ദോഹ: പിതാവിനെ അവസാനമായൊരു നോക്കു കാണാനും, മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുക്കാനും കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് തിരുവനന്തപുരം വട്ടിയൂർകാവ് സ്വദേശി പുളിമൂട്ടിൽ നഫ്സൽ മുഹമ്മദ്. ആരുടെയൊക്കെയോ പ്രാർഥനയുടെ കൂടി പുണ്യംകൊണ്ട് സമയത്തുതന്നെ നാട്ടിലെത്തുകയും, ആശിച്ചതുപോലെ പിതാവിനുവേണ്ടി അന്ത്യകർമങ്ങൾ പൂർത്തിയാക്കാനും കഴിഞ്ഞ ഒരു മകന്റെ ആശ്വാസത്തിലായിരുന്നു വ്യാഴാഴ്ച 'ഗൾഫ് മാധ്യമ'വുമായി സംസാരിക്കുമ്പോൾ നഫ്സൽ. സമയോചിതമായ തീരുമാനങ്ങളും, ഭാഗ്യവും അനുഗ്രഹിച്ചപ്പോൾ വ്യാഴാഴ്ച രാവിലെ 10 മണിയോടെ നൗഫൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തുകയും, ഉച്ചയോടെ പിതാവിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.
ആ അനുഭവം നഫ്സൽ തന്നെ പങ്കുവെക്കുന്നത് ഇങ്ങനെ:
ബുധനാഴ്ച ദോഹയിലെ ജോലിസ്ഥലത്ത് എത്തിയതിനു പിന്നാലെയാണ് പിതാവിന്റെ മരണവാർത്ത അറിയിച്ചുകൊണ്ട് നാട്ടിൽനിന്നും മൊബൈൽ സന്ദേശമെത്തുന്നത്. കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത പിതാവിന്റെ വേർപാടിന്റെ ആഘാതത്തിൽനിന്നും മുക്തനാവും മുമ്പേ തന്നെ നാട്ടിലേക്ക് യാത്രതിരിക്കാനുള്ള നടപടിക്രമങ്ങളും ആരംഭിച്ചു.
എയർ സുവിധയും പി.സി.ആർ ടെസ്റ്റ് റിപ്പോർട്ടുമായിരുന്നു ആദ്യ വെല്ലുവിളി. നിലവിലെ സാഹചര്യത്തിൽ ഖത്തറിൽ കോവിഡ് പി.സി.ആർ പരിശോധന ഫലം വൈകുന്നതു സംബന്ധിച്ച് ബോധ്യമുണ്ടായിരുന്നെങ്കിലും നാട്ടിലെത്തിച്ചേരാനുള്ള തിടുക്കത്തിലായിരുന്നു. ഏറ്റവും വേഗത്തിൽ ലഭിക്കുന്ന പി.സി.ആർ ടെസ്റ്റിനായി സിദ്രയിൽ ബുക്ക്ചെയ്യാൻ ശ്രമിച്ചെങ്കിലും രണ്ടുദിവസം കഴിഞ്ഞേ അപോയിൻമെന്റ് ലഭ്യമായുള്ളൂ. പക്ഷേ, നാട്ടിലെത്താനുള്ള തീരുമാനം മാറ്റാനാവില്ലല്ലോ. ബുധനാഴ്ച രാത്രിയിൽ ചെന്നൈയിലേക്കുള്ള ഖത്തർ എയർവേസ് വിമാനത്തിന് ടിക്കറ്റ് എടുത്തു. പി.സി.ആർ പരിശോധന ഫലം ഇല്ലാത്തതിനാൽ എയർ സുവിധ അപേക്ഷ നിരസിക്കുമെന്ന് ബോധ്യമുള്ളതിനാൽ ഖത്തറിലെ ഇന്ത്യൻ എംബസിയിലെത്തി അടിയന്തര യാത്രയാണെന്നു ബോധ്യപ്പെടുത്തുന്ന സാക്ഷ്യപത്രം വാങ്ങി. പിതാവിന്റെ മരണസർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ഖത്തർ ഐ.ഡി കോപ്പി എന്നിവ വെച്ചായിരുന്നു അപേക്ഷ നൽകിയത്.
