ദോഹ: മേയ് അവസാന വാരം ഖത്തറിൽ വാഹനാപകടത്തിൽ മരിച്ച മലപ്പുറം കൊണ്ടോട്ടി സ്വദേശി അലി പുളിക്കലിന്റെ മക്കളുടെ സംരക്ഷണം മർകസ് ഏറ്റെടുത്തു. അലിയുടെ മരണത്തെ തുടർന്ന് അനാഥരായ എട്ട് കുരുന്നുകളെയാണ് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രത്യേക നിർദേശത്തെ തുടർന്ന് ഓർഫൻ കെയർ സ്കീമിൽ ഉൾപ്പെടുത്തി ഏറ്റെടുത്തത്. ഖത്തർ ഐ.സി.എഫ്, മർകസ് കമ്മിറ്റികളാണ് ഈ വിഷയം കാന്തപുരത്തിന്റെ ശ്രദ്ധയിൽ പെടുത്തിയത്.
സ്വന്തം വീടുകളിൽ മാതാക്കളുടെ സംരക്ഷണത്തിൽ താമസിപ്പിച്ച് പഠനം, ഭക്ഷണം, മറ്റു അനുബന്ധ ചെലവുകൾ എന്നിവ മർകസ് വഹിക്കുന്ന ഈ പദ്ധതിക്ക് കീഴിൽ രാജ്യവ്യാപകമായി 12,000 ലധികം അനാഥ കുരുന്നുകൾ പഠിക്കുന്നുണ്ട്.
ആശിർ ഹസൻ (14 വയസ്സ്), ആരിഫ്(11 വയസ്സ്), അശ്ഫാഖ്(11), ഫാത്തിമ ഫർഹ (9), ലിഹ ഫരീഹ (9), അശ്മിൽ ഹിദാശ്(8), മുഹമ്മദ് ഹമ്മാദ്(7), ഖദീജ ഹന്ന(5) എന്നിവരുടെ സംരക്ഷണമാണ് മർകസ് ഏറ്റെടുത്തത്. മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി പരേതന്റെ വീട് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.