അ​ൽ റ​യ്യാ​ൻ ബ​സ്​ ഡി​പ്പോ 

പരീക്ഷണ പ്രവർത്തനം തുടങ്ങി അൽ റയ്യാൻ ബസ് ഡിപ്പോ

ദോഹ: ഖത്തറിലെ പൊതു ഗതാഗത രംഗത്ത് നിർണായക ചുവടുവെപ്പാകുന്ന നാല് ബസ് ഡിപ്പോകളിൽ അൽ റയ്യാൻ ബസ് ഡിപ്പോ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിച്ചു. പെട്രോളിയം ഇന്ധനത്തിൽനിന്നും വൈദ്യുതോർജത്തിലേക്ക് രാജ്യത്തെ പൊതുഗതാഗത സംവിധാനത്തെ പരിവർത്തിപ്പിക്കുന്ന തന്ത്രപ്രധാന പദ്ധതിയുടെ ഭാഗമാണിത്.

പൂർണമായും സുരക്ഷിതവും സാമ്പത്തിക സുസ്ഥിരതയുള്ളതുമായ പൊതുഗതാഗത ശൃംഖലയെന്ന ഗതാഗത മന്ത്രാലയത്തിന്‍റെ പദ്ധതിക്ക് പിന്തുണ നൽകുന്നതാണ് പുതിയ പബ്ലിക് ബസ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാം. ഖത്തറിലെ നഗര മേഖലകളെയെല്ലാം ബന്ധിപ്പിക്കുന്നതും ദോഹ മെട്രോ, ലുസൈൽ ട്രാം എന്നിവയുമായി ബന്ധിപ്പിക്കുന്നതുമാണ് പുതിയ ബസ് ഡിപ്പോകളും അവക്ക് കീഴിലെ ബസ് സർവിസുകളും.

റയ്യാന് പുറമെ, ലുസൈൽ, അൽ വക്റ, ന്യൂ ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലാണ് മറ്റു ബസ് ഡിപ്പോകൾ. ഈ വർഷം മൂന്നാം പാദത്തിൽ ഇവ നിർമാണം പൂർത്തിയാക്കി പ്രവർത്തനമാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റയ്യാൻ ഡിപ്പോയുടെ പരീക്ഷ പ്രവർത്തനങ്ങളോടൊപ്പം ഇലക്ട്രിക് ബസുകളുടെ പരീക്ഷണ ഓട്ടവും ചാർജിങ് സംവിധാനവും പ്രവർത്തിപ്പിക്കും.

ഇലക്ട്രിക് ചാർജിങ് സിസ്റ്റത്തിന്‍റെ കണ്ടക്ട് സ്ട്രെസ് ടെസ്റ്റും നടത്തും.അൽ റയ്യാൻ ബസ് ഡിപ്പോയിൽ നിന്നുള്ള ബസുകൾ ഗറാഫ, വെസ്റ്റ് ബേ, ലുസൈൽ സിറ്റി, ദോഹയുടെ വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലായിരിക്കും സർവിസ് നടത്തുക.

വർക്കിങ് സോൺ, ലിവിങ് സോൺ എന്നീ പ്രധാന ഭാഗങ്ങളാണ് റയ്യാൻ ഡിപ്പോക്കുള്ളത്. വർക്കിങ് സോണിൽ 380 ബസ് പാർക്കിങ് സ്പോട്ടുകളും 190നടുത്ത് ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകളുമുണ്ടാകും. കൂടാതെ അറ്റകുറ്റപ്പണിക്കായുള്ള വർക് ഷോപ്പും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയും സർവിസ് ഗുണമേന്മയും ഉറപ്പുവരുത്തുന്നതിനും നിലനിർത്തുന്നതിനുമായി ദിനംപ്രതി ബസുകൾ സാങ്കേതിക പരിശോധനക്ക് വിധേയമാക്കുകയും ചെയ്യും.

ഡിപ്പോയിലെ ജീവനക്കാർക്കായി 28,280 ചതുരശ്രമീറ്റർ വിസ്തൃതിയിൽ റസിഡൻഷ്യൽ യൂനിറ്റുൾപ്പെടെയുള്ളതാണ് ലിവിങ് സോൺ. 1400 ജീവനക്കാർക്ക് താമസസൗകര്യം ഇവിടെ സജ്ജമാക്കും. കൂടാതെ ജീവനക്കാർക്കുള്ള എല്ലാ സൗകര്യങ്ങളും സേവനങ്ങളും ഈ സോണിലുണ്ടാകും.  

Tags:    
News Summary - Al Rayyan Bus Depot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.