ദോഹ: വിമാന ടിക്കറ്റ് നിരക്കിന്റെ പേരിൽ പ്രവാസികൾക്കുനേരെ നടക്കുന്ന ചൂഷണം അവസാനിപ്പിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പിക്ക് കൾച്ചർ ഫോറം നേതാക്കൾ നിവേദനം നൽകി. അവധിക്കാലങ്ങളിൽ കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തി വിമാന ചാർജ് നിയന്ത്രിക്കാൻ സംവിധാനം ഉണ്ടാകണമെന്നും, വിദേശരാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ വിമാന കമ്പനികളുടെ നിരക്ക് നിയന്ത്രിക്കാൻ പാർലമെന്റിൽ നിയമനിർമാണം നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
സാധാരണ വിമാന നിരക്കുകളിൽനിന്നും ഭിന്നമായി വേനൽ അവധിക്കാലത്തും ആഘോഷ സമയങ്ങളിലും മൂന്ന് ഇരട്ടിയോളം ചാർജാണ് വിമാന കമ്പനികൾ ഈടാക്കുന്നത്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ വരവിന്റെ തോതനുസരിച്ച് അതത് രാജ്യങ്ങളിലേക്ക് കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
കൾച്ചർ ഫോറം സംസ്ഥാന പ്രസിഡന്റ് എ.സി. മുനീഷ്, ജനറൽ സെക്രട്ടറി താഹസീൻ അമീൻ, ട്രഷറർ എ.ആർ. അബ്ദുൽ ഗഫൂർ, സെക്രട്ടറി അഹമ്മദ് ഷാഫി, സംസ്ഥാന സമിതിയംഗം ശരീഫ് തിരൂർ എന്നിവർ ചേർന്നാണ് നിവേദനം കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.