ദോഹ: പ്രതിസന്ധികൾ മറികടന്ന് അഫ്ഗാനിസ്താനിൽ സമാധാനം പുനഃസ്ഥാപിക്കാൻ രാജ്യം തയാറാണെന്ന് പ്രസിഡൻറ് ഡോ. മുഹമ്മദ് അശ്റഫ് ഗനി. സമാധാനത്തിനായുള്ള ഇച്ഛാശക്തിയും മൂലധനവും അഭിനിവേശവും അഫ്ഗാനിനുണ്ട്. അതോടൊപ്പം, ഈ സമാധാനം തിരികെ സ്ഥാപിക്കുന്നതിന് പ്രതിബദ്ധതയും ധീരതയും കൂടെയുണ്ടാകണം. ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസിലെ സെൻറർ ഫോർ കോൺഫ്ലിക്ട് ആൻഡ് ഹ്യൂമാനിറ്റേറിയൻ സ്റ്റഡീസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഫ്ഗാൻ ജനതയുടെ അഭിലാഷമാണ് സമാധാനം. സമാധാനത്തിനായി അഫ്ഗാെൻറ ചരിത്രവും സംസ്കാരവും മതവും സാമ്പത്തികവും പരിഗണിക്കേണ്ടിയിരിക്കുന്നു.ഖത്തറിലെ നയതന്ത്ര സമൂഹത്തിലെ നിരവധി പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.സമാധാനമെന്നത് ഒരു സംഘത്തിെൻറ മാത്രമായിരിക്കരുത്. അത് അഫ്ഗാൻ ജനതയുടേത് മുഴുവനുമായിരിക്കണം. അവരാണ് ഏറ്റവും പ്രധാനപ്പെട്ടത്. സംഘർഷങ്ങളുണ്ടാക്കാൻ എളുപ്പമാണ്. സമാധാനം പുനഃസ്ഥാപിക്കാനാണ് പ്രയാസം. നിരപരാധികളാണ് അവരുടെ പ്രവർത്തനങ്ങളുടെ ഫലമായി കൊല്ലപ്പെടുന്നതെന്ന് സംഘർഷങ്ങൾക്ക് പിന്നിലുള്ളവർ തിരിച്ചറിയണം.
സമാധാനത്തിനായി നാം സധൈര്യം മുന്നോട്ടുവരണം. നാം പ്രതിബദ്ധരായിരിക്കണം. അതൊരു എളുപ്പത്തിലുള്ള പ്രവർത്തനമല്ല. അഫ്ഗാനിൽ ദേശീയാടിസ്ഥാനത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു–ഡോ. ഗനി വിശദീകരിച്ചു.
അഫ്ഗാനിസ്താനിലേത് സിവിൽ യുദ്ധമല്ല, വിരുദ്ധ ശക്തികളുടെ സംഘട്ടനവുമല്ല. അത് അധികാരത്തിനായുള്ള സംഘർഷമാണ്. അഫ്ഗാനിസ്താനിലെ എല്ലാവർക്കും ജീവിക്കണം. സമാധാനം എന്നതിന് അഫ്ഗാനിസ്താനിൽ വലിയ സ്ഥാനവും പ്രാധാന്യവുമാണുള്ളത്. നമുക്കിടയിലെ 99 ശതമാനവും ഇസ്ലാംമതവിശ്വാസികളാണ്. ഇസ്ലാമിെൻറയും ഇസ്ലാമിക നാഗരികതയുടെയും ദീർഘകാല ചരിത്രം അഫ്ഗാനിസ്താനുണ്ട്. രാജ്യത്തെ വിഭജിക്കുന്നതല്ല, ഒരുമിപ്പിക്കുന്നതാണ് മതമെന്ന ഘടകമെന്നും അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാൻ വനിതകളുടെ ധീരതയെ പ്രസിഡൻറ് ഡോ. ഗനി പ്രത്യേകം ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്താനിലെ സ്ത്രീകൾക്കുവേണ്ടി എഴുതുന്നവരെയോ സംസാരിക്കുന്നവരെയോ അവർ ആവശ്യപ്പെടുന്നില്ല. അവർക്കുവേണ്ടി സംസാരിക്കാനും അവരെ പ്രതിനിധാനംചെയ്യാനും അവർ മതിയാകും. അഫ്ഗാനിസ്താനിലെ അധിനിവേശങ്ങൾക്കെതിരെ ആയുധമെടുത്ത വനിതകൾ ചരിത്രത്തിലിടം നേടിയിട്ടുണ്ട്. ധീരതയോടെ അവരുടെ നാടിനെ വൈദേശിക ശക്തികളിൽനിന്ന് അവർ സംരക്ഷിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.
ഖത്തറിൻെറ മധ്യസ്ഥതയിൽ ദോഹയിൽ അഫ്ഗാൻ സർക്കാറും താലിബാനും തമ്മിലുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് അഫ്ഗാൻ പ്രസിഡൻറ് കഴിഞ്ഞ ദിവസം ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറി െലത്തിയത്. നേരത്തേ അഫ്ഗാൻ പ്രസിഡൻറ് ഡോ. മുഹമ്മദ് അശ്റഫ് ഗനി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ചർച്ച നടത്തിയിരുന്നു.അമീരി ദീവാനിൽ നടന്ന ചർച്ചയിൽ ഖത്തറും അഫ്ഗാനിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതും ഇരുരാഷ്ട്ര നേതാക്കളും ചർച്ച ചെയ്തു. ഖത്തറും അഫ്ഗാനിസ്താനും തമ്മിലുള്ള ബന്ധത്തിൻറ പ്രാധാന്യം വ്യക്തമാക്കിയ പ്രസിഡൻറ് ഡോ. ഗനി, അഫ്ഗാൻ സമാധാന ചർച്ചകൾക്കായി മധ്യസ്ഥത വഹിച്ച ഖത്തറിനെ പ്രശംസിക്കുകയും അഫ്ഗാനിസ്താനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ ഖത്തറിെൻറ പങ്ക് പ്രധാനപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടി.അഫ്ഗാൻ സമാധാന ചർച്ചകളുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും അമീർ–അഫ്ഗാൻ പ്രസിഡൻറ് കൂടിക്കാഴ്ചയിൽ വിശകലനം ചെയ്തു.ഖത്തറിൽനിന്നുള്ള മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അഫ്ഗാൻ പ്രസിഡൻറിനൊപ്പം ഖത്തറിലെത്തിയ ഉന്നതതല സംഘവും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.