ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി അഫ്ഗാനിസ്താൻ പ്രസിഡൻറ് ഡോ. മുഹമ്മദ് അഷ്റഫ് ഗനി ഖത്തറിലെത്തി. വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സഅദ് അൽമുറൈഖി അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു.ഖത്തറിലെത്തിയ അഫ്ഗാനിസ്താൻ പ്രസിഡൻറ് ഡോ. മുഹമ്മദ് അഷ്റഫ് ഗനിയുമായി പ്രധാനമന്ത്രിയും ആഭയന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് ആൽഥാനി കൂടിക്കാഴ്ച നടത്തി.
ഖത്തറിലെ അഫ്ഗാൻ അംബാസഡറും വിമാനത്താവളത്തിലെത്തിയിരുന്നു. അഫ്ഗാനിൽ ശാശ്വതസമാധാനം സ് ഥാപിക്കുന്നതിനായി ഖത്തറിെൻറ മധ്യസ്ഥതയിൽ അഫ്ഗാൻ സർക്കാറും താലിബാനും തമ്മിലുള്ള സുപ്രധാന ചർച്ച ദോഹയിൽ പുരോഗമിക്കുകയാണ്. സെപ്റ്റംബർ 12നാണ് ചർച്ചകൾ തുടങ്ങിയത്. അഫ്ഗാനിസ്താൻ പ്രസിഡൻറ് ചർച്ചയിൽ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. ഇതിനകം നിരവധി തവണ അഫ്ഗാനിലെ സമാധാനത്തിനായി ദോഹയിൽ ചർച്ചകൾ നടന്നിരുന്നു. താലിബാൻ, യു.എസ്, അഫ്ഗാൻ സർക്കാർ എന്നിവരുമായുള്ള ചർച്ചകളാണ് ദീർഘകാലമായി ഖത്തറിൽ തുടർന്നുവന്നത്. എന്നാൽ, ഇതാദ്യമായാണ് ഒരു മേശക്ക് ചുറ്റും താലിബാനും അഫ്ഗാൻ സർക്കാറും തമ്മിൽ ചർച്ചക്കിരിക്കുന്നത് എന്നതാണ് നിലവിൽ നടക്കുന്ന ചർച്ചയുടെ പ്രാധാന്യം. ഉദ്ഘാടന സെഷനിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ, ഖത്തർ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, അഫ്ഗാൻ ദേശീയ അനുരഞ്ജന ഉന്നതസമിതി ചെയർപേഴ്സൻ അബ്ദുല്ല അബ്ദുല്ല, താലിബാൻ ഉപനേതാവ് മുല്ല അബ്ദുൽ ഗനി ബറാദർ എന്നിവർ പങ്കെടുത്തിരുന്നു.
യു.എസും അഫ്ഗാന്‍ താലിബാനും കഴിഞ്ഞ ഫെബ്രുവരി 29ന് ദോഹയില്‍ സമാധാന കരാറില്‍ ഒപ്പുവെച്ചിരുന്നു.ഇതിെൻറ തുടർച്ചയായാണ് ഭരണം പങ്കുവെക്കാനുള്ള പവർ ഷെയറിങ് കരാർ അഫ്ഗാനിൽ ഉണ്ടായത്. അധികാരം പങ്കിട്ടെടുക്കുന്നതിന് പ്രസിഡൻറ് ഡോ. മുഹമ്മദ് അഷ്റഫ് ഗനിയും രാഷ്ട്രീയ എതിരാളി ഡോ. അബ്ദുല്ല അബ്ദുല്ലയും തമ്മിലുള്ള കരാർ രാഷ്ട്രീയ അസ്ഥിരത അവസാനിപ്പിക്കുന്നതിനും സ്ഥിരത കൈവരിക്കുന്നതിനും നിർണായക ചുവടുവെപ്പായിരുന്നു. ദോഹ സമാധാന കരാറിെൻറ ഭാഗമായി അഫ്ഗാനിസ്താനിൽനിന്ന് യു.എസ് സൈനികരുടെ പിന്മാറ്റം നേരത്തേ തുടങ്ങിയിരുന്നു.
ഹെൽമന്ദ് പ്രവിശ്യ തലസ്ഥാനമായ ലഷ്കർ ഗാഹിലെയും ഹെറാതിലെയും സൈനികരെയാണ് ഇതിനകം യു.എസ് പിൻവലിച്ചത്.യു.എസ്-താലിബാൻ ചർച്ചയിൽ, അഫ്ഗാനിൽനിന്ന് യു.എസ് സൈനികരെ പൂർണമായി പിൻവലിക്കാൻ ധാരണയായിരുന്നു. 12,000 സൈനികരുടെ എണ്ണം കഴിഞ്ഞ ജൂലൈ മധ്യത്തോടെ 8600 ആയി ചുരുക്കാമെന്നാണ് യു.എസ് വാഗ്ദാനം.എന്നാൽ, അമേരിക്കയുടെ പാവസർക്കാറാണ് അഫ്ഗാൻ ഭരിക്കുന്നതെന്നും ഇതിനാൽ സർക്കാറുമായി ചർച്ചക്കില്ലെന്നുമായിരുന്നു താലിബാൻ നിലപാട്. ഇതോടെ നടപടികൾ സ്തംഭിച്ച അവസ്ഥയായിരുന്നു. ഈ സ്തംഭനാവസ്ഥയാണ് ഖത്തറിൽ നടക്കുന്ന ചർച്ചകളിലൂടെ നീങ്ങിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.