ദോഹ: സൈനിക മുന്നേറ്റത്തിലൂടെയും അക്രമത്തിലൂടെയും അധികാരം അടിച്ചേൽപിക്കുന്ന ഭരണകൂടങ്ങളെ അംഗീകരിക്കില്ലെന്ന ആഹ്വാനവുമായി അഫ്ഗാൻ സമാധാനത്തിനായി ദോഹയിൽ നടന്ന രാജ്യാന്തര ഉച്ചകോടി സമാപിച്ചു. അമേരിക്കൻ നേതൃത്വത്തിൽ നടന്ന നയതന്ത്ര യോഗത്തിൽ അവസാന ദിനം ഇന്ത്യയും ചർച്ചയിൽ പങ്കെടുത്തു.
ചൈന, ഉസ്ബകിസ്താൻ, അമേരിക്ക, പാകിസ്താൻ, ബ്രിട്ടൻ, ആതിഥേയരായ ഖത്തർ എന്നിവരുടെ പ്രത്യേക ദൂതന്മാരാണ് യോഗത്തിൽ പങ്കെടുത്തത്. വ്യാഴാഴ്ച ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ സമാധാന യോഗത്തിൽ പങ്കാളിയായി ഇന്ത്യൻ നിലപാട് വ്യക്തമാക്കി. അതിവേഗ വെടിനിർത്തലിന് ആഹ്വാനം ചെയ്ത യോഗം രാഷ്ട്രീയ ഒത്തു തീർപ്പാണ് അഫ്ഗാൻ വിഷയത്തിലെ ശാശ്വത പരിഹാരമെന്നും ആവർത്തിച്ചു.
എല്ലാവരെയും ഉൾകൊള്ളുന്ന ഭരണം, സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശ സംരക്ഷണം, മനുഷ്യാവകാശ സംരക്ഷണം, രാജ്യാന്തര നിയമങ്ങളെയും മനുഷ്യവകാശങ്ങളെയും ഉൾക്കൊള്ളുക എന്നീ നിബന്ധനകളിലൂടെ ഇരു വിഭാഗങ്ങളും രാഷ്ട്രീയ ഒത്തുതീർപ്പിലെത്തണമെന്നാണ് പ്രധാന നിർദേശം.
ഖത്തർ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ച, അമേരിക്കൻ വിദേശ കാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കൻ യോഗത്തിൻെറ വിവരങ്ങൾ ആരായുകയും അഫ്ഗാനിലെ സമാധാന പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്കുവഹിക്കുന്ന ഖത്തറിനെ അഭിനന്ദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.