ദോഹ: എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഈസ്റ്റ് സോൺ മത്സരങ്ങളും ഖത്തറിൽ നടക്കും. നവംബർ 18 മുതൽ ഡിസംബർ 13 വരെ നടക്കുന്ന ഈസ്റ്റ് സോൺ മത്സരങ്ങൾക്ക് ഖത്തർ വേദിയാകുമെന്ന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ(എ.എഫ്. സി) അറിയിച്ചു.
എ.എഫ്.സി ചാമ്പ്യൻസ് ലീഗ് വെസ്റ്റ് സോൺ മത്സരങ്ങൾ വിജയകരമായി സമാപിച്ചതിന് പിന്നാലെയാണ് ഈസ്റ്റ് സോൺ മത്സരങ്ങളും ഖത്തറിൽ സംഘടിപ്പിക്കാൻ എ.എഫ്.സി തീരുമാനിച്ചിരിക്കുന്നത്. ചൈന, ജപ്പാൻ, ആസ്േത്രലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ക്ലബുകളുടെ ചാമ്പ്യൻസ് ലീഗിലെ ബാക്കി മത്സരങ്ങളാണ് ഇവിടെ നടക്കുക. ഈസ്റ്റ് സോണിലെ ജി, എച്ച് എന്നീ ഗ്രൂപ്പുകളിലെ മത്സരങ്ങൾക്ക് നേരത്തെ മലേഷ്യ ആയിരുന്നു വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാൽ മലേഷ്യയിൽ കോവിഡ്–19 വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ നടത്താൻ ഖത്തറിന് ഒരിക്കൽ കൂടി നറുക്ക് വീണിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ക്ലബ് ടൂർണമെൻറായ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കോവിഡ്–19 പശ്ചാത്തലത്തിൽ കഴിഞ്ഞ മാസമാണ് കടുത്ത നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചത്. ഖത്തറിൽ 2022ലേക്കുള്ള ലോകകപ്പ് സ്റ്റേഡിയങ്ങൾ ഉൾപ്പെടെയുള്ള വേദികളിലായിരുന്നു മത്സരം.
ലോകമെമ്പാടും കോവിഡ്–19 വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഈ വർഷം മാർച്ച് മാസത്തിലാണ് ഫുട്ബോൾ മത്സരങ്ങൾ നിർത്തിവെക്കാൻ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ തീരുമാനിക്കുന്നത്.ഖത്തറിൽ നടന്ന വെസ്റ്റ് സോൺ മത്സരങ്ങൾ വിജയകരമായി സമാപിച്ചതിൽ എ .എഫ്.സി ജനറൽ സെക്രട്ടറി വിൻസർ ജോൺ ഖത്തർ ഫുട്ബോൾ അസോസിയേഷന് പ്രശംസ നേർന്നിരുന്നു.
നിലവിലെ ചാമ്പ്യൻമാരായ സൗദിയിൽ നിന്നുള്ള അൽ ഹിലാൽ ക്ലബിൻെറ ഭൂരിഭാഗം താരങ്ങൾക്കും ഓഫീഷ്യലുകൾക്കും കോവിഡ്–19 ബാധിച്ചതിനെ തുടർന്ന് ടൂർണമെൻറിൽ നിന്നും മാറ്റിനിർത്തുകയും ചെയ്തിരുന്നു. അൽ നസർ ക്ലബിനെ വീഴ്ത്തി ഇറാനിൽ നിന്നുള്ള പെർസെപൊളിസ് ആണ് ഫൈനലിൽ പ്രവേശിച്ചിരിക്കുന്ന ഒരു ക്ലബ്. അതേസമയം, ഡിസംബർ 19ന് നടക്കേണ്ട എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഫൈനലിെൻറ വേദി ഇതുവരെ അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.