വിമാനത്താവളത്തിലെത്തിയ ശേഷം എംബസി സാക്ഷ്യപത്രം സഹിതം ഖത്തർ എയർവേസ് അധികൃതർ തന്നെ ചെന്നൈ എയർപോർട്ടിലേക്ക് നൽകിയ അപേക്ഷ സ്വീകരിക്കപ്പെട്ടതോടെ യാത്രാനുമതി ലഭിച്ചു. രാത്രിയോടെ ദോഹയിൽനിന്നും പറന്നുയർന്ന നഫ്സൽ പുലർച്ചെ ചെന്നൈയിലും, തുടർന്ന് മറ്റൊരു വിമാനത്തിൽ തിരുവനന്തപുരത്തും എത്തി. വിമാനത്താവളങ്ങളിലും ആർ.ടി.പി.സി.ആർ പരിശോധനാ ഫലം ആവശ്യപ്പെട്ടപ്പോൾ, എംബസി സാക്ഷ്യപത്രം കാണിച്ച് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയായിരുന്നുവെന്ന് നൗഫൽ പറഞ്ഞു.
വിദേശങ്ങളിൽനിന്നും ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരെല്ലാം എയർ സുവിധയിൽ 72 മണിക്കൂറിനുള്ളിലെ ആർ.ടി.പി.സി.ആർ പരിശോധന ഫലം അപ്ലോഡ് ചെയ്യണമെന്ന നിർദേശം നൗഫലിനെ പോലുള്ള അടിയന്തര യാത്രക്കാർക്ക് തിരിച്ചടിയാവുകയാണ്. കഴിഞ്ഞദിവസം, സമാനമായ കേസിൽ തൃശൂർ സ്വദേശിയും മുംബൈയിൽ സ്ഥിരതാമസക്കാരനുമായ സുരാഗ് സത്യന്റെ യാത്ര മുടങ്ങിയ വാർത്ത 'ഗൾഫ് മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. ഇൻഡിഗോ എയർലൈൻസിന് ടിക്കറ്റ് എടുത്ത സുരാഗ് എംബസി സാക്ഷ്യപത്രം വാങ്ങി അടിയന്തര യാത്രാനുമതി തേടിയെങ്കിലും മുംബൈ വിമാനത്താവളത്തിൽ നിരസിക്കുകയായിരുന്നു.
ഗൾഫ് രാജ്യങ്ങളിൽ കോവിഡ് കേസുകൾ കൂടുകയും ടെസ്റ്റിങ് കേന്ദ്രങ്ങളിൽ തിരക്ക് വർധിക്കുകയും ചെയ്തതോടെ ആർ.ടി.പി.സി.ആർ പരിശോധന ഫലം വൈകുന്ന സാഹചര്യത്തിൽ എയർ സുവിധയിൽ അടിയന്തര വിമാന യാത്രക്കാർക്ക് ഇളവു നൽകുന്ന 'എക്സപ്ഷണൽ' സൗകര്യം പുനഃസ്ഥാപിക്കണമെന്ന് പ്രവാസികളും, പ്രവാസി സംഘടനകളും ആവശ്യമുന്നയിക്കുന്നു. ഇതുസംബന്ധിച്ച് ഖത്തറിലെ നിരവധി സംഘടനകളും സാമൂഹിക പ്രവർത്തകരും കേന്ദ്ര മന്ത്രിമാർക്കും എം.പി മാർക്കും നിവേദനം നൽകിയിട്ടുണ്ട്.
അടിയന്തര യാത്രക്കാർക്ക് ആർ.ടി.പി.സി.ആറിന് പകരം ആന്റിജൻ ടെസ്റ്റ് ഫലവും വാക്സിനേഷനും മാനദണ്ഡമാക്കണമെന്നും ആവശ്യമുയരുന്നു.
ദോഹ: കോവിഡ് വകഭേദങ്ങളുടെ വ്യാപന പശ്ചാത്തലത്തിൽ പി.സി.ആർ പരിശോധന ഫലം വൈകുന്നത് കണക്കാക്കി യാത്രക്കാർക്ക് ഇളവുകൾ നൽകണമെന്ന് ഖത്തർ കെ.എം.സി.സി കേന്ദ്ര-സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. യാത്രക്ക് മുമ്പുള്ള പി.സി.ആർ പരിശോധനഫലം വൈകുന്നത് കാരണം നൂറുക്കണക്കിനു യാത്രക്കാര്‍ക്ക് പണവും സമയവും നഷ്ടപ്പെടുകയും യാത്രകള്‍ മുടങ്ങുന്നതും പതിവായിരിക്കുകയാണ്.
വ്യാപനം കൂടുന്നതിനനുസരിച്ച് തിരക്കുകാരണം പരിശോധനഫലം രണ്ടും മൂന്നും ദിവസം വൈകുന്നുണ്ട്. ടെസ്റ്റ് ഫലത്തിനു 72 മണിക്കൂര്‍ കാലാവധിയേയുള്ളൂ എന്നിരിക്കെ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍തന്നെ പി.സി.ആര് പരിശോധന നടത്താന്‍ കഴിയില്ല.
