ദോഹ: അടിയന്തര ആവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ എത്തുന്ന പ്രവാസികള്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് കള്‍ചറല്‍ ഫോറം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ബന്ധുക്കളുടെ മരണംപോലുള്ള അടിയന്തര ഘട്ടങ്ങളില്‍ പി.സി.ആര് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റില്ലാതെ ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് പോകാന്‍ അനുവദിച്ചിരുന്ന ഇളവ് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി.
വിദേശത്ത് നിന്നും വരുന്ന എല്ലാവരും യാത്രയ്ക്ക് മുമ്പ് എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പരിശോധന ഫലം അപ്ലോഡ് ചെയ്യണമെന്നുമാണ് പുതിയ നിർദേശം.
അധിക തുക നല്കിയാല് നാലു മണിക്കൂറിനുള്ളില്‍ ടെസ്റ്റ് റിസള്‍ട്ട് കിട്ടുന്ന സൗകര്യം സ്വകാര്യ ലാബുകള്‍ വഴിയുണ്ടായിരുന്നതിനാലാണ് ഒരു പരിധി വരെ ഈ ബുദ്ധിമുട്ടിനെ മറികടന്നിരുന്നത്. എന്നാല്‍, ഒമിക്രോണ്‍ അതിരൂക്ഷമായ സാഹചര്യത്തില്‍ മിക്കലാബുകളിലും പരിശോധന നിര്‍ത്തുകയോ ബുക്കിങ് ലഭ്യമല്ലാത്ത സാഹചര്യമോ ആണുള്ളത്.
ഇതോടെ പെട്ടെന്ന് നാട്ടിലെത്തേണ്ടവര്‍ക്ക് ദിവസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.
കഴിഞ്ഞ ദിവസം പിതാവിെൻറ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ നാട്ടിലെത്താനാകാതെ മലയാളി യുവാവിെൻറ യാത്ര മുടങ്ങിയിട്ടുണ്ട്. സമാനമായ അടിയന്തര ആവശ്യങ്ങളുമായി നിരവധി ആളുകളാണ് ഇപ്പോൾ ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നത്.
വിഷയത്തില്‍ കേരള സര്‍ക്കാര്‍ ഗൗരവപൂർവം ഇടപെട്ട് പ്രവാസികളെ ദുരിതത്തിലാഴ്ത്തുന്ന നടപടി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മർദം ചെലുത്തണം. പ്രസിഡന്റ് എ.സി. മുനീഷ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റുമാരായ ചന്ദ്രമോഹൻ, ഷാനവാസ് ഖാലിദ്, മുഹമ്മദ് കുഞ്ഞി, സജ്ന സാക്കി ജനറല്‍ സെക്രട്ടറിമാരായ മജീദ് അലി, താസീന്‍ അമീന് തുടങ്ങിയവര്‍ സംസാരിച്ചു.
എയര്‍ സുവിധയിലെ എടുത്ത് മാറ്റിയ ഇളവുകള്‍ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പ്രവാസികാര്യ മന്തി, വ്യോമയാന മന്ത്രി എന്നിവര്‍ക്കും അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി, നോര്‍ക്ക ഡയറക്ടര്‍ തുടങ്ങിയവര്‍ക്കും കള്‍ച്ചറല്‍ ഫോറം ഇ-മെയില്‍ അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.