ദോഹ: ഏഷ്യൻ കപ്പ് ഫൈനലിൽ ഖത്തറിന്റെ കിരീട നേട്ടത്തിനിടയിലും ആരാധകർക്കിടയിലെ സജീവ ചർച്ചയായിരുന്നു സൂപ്പർതാരം അക്രം അഫീഫിന്റെ ഗോൾ ആഘോഷം. ജോർഡനെതിരെ കളിയുടെ 22ാം മിനിറ്റിൽ ജോർഡൻ പ്രതിരോധ താരം അബ്ദുല്ല നാസിബിന്റെ ഫൗളിന് ലഭിച്ച പെനാൽറ്റി കിക്ക് ഗോളിലേക്ക് പായിച്ചതിനു പിറകെയായിരുന്നു അക്രം അഫീഫിന്റെ വേറിട്ട ഗോൾ ആഘോഷം. ഗോളടിച്ച് കൂട്ടുകാർക്കൊപ്പം ആഘോഷിക്കാനായി ഒടുന്നതിനിടെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു നിമിഷം നിന്ന അഫീഫ്, സോക്സിനിടയിൽ സൂക്ഷിച്ച കാർഡ് എടുത്ത് കാമറ കണ്ണുകൾക്കു നേരെ നീട്ടിയായിരുന്നു ആഘോഷത്തിന് തുടക്കം കുറിച്ചത്. ആദ്യം അഫീഫിന്റെ ചിത്രമുള്ള കാർഡ്, ഒന്നിളക്കിയപ്പോൾ തെളിഞ്ഞത് ഇംഗ്ലീഷിൽ ‘എസ്’ എന്ന അക്ഷരം. ഇടതുകൈ ചുണ്ടിലേക്ക് അടുപ്പിച്ച് ഇത് നിനക്കെന്ന് ആംഗ്യം കാണിച്ച് അഫീഫും കൂട്ടുകാരും ആഘോഷത്തിലേക്ക് പോയതിനു ശേഷം, സമൂഹ മാധ്യമങ്ങൾ തിരഞ്ഞത് ‘എസി’നു പിന്നിലെ രഹസ്യമെന്തെന്ന്.
ആരാധകർ പല ഊഹങ്ങളും പങ്കുവെച്ചെങ്കിലും മത്സരശേഷം, ടി.വി അഭിമുഖത്തിൽ താരം തന്നെ രഹസ്യം വെളിപ്പെടുത്തി. ഭാര്യയുടെ പേരിലെ ആദ്യ അക്ഷരമാണ് ‘എസ്’ എന്നായിരുന്നു അഫീഫിന്റെ പ്രതികരണം. തന്റെ കളികാണാൻ ആദ്യമായി സ്റ്റേഡിയത്തിലെത്തിയ അവൾക്കുള്ള സമർപ്പണമായിരുന്നു ഈ ഗോൾ എന്ന് അഫീഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.