടെ വിവിധ സ്കൂളുകൾ തങ്ങളുടെ ഗതാഗത സംവിധാനവും പ്രവർത്തിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. വിദ്യാർഥികൾ സ്കൂളുകളിൽ സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സ്കൂൾ അധികൃതർ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്.ബിർള സ്കൂളിൽ 50 ശതമാനം വിദ്യാർഥികൾ മാത്രമാണ് ആദ്യ ദിവസമെത്തിയതെന്ന് അധികൃതർ പറഞ്ഞു. ഐഡിയൽ ഇന്ത്യൻ സ്കൂളിലും ആദ്യദിനം അനുമതി നൽകപ്പെട്ടവരിൽ 50 ശതമാനം വിദ്യാർഥികളാണ് ഹാജരായത്. കുട്ടികൾക്കായി സ്കൂൾ ഗതാഗത സംവിധാനം ഏർപ്പെടുത്തിയിരുന്നെങ്കിലും വളരെകുറച്ച് വിദ്യാർഥികൾ മാത്രമാണ് അത് തെരഞ്ഞെടുത്തത്.
ബിർള സ്കൂളിെൻറ മൂന്നു കാമ്പസുകളിലും കൂടുതൽ വിദ്യാർഥികൾ ഹാജരായി. വരും ദിവസങ്ങളിൽ കുട്ടികളുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.ഖത്തറിലെ മറ്റ് ഇന്ത്യൻ സ്കൂളുകളും സെപ്റ്റംബർ ഒന്നുമുതൽ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിൻറ പ്രത്യേക നിർദേശ പ്രകാരം ആദ്യ മൂന്ന് ദിവസങ്ങളിൽ കോവിഡ്–19 സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ചുള്ള ബോധവൽകരണത്തിനാണ് സ്കൂളുകൾ മുൻഗണന നൽകുന്നത്.
2020–21 അധ്യയന വർഷത്തിൽ എല്ലാ സ്കൂളുകളിലുമായി 3,40,000 വിദ്യാർഥികളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ലാസുകൾ ആരംഭിച്ചെങ്കിലും ആദ്യ രണ്ടാഴ്ചയിൽ വിദ്യാർഥികളുടെ ഹാജർനില പരിഗണിക്കുകയില്ലെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഇബ്റാഹിം അൽ നുഐമി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ രക്ഷിതാക്കളുടെ ആശങ്ക കുറക്കുന്നതിെൻറ ഭാഗമായാണ് തീരുമാനം. കുട്ടികൾ മാസ്ക് ധരിച്ചിട്ടുണ്ടെന്നും അവരുടെ ശരീര താപനില ഉയർന്ന നിലയിലല്ലെന്നും രക്ഷിതാക്കൾ അവരെ സ്കൂളിൽ വിടുന്നതിന് മുമ്പായി ഉറപ്പുവരുത്തണം.
എല്ലാ സുരക്ഷ മുൻകരുതലുകളും നിയന്ത്രണങ്ങളും വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകളിൽ നടപ്പാക്കിയിട്ടുണ്ട്. നേരത്തേ തന്നെ അധ്യാപകർക്കും ജീവനക്കാർക്കും കോവിഡ് പരിശോധന നടത്തിയിരുന്നു.98 ശതമാനം പേർക്കും കോവിഡ് നെഗറ്റിവാണ്. വിദ്യാർഥികൾക്കിടയിൽ റാൻഡം രീതിയിൽ കോവിഡ്–19 പരിശോധന സെപ്റ്റംബർ മാസം പൂർത്തിയാക്കും.രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കിൽ മാത്രമേ ഇതു നടത്തൂ. പരിശോധനക്ക് വിധേയമാക്കുന്നതിെൻറ മുന്നോടിയായി തെരഞ്ഞെടുക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളിൽനിന്ന് സമ്മതപത്രത്തിൽ ഒപ്പ് ആവശ്യപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.