ദോഹ: മാറാരോഗങ്ങളാൽ ബുദ്ധിമുട്ടുന്ന മുതിർന്നവർ എത്രയും വേഗത്തിൽ കോവിഡ് വാക്സിൻ സ്വീകരിക്കണമെന്ന നിർദേശം ആവർത്തിച്ച് ആരോഗ്യ പ്രവർത്തകർ. വാക്സിനെടുക്കാത്തവരിൽ രോഗം പിടിപെടുന്നതുമൂലം ആരോഗ്യനില അപകടത്തിലാകുമെന്ന് റുമൈല ആശുപത്രി റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ഹനാദി അൽ ഹമദ് മുന്നറിയിപ്പ് നൽകി. ജനുവരി ഒന്ന് മുതൽ രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചുവരുകയാണ്. ഓരോ ദിവസവും രോഗികളുടെ എണ്ണം വലിയ തോതിൽ വർധിക്കുകയാണ്. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച് ആറുമാസം പിന്നിട്ടവർ ഉടൻ തന്നെ ബൂസ്റ്റർ ഡോസിനായി സമീപിക്കണമെന്നും ബൂസ്റ്റർ ഡോസ് എടുക്കുന്നത് വൈകിപ്പിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.
ബൂസ്റ്റർ ഡോസ് ഒമിക്രോണിനെതിരായി മികച്ച ഫലമാണ് നൽകുന്നത്. ഇതുവരെ വാക്സിനെടുക്കാത്തവരുണ്ടെങ്കിൽ ഉടൻ തന്നെ വാക്സിൻ എടുത്തിരിക്കണം. രണ്ടു ഡോസ് എടുത്തവർ ബൂസ്റ്റർ ഡോസും സ്വീകരിക്കണം. പി.എച്ച്.സി.സിക്ക് കീഴിലുള്ള മുഴുവൻ ആരോഗ്യകേന്ദ്രങ്ങളിലും ബൂസ്റ്റർ ഡോസ് ലഭ്യമാണ്. ബൂസ്റ്റർ ഡോസിനായി അപ്പോയിൻറ്മെൻറ് ലഭിക്കുന്നതിന് 40277077, 33523128, 55193240 എന്നീ നമ്പറുകളിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. വൃദ്ധരായ രോഗികളെ പരിചരിക്കുന്നവർ അവർക്ക് വാക്സിൻ ലഭ്യമാക്കുന്നതിന് പി.എച്ച്.സി.സിയുമായി ബന്ധപ്പെട്ട് വാക്സിൻ ഉറപ്പുവരുത്തണമെന്നും ഡോ. ഹനാദി അൽ ഹമദ് നിർദേശിച്ചു. അതേസമയം, ഗുരുതരമായ സാഹചര്യങ്ങളിൽ മാത്രമേ ആംബുലൻസ് സേവനത്തിനായി ഹോട്ട് ലൈനിൽ ബന്ധപ്പെടാൻ പാടുള്ളൂവെന്ന് എമർജൻസി മെഡിസിൻ ആൻഡ് ആംബുലൻസ് സർവിസ് വിഭാഗം പൊതുജനങ്ങളോടാവശ്യപ്പെട്ടു.
ഗുരുതരമല്ലാത്ത സാഹചര്യങ്ങളിൽ എച്ച്.എം.സിയുടെ വെർച്വൽ അർജൻറ് കെയർ സേവന വിഭാഗവുമായോ പി.എച്ച്.സി.സിക്ക് കീഴിലുള്ള അർജൻറ് കെയർ കേന്ദ്രങ്ങളുമായോ ആണ് ബന്ധപ്പെടേണ്ടതെന്ന് എമർജൻസി മെഡിസിൻ ഡെപ്യൂട്ടി ചെയർമാൻ ഡോ. അഫ്താബ് ആസാദ് പറഞ്ഞു.ഗുരുതരമായ കേസുകൾക്ക് മാത്രമായിരിക്കണം 999നെ ബന്ധപ്പെടേണ്ടതെന്നും തങ്ങളുമായി സഹകരിക്കണമെന്നും ആംബുലൻസ് സർവിസ് അസി. എക്സിക്യൂട്ടിവ് ഡയറക്ടർ അലി ദർവീശ് പൊതുജനങ്ങൾക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.