ദോഹ: ഏപ്രിൽ ഒന്ന് മുതൽ ഖത്തർ വിമാനത്താവളങ്ങളിലെ വിവിധ നിരക്കുകൾ വർധിപ്പിക്കാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ തീരുമാനം. വിവിധ സേവനങ്ങൾ സംബന്ധിച്ച നിരക്കു വർധന അറിയിച്ച് എയർലൈൻ മാനേജർമാർ, ട്രാവൽ ഏജന്‍റുമാർ എന്നിവർക്ക് വ്യോമ വിഭാഗം സർക്കുലർ അറിയിച്ചു. ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്ല്യത്തിൽ വരുമെന്നാണ് അറിയിപ്പ്. ഇത് നടപ്പിലാവുന്നതോടെ ഖത്തറിൽ നിന്നും വിദേശങ്ങളിലേക്കുള്ള യാത്രാ നിരക്കിൽ 55റിയാൽ വരെ വർധനവുണ്ടാവും.
വിമാനത്താവങ്ങളിലെ വിവിധ സേവനങ്ങളുടെ നിരക്കിലാണ് വർധനവുണ്ടായത്. ഇത് യാത്രക്കാരിൽ നിന്നും ഈടാക്കുന്ന വിധത്തിലായിരിക്കും വിമാനകമ്പനികൾ ടിക്കറ്റ് ചാർജ് വർധിപ്പിക്കുക.ഏപ്രിൽ ഒന്ന് മുതലാണ് പ്രാബല്ല്യത്തിൽ വരുന്നതെങ്കിലും, ഫെബ്രുവരി ഒന്നിന് ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റുകളിൽ അധികനിരക്ക് ഈടാക്കും. അതേസമയം, ഏപ്രിൽ ഒന്നിന് ശേഷം യാത്രചെയ്യാനായി നിലവിൽ ബുക്ക് ചെയ്തവർക്കോ, ജനുവരി 31ന് മുമ്പായി ബുക് ചെയ്യുന്നവർക്കോ നിരക്ക് വർധന ബാധകമാവില്ല.
എയർപോർട്ട് ഡെവലപ്മെന്റ് ഫീസ് 40 റിയാലിൽ നിന്ന് 60 റിയാലായി ഉയർത്തി. 24 മണിക്കൂറിനുള്ളിൽ ട്രാൻസിറ്റ് ചെയ്യുന്നവർ ഉൾപ്പെടെയുള്ള എല്ലാ യാത്രക്കാർക്കരുടെയു ചാർജിലാണ് വർധനവുണ്ടായത്.പാസഞ്ചർ ഫെസീലിറ്റീവ് ഫീസ് 35 റിയാലിൽ നിന്നും 60 റിയാലായി വർധിപ്പിച്ചു. 25 റിയാലാണ് ഈ വിഭാഗത്തിൽ വർധനവ്. 24 മണിക്കൂറിനുള്ളിൽ ട്രാൻസിറ്റ് ചെയ്യുന്ന യാത്രക്കാർക്കും ഇത് ബാധകമാണ്. ഇതിനു പുറമെ, സേഫ്റ്റി ആന്‍റ് സെക്യൂരിറ്റി ഫീസായി 10 റിയാലും പുതുതായി നിശ്ചയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.