ദോഹ: ഗൾഫ് പ്രവാസികളെ കൊള്ളയടിച്ച് കുതിച്ചുയരുന്ന വിമാനടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെടില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചതേടെ ഇരുട്ടടിയേറ്റ് മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ. ലോക്സഭയിൽ എ.എം. ആരിഫ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വ്യോമയാന വകുപ്പ് സഹമന്ത്രി ജനറൽ ഡോ. വി.കെ. സിങ്ങാണ് കേന്ദ്ര സർക്കാറിന് ഈ വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കിയത്.
ഗൾഫ് മേഖലയിൽനിന്ന് കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിലേക്കും, തിരികെയും അനിയന്ത്രിതമായ വിമാനയാത്ര നിരക്ക് വർധന നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സർക്കാറിന്റെയും എം.പിമാരുടെയും നിവേദനം ലഭിച്ചിട്ടുണ്ടെന്നും എന്നാൽ എയർലൈൻസുകൾക്ക് അവരുടെ ഇഷ്ടപ്രകാരം യാത്രാനിരക്ക് തീരുമാനിക്കാൻ കഴിയുന്നതിനാൽ കേന്ദ്ര സർക്കാറിന് ഈ വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്നുമായിരുന്നു മന്ത്രി ലോക്സഭയിൽ നൽകിയ മറുപടി.
സീസൺ, ഓഫ് സീസൺ വ്യത്യാസമില്ലാതെ വിമാനക്കമ്പനികൾ തുടരുന്ന എയർലൈൻ കൊള്ളക്കെതിരെ പ്രവാസി സംഘടനകളും വ്യക്തികളും പ്രതിഷേധം ഉയർത്തുന്നതിനിടെയായിരുന്നു ഈ വിഷയം എം.പിമാർ കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിലെത്തിച്ചത്. സംസ്ഥാന സർക്കാറും വിഷയത്തിൽ ഇടപെട്ടുവെങ്കിലും വിമാനക്കമ്പനികളുടെ ടിക്കറ്റ് കൊള്ള തടയാൻ കഴിയില്ലെന്ന് കേന്ദ്രം വീണ്ടും നിലപാടെടുക്കുകയാണ്.
നിലവിൽ അവധിക്കാല സീസണുകളിൽ ദോഹ, ദുബൈ, അബൂദബി ഉൾപ്പെടെ ഗൾഫ് സെക്ടറുകളിൽനിന്നും കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് തീവെട്ടിക്കൊള്ളയാണ് കമ്പനികൾ നടത്തുന്നത്. ജൂൺ-ജൂലൈ മാസങ്ങളിൽ ഗൾഫ് രാജ്യങ്ങളിൽ വേനൽക്കാലവും സ്കൂളുകൾക്ക് അവധിയുമെത്തുമ്പോൾ നിരവധി പ്രവാസികളാണ് നാട്ടിലേക്ക് യാത്ര ചെയ്യുന്നത്.
ആഗസ്റ്റ് അവസാനം ഓണം ആഘോഷിക്കുന്നതിന് കുടുംബസമേതവും അല്ലാതെയും നാട്ടിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിക്കും. എന്നാൽ, നാട്ടിലേക്കും തിരികെയും യാത്ര സജീവമാകുന്ന സീസണിൽ ഇരട്ടിയോളം ടിക്കറ്റ് തുക ഈടാക്കിയാണ് വിമാനക്കമ്പനികൾ കൊള്ള നടത്തുന്നത്.
വിഷയത്തിൽ ഇടപെടുന്നതിന് സംസ്ഥാന സർക്കാറിലും കേരളത്തിൽനിന്നുള്ള എം.പിമാരിലും വിവിധ പ്രവാസി സംഘടനകൾ സമ്മർദം ചെലുത്തിയിരുന്നു. ഇതുപ്രകാരം മുഖ്യമന്ത്രിയുടെയും നോർക്ക ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നിവേദനം നൽകുകയും വിവിധ എം.പിമാർ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തുവെങ്കിലും ഫലമില്ലാത്ത അവസ്ഥയാണ്.
ഈ മാസാദ്യം അടൂർ പ്രകാശ് എം.പി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തെഴുതിയെങ്കിലും ഇടപെടാൻ കഴിയില്ലെന്ന് അദ്ദേഹവും മറുപടി നൽകി. യാത്രക്കാരുടെ തിരക്കും വിമാന ഇന്ധന വിലവർധനയും കാരണമാണ് സീസണിൽ നിരക്ക് കൂടുന്നതെന്നായിരുന്നു അടൂർ പ്രകാശിന് മന്ത്രി നൽകിയ മറുപടി. വേനലവധി, ഓണം സീസൺ പരിഗണിച്ച് ഗൾഫ് രാജ്യങ്ങളിൽനിന്നും തിരികെയും ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെ പ്രത്യേക ചാർട്ടർ വിമാനങ്ങളുടെ സാധ്യത ആരായുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.
സ്കൂൾ വേനലവധിയും ബലിപെരുന്നാളും എത്തിയ ജൂൺ 15 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ 50,000ത്തിനും മുകളിലായിരുന്നു എയർഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെ ബജറ്റ് എയർലൈൻസുകൾ ദോഹയിൽനിന്ന് കേരളത്തിലേക്ക് ഈടാക്കിയത്. കുടുംബ സമേതമുള്ള യാത്രക്ക് അമിതമായ ടിക്കറ്റ് നിരക്ക് തിരിച്ചടിയായപ്പോൾ യാത്ര മാറ്റിവെച്ച പ്രവാസികൾ വരെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.