ദോഹ: അഫ്ഗാനിസ്താനിലെ മാനുഷിക സഹായ വിതരണവും നിക്ഷേപവും സുഗമമാക്കാൻ യു.എന്നിന്റെ ആഭിമുഖ്യത്തിൽ വിളിച്ച സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെ യോഗം ജൂൺ 30, ജൂലൈ ഒന്ന് തീയതികളിൽ ഖത്തറിലെ ദോഹയിൽ നടക്കും. താലിബാൻ ഭരണകൂടം പ്രതിനിധികളെ അയക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.
ഫെബ്രുവരിയിൽ രണ്ടാം റൗണ്ട് ചർച്ചക്കുള്ള ക്ഷണം താലിബാൻ നിരസിച്ചിരുന്നു. ഒരുവർഷം മുമ്പാണ് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് സിവിൽ സൊസൈറ്റി ഗ്രൂപ്പുകളെ ചർച്ചക്കിരുത്താൻ നീക്കമാരംഭിച്ചത്. യോഗത്തിന്റെ അജണ്ട, പങ്കെടുക്കുന്നവർ എന്നിവയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചകളിൽ താലിബാനും യു.എന്നും അനൗദ്യോഗിക ചർച്ചകളിൽ ഏർപ്പെട്ടിരുന്നു. അജണ്ട, പ്രതിനിധികൾ എന്നിവയിൽ മാറ്റമുണ്ടായാൽ പങ്കെടുക്കുമെന്ന തങ്ങളുടെ തീരുമാനത്തിലും മാറ്റമുണ്ടാകുമെന്ന് താലിബാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുൽ ഖഹർ ബൽഖി പറഞ്ഞു. യോഗം അഫ്ഗാനിസ്താന്റെ താൽപര്യങ്ങൾക്ക് ഗുണകരമായതിനാൽ പ്രതിനിധികളെ അയക്കാൻ തീരുമാനിച്ചതായി താലിബാൻ വക്താവ് സബീഉല്ല മുജാഹിദ് അഫ്ഗാൻ ടെലിവിഷൻ ചാനലിനോട് പറഞ്ഞു.
സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ യോഗത്തിൽ സംബന്ധിക്കുമെന്ന് നേരത്തേ അറിയിച്ചിട്ടുണ്ട്. അഫ്ഗാനിസ്താനെ പ്രതിനിധീകരിക്കേണ്ടത് തങ്ങൾ മാത്രമാണെന്നായിരുന്നു താലിബാന്റെ നിലപാട്. എന്നാൽ, ഇത് യു.എൻ അംഗീകരിക്കുന്നില്ല. പല രാജ്യങ്ങളും താലിബാൻ ഭരണകൂടത്തെ അംഗീകരിക്കാത്തതിനാൽ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെ കൂടി പങ്കാളിത്തത്തോടെ മാത്രമെ നിക്ഷേപവും സഹായ വിതരണവും ഫലപ്രദമാകൂ എന്നാണ് യു.എൻ നിലപാട്.
സ്ത്രീകൾ ഉൾപ്പെടുന്ന സിവിൽ സൊസൈറ്റി ഗ്രൂപ്പുകളെയാണ് യു.എൻ ചർച്ചയിലേക്ക് ക്ഷണിച്ചത്. 2021 ആഗസ്റ്റിൽ അഫ്ഗാനിൽ ഭരണത്തിൽ തിരിച്ചെത്തിയ താലിബാൻ കൂടുതൽ തുറന്ന സമീപനം വാഗ്ദാനം ചെയ്തിരുന്നെങ്കിലും സ്ത്രീകൾക്കും പെൺകുട്ടികൾക്കും മേൽ നിയന്ത്രണങ്ങൾ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.