ദോഹ: പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന വരുമാനത്തിന്റെ ആനുപാതികമായൊരു പരിഗണനയും സര്‍ക്കാര്‍ തലത്തിലോ അല്ലാതെയോ അവര്‍ക്ക് തിരിച്ചുലഭിക്കുന്നില്ലെന്നത് യാഥാർഥ്യമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. ഐ.സി.സി അശോക ഹാളില്‍ സംഘടിപ്പിച്ച കൾചറല്‍ ഫോറം വാര്‍ഷികാഘോഷത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ ക്ഷേമത്തിനായി എന്ന പേരില്‍ കൊട്ടിഘോഷിച്ച് വര്‍ഷം തോറും കൊണ്ടാടുന്ന പ്രവാസി ഭാരതീയ ദിവസിലും ലോക കേരള സഭയിലും ഏതു പ്രവാസി പ്രശ്നങ്ങൾക്കാണ് പരിഹാരം കണ്ടതെന്ന് അറിയാന്‍ ആഗ്രഹമുണ്ട്. ലോക കേരള സഭയെക്കുറിച്ച് വ്യാപക ആക്ഷേപങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഓഡിറ്റിന് വിധേയമാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. കൈയടികള്‍ കിട്ടുന്ന പ്രഖ്യാപനങ്ങളല്ല പ്രവാസികള്‍ക്ക് വേണ്ടത്, ഉപകാരപ്രദമായ നടപടികളാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരിയുടെ കാലത്ത് സൗജന്യ വിമാനമുൾപ്പെടെയുള്ള സേവനങ്ങള്‍ നല്കിയ കൾചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും സേവനത്തിന്റെയും കരുതലോടെയുള്ള ചേര്‍ത്തുനിര്‍ത്തലിന്റെയും രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് പ്രവാസമണ്ണില്‍ ഒന്നാമതായി നിലകൊള്ളാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കൾചറല്‍ ഫോറം പ്രസിഡന്റ് എ.സി. മുനീഷ് അധ്യക്ഷത വഹിച്ചു. ഖത്തറില്‍ ആദ്യമായെത്തിയ റസാഖ് പാലേരിയെ വിവിധ ജില്ല കമ്മിറ്റികള്‍ ഉപഹാരങ്ങള്‍ നല്കി സ്വീകരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തില്‍ നടപ്പാക്കുന്ന വിവിധ സേവന പദ്ധതികളിലേക്ക് മൂന്ന് വീടുകള്‍, ആംബുലന്‍സ് തുടങ്ങിയവ സമര്‍പ്പിച്ചു.
പ്രവാസി വെല്‍ഫെയര്‍ ലോഗോ ഡിസൈന്‍ ചെയ്ത ബാസിത് ഖാനെ ചടങ്ങില്‍ ആദരിച്ചു. കൾചറല്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് ചന്ദ്രമോഹന് സ്വാഗതവും ജനറല്‍ സെക്രട്ടറി താസീന്‍ അമീന് നന്ദിയും പറഞ്ഞു. ഗാനസന്ധ്യയും അരങ്ങേറി. ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. വൈസ് പ്രസിഡന്റുമാരായ ഷാനവാസ് ഖാലിദ്, മുഹമ്മദ് റാഫി, സജ്ന സാക്കി, ട്രഷറര്‍ അബ്ദുല്‍ ഗഫൂര്‍, സെക്രട്ടറിമാരായ സഞ്ജയ് ചെറിയാന്, കെ.ടി. മുബാറക്, അഹമ്മദ് ഷാഫി, ഉപദേശക സമിതി അംഗം സുഹൈല്‍ ശാന്തപുരം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സാദിഖ് ചെന്നാടന്‍, അനീസ് മാള, ഇദ്രീസ് ഷാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.