യാത്ര മുടങ്ങിയാല്‍ പണം തിരിച്ചുകിട്ടാത്ത ടിക്കറ്റുകളാണ് മിക്ക വിമാന കമ്പനികളും നല്‍കുന്നത്. വീണ്ടും ടിക്കറ്റ് എടുക്കുമ്പോൾ പിന്നെയും പി.സി.ആർ പരിശോധന നടത്തേണ്ട ഗതികേടിലാണ് യാത്രക്കാര്‍. ഇങ്ങനെ ആയിരക്കണക്കിന് റിയാലാണ് ഓരോ യാത്രക്കാരനും നഷ്ടപ്പെടുന്നത്. കുടുംബസമേതം യാത്ര ചെയ്യുന്നവർക്ക് നഷ്ടം പലമടങ്ങായി ഉയരുന്നു. അവധി കാലാവധി അടക്കമുള്ള മറ്റു പ്രശ്നങ്ങൾ വേറെയുമുണ്ട്.
മരണം ഉൾപ്പെടെ അടിയന്തര ആവശ്യമുള്ള യാത്രക്കാർക്ക് പി.സി.ആര് പരിശോധന ഒഴിവാക്കിക്കൊണ്ടുള്ള ഇളവുകൾ എയർ സുവിധ പോര്‍ട്ടൽ എടുത്തുകളഞ്ഞതും പ്രവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു.
ഇതിനൊരു പരിഹാരം എന്ന നിലയിൽ യാത്രക്കു മുമ്പേ അംഗീകൃത സ്ഥാപനങ്ങളില്‍നിന്നുള്ള ആന്റിജൻ ടെസ്റ്റുകള്‍ നടത്തി ആളുകളെ യാത്ര ചെയ്യാന്‍ അനുവദിക്കുകയും അവരവരുടെ നാട്ടിൽ തിരിച്ചെത്തിയാൽ നടത്തുന്ന പരിശോധന കര്‍ശനമാക്കുകയും ചെയ്യാവുന്നതാണ്. ഈ ആവശ്യം ഉന്നയിച്ച് ഖത്തര്‍ കെ.എം.സി.സി ഇന്ത്യയിലെ അധികാരികള്‍ക്കും ഖത്തറിലെ ഇന്ത്യൻ അംബാസഡര്‍ക്കും നിവേദനം നല്കി.
ദോഹ: വിദേശ രാജ്യങ്ങളിൽനിന്ന് അടിയന്തര സാഹചര്യങ്ങളിൽ യാത്ര ചെയ്യുന്ന പ്രവാസികൾക്ക് പി.സി.ആർ ടെസ്റ്റിൽ അനുവദിച്ചിരുന്ന ഇളവ് പുനഃസ്ഥാപിക്കണമെന്ന് ഖത്തറിലെ പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ പ്രവാസി കോഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ടു മാസങ്ങൾക്കു മുമ്പ് ഈ ഇളവ് എയർ സുവിധ പോർട്ടലിൽനിന്ന് എടുത്തുമാറ്റിയതു കാരണം മരണംപോലുള്ള അത്യാവശ്യ ഘട്ടങ്ങളിൽ യാത്ര ചെയ്യേണ്ട നിരവധി പേരുടെ യാത്രയാണ് മുടങ്ങുന്നത്. ഖത്തറിൽനിന്നുതന്നെ ഇത്തരത്തിലുള്ള നിരവധി പരാതികളാണ് ഉയരുന്നത്. കോവിഡ് മൂന്നാം തരംഗത്തെ തുടർന്ന് പി.സി.ആർ ടെസ്റ്റ് റിപ്പോർട്ട് ലഭിക്കാൻ കാലതാമസം നേരിടുന്നുണ്ട്. മണിക്കൂറുകൾക്കുള്ളിൽ ടെസ്റ്റ് റിപ്പോർട്ട് ലഭിക്കാനുള്ള സാഹചര്യം ഇപ്പോളില്ല. ഈ അവസ്ഥകൂടി പരിഗണിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇടപെട്ട് അടിയന്തര സാഹചര്യത്തിൽ യാത്ര ചെയ്യുന്നവർക്കുള്ള പി.സി.ആർ ടെസ്റ്റിലെ ഇളവ് പുനഃസ്ഥാപിക്കണം. ഇതിനായി വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും കേരള സർക്കാറും കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്നും പ്രവാസി കോഓഡിനേഷൻ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.