ദോഹ: എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ പശ്ചിമ മേഖലാ മത്സരങ്ങളുടെ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് നാളെ മുതൽ ഖത്തർ വേദിയൊരുക്കും. ഫെബ്രുവരി 19 മുതൽ 26 വരെയായാണ് മത്സരങ്ങൾ അരങ്ങേറുന്നത്. നാളെ നടക്കുന്ന മത്സരത്തിൽ ഖത്തറിലെ രണ്ടു മുൻനിര ടീമുകൾ നേർക്കുനേർ മാറ്റുരക്കും. ഖത്തർ സ്റ്റാർസ് ലീഗിൽ അപരാജിത കുതിപ്പുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന അൽ ദുഹൈൽ ക്ലബ് ലീഗിലെ മറ്റൊരു കരുത്തരായ അൽ റയ്യാനുമായാണ് ഏറ്റുമുട്ടുന്നത്. അൽ ജാനൂബ് സ്റ്റേഡിയത്തിൽ നടക്കുന്ന ആ മത്സരത്തിനുശേഷം അതേ വേദിയിൽ, സൗദി അറേബ്യയിൽനിന്നുള്ള അൽ ശബാബും ഉസ്ബകിസ്താൻ ടീമായ നസഫും ഏറ്റുമുട്ടും.
ഗ്രൂപ് ‘ഡി’യിൽ ഒന്നാം സ്ഥാനക്കാരായാണ് അൽ ദുഹൈൽ പ്രീക്വാർട്ടറിലേക്ക് മുന്നേറിയത്. സൗദി അറേബ്യയിലെ അൽ താവൂൻ ക്ലബിനെ പിന്തള്ളിയാണ് ദുഹൈൽ ഒന്നാമന്മാരായത്. 2020ലും 2021ലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ നിരാശ മായ്ക്കുന്ന പ്രകടനമാണ് ഹെർനാൻ ക്രെസ്പോ പരിശീലകനായ അൽ ദുഹൈൽ ഇക്കുറി പുറത്തെടുത്തത്. ഗ്രൂപ് ‘എ’യിൽ രണ്ടാം സ്ഥാനക്കാരായാണ് അവസാന പതിനാറിൽ അൽ റയ്യാൻ ഇടംപിടിച്ചത്. ഖത്തർ ലീഗിൽ ഈ സീസണിൽ നിറംമങ്ങിയ പ്രകടനമാണെങ്കിലും റയ്യാന്റെ കരുത്ത് കുറച്ചുകാണേണ്ടതില്ല.
കഴിഞ്ഞ 10 ശ്രമങ്ങളിൽ ഏഷ്യൻ ചാമ്പ്യൻസ് ലീഗിന്റെ കളത്തിലിറങ്ങിയ റയ്യാൻ ഇതാദ്യമായാണ് നോക്കൗട്ട് റൗണ്ടിലെത്തിയത്. ഫെബ്രുവരി 20ന് സൗദി ടീമായ അൽ ഫൈസലിയും ഇറാനിൽനിന്നുള്ള ഫൂലാദും അൽ തുമാമ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. അതേ ദിവസം അൽ ജാനൂബ് സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരും സൗദിയിലെ കരുത്തുറ്റ കളിസംഘവുമായ അൽ ഹിലാൽ യു.എ.ഇ ക്ലബായ ശഹാബ് അൽ അഹ്ലി ദുബൈയുമായി മാറ്റുരക്കും. ചാമ്പ്യൻസ് ലീഗിൽ ഫൈനൽ മത്സരത്തിന്റെ ആദ്യപാദം ഏപ്രിൽ 29നും രണ്ടാം പാദം മേയ് ആറിനും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.